പൂത്തിരി | എല്‍സ നീലിമ മാത്യു എഴുതിയ കവിത

Malayalam Poem
എല്‍സ നീലിമ മാത്യു എഴുതിയ കവിത Malayalam PoemAI Image
Edited by :Shiju
Last Updated :18 ഒക്ടോബർ 2025, 2:27 pm IST

ഒരേ പൂവിലെ

ഇതളുകള്‍ക്കിടയിലും

തിരിവുകളുണ്ട്.

പല നിറങ്ങള്‍.

പല ആകാരങ്ങള്‍.

ഒരേ പൂവിലെ

ഇതളുകള്‍ക്കിടയിലും

അതിരുകളുണ്ട്.

നേര്‍ത്തതെങ്കിലും

വ്യക്തം.

നനുത്തതെങ്കിലും

കൃത്യം.

പൂക്കള്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നു.

തനിലോകങ്ങളില്‍

അവ ഒന്നിച്ചിരിക്കുന്നു.

കയ്യും കാലും കണ്ണും

നെല്ലിട ഏറിപ്പോകാതെ,

തല്ലും പിടിയുമില്ലാതെ,

അതിരുകള്‍ മാനിച്ച്...

തിരിവുകള്‍ പുണര്‍ന്ന്...

പൂക്കള്‍ നിര്‍ത്താതെ

ചിരിച്ചുകൊണ്ടിരിക്കുന്നു.

ചിരിത്തിരികള്‍ പൂമ്പാറ്റകള്‍ക്ക്

ദാനം കൊടുക്കുന്നു.

പൂമ്പാറ്റകള്‍ പോകുംവഴിയെല്ലാം

പൂത്തിരികള്‍ കത്തുന്നു.

പൂക്കള്‍ ചിരിക്കാന്‍തുടങ്ങുന്നു.

News Now

Summary

Malayalam poem written by Elza Neelima Mathew

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates