ഒരു ചിത്രശലഭത്തിന്റെയും പല്ലിയുടേയും അസ്തിത്വ പ്രതിസന്ധി

സഫീദ് ഇസ്മായില്‍ എഴുതിയ കവിത

Malayalam Poem
സഫീദ് ഇസ്മായില്‍ എഴുതിയ കവിതAI Image
Edited by :Shiju
Last Updated :11 ജൂൺ 2026, 2:26 pm IST

രാത്രി വൈകി

വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷം

അടുക്കളയോടു ചേര്‍ന്ന ചുമരില്‍

ട്യൂബ് ലൈറ്റ് മാത്രം ഉണര്‍ന്നുകിടന്നു.

അതിന്റെ വെളിച്ചത്തിലേക്ക്

ഒരു ചിത്രശലഭം

വീണ്ടും വീണ്ടും ചെന്നിടിച്ചു.

ചുമരിന്റെ മൂലയിലിരുന്ന പല്ലി

അതിനെ നോക്കുന്നുണ്ടായിരുന്നു.

ആ കാഴ്ച

ഇവര്‍ രണ്ടുപേരും

ഇതിനുമുമ്പ് പലതവണ ജീവിച്ചിട്ടുള്ളതുപോലെ.

''വെളിച്ചത്തിനുള്ളില്‍

എന്താണുള്ളത്?''

പല്ലി ചോദിച്ചു.

പറക്കുന്നതിനിടയില്‍

ചിത്രശലഭം കുറച്ചുനേരം ചിന്തിച്ചു.

''അറിയില്ല.

പക്ഷേ

അതിനടുത്തെത്തുമ്പോള്‍

ഞാന്‍ കുറച്ചുകൂടി

ഞാനാവുന്ന പോലെ തോന്നും.''

പല്ലി ഒന്നും പറഞ്ഞില്ല.

അതിന്റെ വയറ്

പതുക്കെ അനങ്ങുന്നുണ്ടായിരുന്നു.

താഴെ

ചാര്‍ജിംഗിലിട്ട ഫോണില്‍

ഒരു നോട്ടിഫിക്കേഷന്‍ തെളിഞ്ഞു:

''How to find purpose in life?'

മുറിയില്‍ ഭാഷയറിയാത്ത

രണ്ടു പേര്‍.

ചിത്രശലഭം വീണ്ടും

വെളിച്ചത്തിലേക്ക് പറന്നു.

പല്ലി

അതിന്റെ നിഴല്‍ മാത്രം പിന്തുടര്‍ന്നു.

അല്‍പ്പസമയം കഴിഞ്ഞ്

ഒരു ചെറിയ ശബ്ദം.

ചിറകുപൊടികള്‍

ട്യൂബ് ലൈറ്റിന്റെ താഴെ

ചാരമായി വീണുകിടന്നു.

പല്ലി പതുക്കെ അടുത്തെത്തി.

പക്ഷേ,

അതിനെ തിന്നുന്നതിന് മുമ്പ്

ഒരുനിമിഷം നിശ്ചലമായി നിന്നു.

ജീവിതത്തില്‍ ആദ്യമായി

അതിന് തോന്നി,

ചില ജീവികള്‍

ഭക്ഷണമാകുന്നതിന് മുമ്പ്

ഒരു ആശയമായി മാറിപ്പോകുന്നുണ്ടെന്ന്.

സഫീദ് ഇസ്മായില്‍

സഫീദ് ഇസ്മായില്‍

News Now

Summary

Malayalam poem written by Safeed Ismail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates