വായിക്കപ്പെടാതെ പോയ വാക്ക്

ജി ഹരികൃഷ്ണന്‍ കണ്ണമ്പള്ളി എഴുതിയ കവിത

Malayalam Poem
ജി ഹരികൃഷ്ണന്‍ കണ്ണമ്പള്ളി എഴുതിയ കവിതAI Image
Edited by :Shiju
Last Updated :16 ജൂൺ 2026, 12:23 pm IST

ആരും വായിച്ച് തീര്‍ക്കാത്ത ഒരു പുസ്തകമോ,

ആരും മുറിച്ച് കടക്കാത്ത ഒരു പുഴയോ ആകണമായിരുന്നു

ഓരോ തിരയിലും പുതിയ കഥകള്‍ ഒളിപ്പിച്ചു വെച്ച ഒരു കടലോ,

കടലില്‍ നിലയ്ക്കാത്ത സംഗീതം നിറഞ്ഞു പെയ്യുന്ന ഒരു മഴയോ ആകണമായിരുന്നു

ചിലരുടെ എങ്കിലും ചിരിയുടെ കാരണമോ

കരഞ്ഞു തീര്‍ത്ത മഴമേഘങ്ങളുടെ ഓര്‍മ്മയിലൊരു മഴവില്ലഴകോ ആകണമായിരുന്നു

നിന്റെ മുടിച്ചുരുള്‍ കണ്ട് വിടരാന്‍ കൊതിച്ചൊരു

മുല്ലമുട്ടോ..

ആ മണം പന്തലിട്ട നിന്റെ വീടിന്റെ മുറ്റമോ ആകണമായിരുന്നു

ഒരിക്കലും മറന്നു പോകാത്തൊരു മുഖമായി ആരുടെ എങ്കിലും ഓര്‍മ്മയില്‍ ജീവിക്കണമായിരുന്നു

പക്ഷെ..

ഹൃദയത്തിന്റെ ഭാഷയിലെഴുതിയിട്ടും

ആരും വായിച്ചെടുക്കാത്തൊരു വാക്കായി പിറന്നുപോയി..!.

നെടുവീര്‍പ്പുകളുടെ പൊടി പിടിച്ച്

ആരും തുറന്ന് നോക്കാത്തൊരു

കത്ത് പോലെ

നിശ്ശബ്ദതയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കേണ്ടി വരുന്നു..!

ചുറ്റും ഇരവും ഇരുട്ടും ചുമര് തീര്‍ക്കുമ്പോഴും

ഉള്ളിലെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ഞാന്‍ വെറുമൊരു ഞാനല്ല.

എഴുതാനൊന്നുമില്ലാതെ

നിങ്ങളുടെ സൗജന്യത്തില്‍

ഉറങ്ങി ഉണരുന്നൊരു

കേവലം കഥയില്ലായ്മയുടെ

പേരുമല്ല ഞാന്‍..

സ്വന്തം മുറിവുകളിലെ

മഷിയാല്‍

എഴുതപ്പെട്ട ഒരു കവിതയാണ്.

ജി ഹരികൃഷ്ണന്‍ കണ്ണമ്പള്ളി

ജി ഹരികൃഷ്ണന്‍ കണ്ണമ്പള്ളി

News Now

Summary

Malayalam poem written by G Harikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates