പാട്ടിന്റെ ഓര്‍മ്മ - രാഹുല്‍ എഴുതിയ കവിത

Malayalam poem
രാഹുല്‍ എഴുതിയ കവിതAI Image
Edited by :Shiju
Last Updated :1 ജൂലൈ 2026, 4:30 pm IST

മധുരയിലെ

സൂര്യകാന്തി

പാടങ്ങള്‍ക്കിടയിലൂടെ

അലഞ്ഞു

നടക്കുന്നതിനിടയില്‍

കാവല്‍മാടത്തിലെവിടെയോ

പഴയ തമിഴ് പാട്ടുകള്‍

ഉച്ചത്തില്‍ പാടുന്ന

ഒരുവളെ

കേട്ടതോര്‍ക്കുന്നു

പാട്ടിന്റെ ഓര്‍മ്മയെ

അവിടെ വിട്ട്

വിളകള്‍

മാറി മാറി വരുന്ന

പാടങ്ങള്‍ കടന്ന്

അവസാനമില്ലാതെ

നീണ്ടുപോകുന്ന

തമിഴ് വെയിലിലേക്ക്

അവനവനെ

എടുത്തെറിഞ്ഞതോര്‍ക്കുന്നു

ഭാഷയുടെ

വളവുകള്‍ക്കപ്പുറം

ഇടവിട്ട് കേള്‍ക്കുന്ന

അമ്പല മണികള്‍ക്കിടയില്‍

പ്രാര്‍ത്ഥനയ്ക്കും

പ്രാക്കിനും

ഇടയിലെ

കടലോരങ്ങളില്‍

മരത്തണലുകളില്‍

അലഞ്ഞ്

കടും ചായക്കൂട്ടുകള്‍

കോരിയൊഴിച്ച

വഴിയോര മദ്യശാലയില്‍

തിരക്കിന്റെ

തിരശ്ശീല മൂടിയ

കാത്തിരുപ്പു കേന്ദ്രങ്ങളില്‍

കവിതയും

കഫവും

കൂടിക്കുഴഞ്ഞ

ഇടവഴിക്കുന്നില്‍

യാത്രയുടെ

അവസാന

മണിക്കൂറിലെവിടെയോ

കാലം

അടര്‍ന്നു തുടങ്ങിയ

നക്ഷത്രങ്ങള്‍

നീട്ടി യാത്ര

പറഞ്ഞത്

വാക്കിന്റെ

വളവുകള്‍ക്കപ്പുറം

നിറയെ

പൂക്കള്‍ നിറഞ്ഞ

വണ്ടിയില്‍

ഉറക്കത്തിന്റെ

ചുരമിറങ്ങിയത്...

News Now

Summary

Malayalam poem written by Rahul

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates