
Archives|'കഥയില്ലെങ്കില്‍ സിനിമ ചുള്ളിക്കൊമ്പില് ചുറ്റിയ പട്ടുസാരി പോലെ'
1998 ആഗസ്റ്റ് 7 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

സാധാരണക്കാരന്റെ ചലച്ചിത്രകാരന് എന്ന തലക്കെട്ടില്‍ 1998 ആഗസ്റ്റ് 7 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ശ്രീനിവാസന് അഭിമുഖം
സിനിമ ഒരു പ്രധാന ആകര്‍ഷണമായത് എങ്ങനെയാണ്?
ആദ്യകാഴ്ചയിലെ പ്രണയം എന്നൊക്കെ പറയാറില്ലേ? അതുതന്നെ കഥ. എന്തോ, കണ്ടനാള്‍ തൊട്ടുള്ള താല്പര്യമായിരുന്നു. സത്യന് സാറായിരുന്നു അന്നത്തെ ആരാധനാമൂര്‍ത്തി. പിന്നീട് അദ്ദേഹം ശക്തമായ സ്വാധീനമായി. അതോടെ സിനിമയുടെ ഉള്ളുകള്ളികളറിയാനുള്ള ജിജ്ഞാസ മൂത്ത് മദ്രാസിലെത്തി. ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ രണ്ടുകൊല്ലത്തെ അഭിനയകോഴ്സ് പൂര്‍ത്തിയാക്കി ഒന്നാമനുമായി. അതിനുമുന്പേ നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമയിലെ അഭിനയം തികച്ചും വ്യത്യസ്തമാണെന്ന് പിന്നീട് മനസ്സിലായി. എങ്കിലും അഭിനയം കരിയറാക്കണമെന്ന് അന്നൊട്ടും കരുതിയതല്ല. ബക്കറിന്റെ ക്ഷണം സ്വീകരിച്ച് 'മണിമുഴക്കം' എന്ന സിനിമയിലഭിനയിച്ചതോടെ ജീവിതഗതി മാറുകയായിരുന്നു.
ഉള്ളിലൊരു സംവിധായകനും രചയിതാവും നടനുമുണ്ടല്ലോ. ആര്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്?
നടനുതന്നെ. തുടങ്ങിയത് അങ്ങനെയല്ലേ. പക്ഷേ, രചനയും സംവിധാനവും ഒപ്പം നിലനിര്‍ത്തണമെന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലേ, നന്നായഭിനയിക്കാന്‍ പറ്റൂ. കിട്ടാതെ വരുമ്പോള്‍ സ്വയം എഴുതി കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെങ്കിലും ചെയ്യാമല്ലോ.

Sreenivasan, Sathyan Anthikad - ഫെയ്സ്ബുക്ക്
സ്വന്തം സിനിമകളുടെ നല്ല കാഴ്ചക്കാരനും വിധികര്ത്താവുമാണോ?
ഒരിക്കലുമല്ല. അങ്ങനെയാവാനും സാധിക്കാറില്ല. കാരണം, അവനവനെഴുതുന്ന കഥയുടെ ആവിഷ്കാരമാവുമ്പോള്‍ വ്യക്തവും നിഷ്പക്ഷവുമായ ഒരു വിധിനിര്‍ണ്ണയം സാദ്ധ്യമല്ലാതെ വരും. വികാരപൂര്‍വമായ ഒരു സമീപനം ഇടയില്‍ കടന്നുവരാം. സിനിമ എടുത്ത് തീരാറാവുമ്പോഴേയ്ക്കുതന്നെ ചിന്താക്കുഴപ്പം തുടങ്ങിയിരിക്കും. ശരിയായോ, ഇങ്ങനെത്തന്നെ ആയിരുന്നുവോ ഉദ്ദേശിച്ചത് എന്നു തുടങ്ങി പല സംശയങ്ങളും. നാടോടിക്കാറ്റിന്റെ കാലം ഞാനിപ്പോഴും ഓര്‍ക്കുന്നു. ഒടുവിലൊടുവിലായപ്പോഴും റിലീസ് ചെയ്തപ്പോള്‍ പോലും വല്ലാത്തൊരു മനോവിഷമമായിരുന്നു. അന്നൊക്കെ സത്യന് (അന്തിക്കാട്) സമാധാനിപ്പിക്കുമായിരുന്നു. കണ്ട്, കണ്ട്, മനസ്സിലിരുന്ന് പഴകിപ്പോയതുകൊണ്ടാണിങ്ങനെയെന്ന്. അത് ശരിയാണെന്നും സിനിമ തരക്കേടില്ലെന്നും പിന്നീട് തോന്നിയത് പ്രേക്ഷകരുടെ പ്രതികരണമറിഞ്ഞ ശേഷമായിരുന്നു. പ്രേക്ഷകരുടെ നിരൂപണത്തെ സ്വന്തം നിരൂപണത്തേക്കാള്‍ വിലമതിക്കാറാണ് പതിവ്. അതല്ലെങ്കില്‍ ആദ്യത്തെയൊരു ചിന്ത. ഒരിഷ്ടാനിഷ്ടം അതില്‍ പിടിച്ചുനില്‍ക്കാനും ശ്രമിക്കും.
മറ്റു സംവിധായകരുടെ സിനിമകളിലഭിനയിക്കുന്നതിനിടയില്, ഉള്ളിലെ സംവിധായകന് പ്രതിഷേധിച്ച അല്ലെങ്കില്‍ പരാതിപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ?
വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള വേദിയല്ലല്ലോ സിനിമാരംഗം. സിനിമയെന്നത് കൂട്ടായ്മയുടെ കാര്യമാണ്. ഒരുമിച്ച് ജോലി ചെയ്യാമെന്ന ഉറപ്പുതോന്നിക്കുന്നവരുടെ കൂടെ മാത്രമേ സാധാരണ പ്രവര്‍ത്തിക്കാറുള്ളു. പിന്നെ ചില സംവിധായകരുണ്ട്. നല്ലതേത്, ചീത്തയേത് എന്നുപറഞ്ഞുതരാനാവാതെ കുഴങ്ങുന്നവര്‍. ആ വക സന്ദര്‍ഭങ്ങളില്‍ വരികള്‍ തന്നെ മാറ്റിയെഴുതിക്കൊടുത്ത സംഭവങ്ങളുണ്ടായിട്ടുമുണ്ട്. നടന്റെയും സംവിധായകന്റെയും ലക്ഷ്യം പടം നന്നാക്കുക എന്നതാവുമ്പോള്‍ അന്യോന്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമല്ലേയുള്ളു.
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്റെ നല്ല സിനിമ. ഒരാളുടെ നല്ല സിനിമ മറ്റൊരാളുടെ നല്ല സിനിമയായിക്കൊള്ളണമെന്നില്ല
സിനിമയില്‍ കഥ അത്ര പ്രസക്തമല്ല. മികച്ച സാങ്കേതികവിദ്യകള്‍കൊണ്ട് ഭംഗിയാക്കാവുന്നതേയുള്ളു ഏതു പൊട്ടക്കഥയും എന്ന വാദത്തോട് യോജിപ്പുണ്ടോ?
ഇല്ല. ഞാനൊരു സാങ്കേതിക വിദഗ്ദ്ധനല്ല. എങ്കിലും ഒന്നറിയാം. കഥയാണ് സിനിമയുടെ ആത്മാവ്. അതില്ലെങ്കില്‍ ഏതു വിദ്യയായാലും ചുള്ളിക്കൊമ്പില് ചുറ്റിയ പട്ടുസാരി പോലെയാവും. മറ്റേതൊക്കെ പാളിച്ചകളുണ്ടെങ്കിലും നല്ല കഥയാണെങ്കില്‍ കഷ്ടിച്ചൊരു ശരാശരി സിനിമയെങ്കിലും തട്ടിക്കൂട്ടാം.
നല്ല സിനിമ എന്നാലെന്തെന്ന് വിശദീകരിക്കാമോ?
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്റെ നല്ല സിനിമ. ഒരാളുടെ നല്ല സിനിമ മറ്റൊരാളുടെ നല്ല സിനിമയായിക്കൊള്ളണമെന്നില്ല. നല്ലതും ചീത്തയും ഓരോരുത്തരുടെയും ആസ്വാദന നിലവാരത്തിന്റെ പ്രശ്നമാണ്. എന്റെ വായന, പരിചയക്കാര്, ചുറ്റുപാട്, കേട്ടറിവ് ഇങ്ങനെ പല ഘടകങ്ങളാല്‍ വളര്‍ത്തിയെടുക്കപ്പെട്ടതാണ് എന്നിലെ ആസ്വാദകന്. അതുപോലെ മറ്റുള്ളവരുടെ കാര്യവും. എന്നാല്‍, അതിലുമുണ്ടൊരു പൊതുതത്വം. എല്ലാവരെയും വിശദീകരിക്കുന്ന, എല്ലാവര്ക്കും സ്വീകാര്യമാകുന്ന, എല്ലാ ആസ്വാദകഘടങ്ങളേയും ഏകോപിപ്പിച്ച് സന്തോഷിപ്പിക്കുന്ന, ഏതോ ഒരു സൂത്രം. അതൊരു നല്ല സിനിമയിലുണ്ടായിരിക്കും. തീര്‍ച്ച.
പ്രേക്ഷകരുടെ മുന്നില്‍ ഇട്ടുകൊടുക്കുന്ന ഒരു പ്രശ്നാവലി പോലെയാണ് ഒരുകണക്കില് സിനിമ. പ്രശ്നത്തിന്റെ കുരുക്കഴിയുന്നതിനനുസരിച്ച്, പുതിയ പുതിയ തടസ്സങ്ങള്‍ വന്നുവീഴുന്നു. അതിനനുസരിച്ച് കണ്ണും കാതും ബുദ്ധിയും ബദ്ധശ്രദ്ധമാക്കി പ്രേക്ഷകന് അതില്‍ മുഴുകിയിരിക്കണം. 'ഇനിയെന്ത്' എന്ന ജിജ്ഞാസയോടെ മനസ്സ് പൂര്‍ണ്ണമായും അതിലുണ്ടാവണം. ഒടുവില്‍ എല്ലാം പരിഹരിച്ചുകഴിഞ്ഞ, സംതൃപ്തിയോടെ, രസകരമായൊരനുഭവത്തിന് പങ്കാളിയായ സന്തോഷത്തോടെ പ്രേക്ഷകര്‍ തിയേറ്റര്‍ വിടണം. ഒരു സിനിമ നല്ലതെന്ന് അംഗീകരിക്കപ്പെട്ടതിന്റെ ലക്ഷണമാണത്.
അതില്‍ സംവിധായകന്റെ പങ്കെന്തായിരിക്കും?
നേരത്തെ പറഞ്ഞ സൂത്രം. അതിന്റെ മനശ്ശാസ്ത്രം തികച്ചുമറിഞ്ഞിരിക്കേണ്ടത് സംവിധായകന്റെ കടമ. അവിടെയാണ് സംവിധായകന്റെ മിടുക്ക്. ഓരോ പ്രമേയത്തിനനുസരിച്ചും പ്രയോഗിക്കേണ്ടത് ഏതുതരം സൂത്രം എപ്പോള്‍, എന്നൊക്കെയുള്ള മനശ്ശാസ്ത്രം കൈയിലുണ്ടോ. അയാള്‍ ജയിച്ചു. ഒപ്പം നിര്‍മ്മാതാവും അഭിനേതാക്കളും.
ശ്രീനിവാസന്റെ വിജയരഹസ്യവുമതാണോ?
എന്തോ! എന്റെ സൂത്രം എന്റെ ട്രേഡ് സീക്രറ്റ്.

Sreenivasan, philomina and shyama - സമകാലിക മലയാളം വാരിക
മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച്, ഹാസ്യം, രാഷ്ട്രീയം, കുടുംബം എന്നിങ്ങനെ മാറിവരുന്ന 'ട്രെന്‍ഡു'കളെക്കുറിച്ച് എന്തു പറയുന്നു?
അപൂര്‍വ്വമായി മാത്രം നല്ല സിനിമകള്‍ വരുന്ന ഒരവസ്ഥ. അതാണിന്നത്തെ സ്ഥിതി. എഴുപത്തിയഞ്ചു ശതമാനവും ചവറാണ്. തൊഴിലില്ലാതെ വരുമ്പോള്‍ സംവിധായകര്‍, നിര്‍മ്മാതാക്കളെ ചാക്കിട്ടുപിടിച്ച് പടച്ചുണ്ടാക്കുന്നവ. സിനിമയല്ല. പ്രേക്ഷകരാണ് ഇവിടെ ഓടുന്നത്. പിന്നെ ട്രെന്‍ഡുകള്‍ അങ്ങനെ ഒന്നുണ്ടോ? എന്തോ, ഞാനതില്‍ വിശ്വസിക്കുന്നില്ല. ഹാസ്യത്തിന്റെ ലേബലൊട്ടിച്ചതുകൊണ്ട് ഹാസ്യമാവില്ല. അങ്ങനത്തെ നൂറെണ്ണം വന്നാലും അത് ഹാസ്യത്തിന്റെ ട്രെന്ഡാണെന്നെങ്ങിനെ പറയും? രാഷ്ട്രീയത്തിന്റെ കാര്യവും അതുതന്നെ. കുടുംബകഥ ഏതിന്റേയും അടിസ്ഥാനവുമാണ്. പിന്നെ 'ട്രെന്‍ഡു'കളെന്ന പേരില്‍ സിനിമകള്‍ വേര്‍തിരിച്ചു കാണുന്നതെങ്ങിനെയെന്നു മനസ്സിലാവുന്നില്ല.
മലയാള സിനിമാരംഗത്തെ മാറ്റങ്ങളെക്കുറിച്ച്...?
മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. അനിവാര്യവും. പണ്ട് നീലക്കുയില്‍ ഹിറ്റായി. ഇന്നതു കണ്ടാല്‍ ഒരു ശരാശരി നാടകം പോലെ തോന്നിപ്പോവും. അക്കാലത്ത് സിനിമ തന്നെ പുതുമ. നീലക്കുയിലുമൊരു പുതുമ. ഇന്ന് കഥ പറയുന്ന രീതിക്കും സിനിമ എടുക്കുന്ന രീതിക്കും വ്യത്യാസങ്ങളുണ്ട്. വേഗതയാണിന്നത്തെ സ്വഭാവവിശേഷം. പ്രേക്ഷകനറിയാം എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന്. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകഴിഞ്ഞാല്‍, ഉടനെ 'അടുത്തതെന്ത്?' എന്ന ചോദ്യമാണ്. ഒക്കെ ശരീന്ന്. ഇനി ബാക്കി പറയൂ എന്നുള്ള അക്ഷമയാണവനെപ്പോഴും. ആ ഒരു ആകാംക്ഷയുടെ ഗതി മലയാള സിനിമയിലുമുണ്ട്. അതിനനുസരിച്ചുള്ള കഥാകഥനരീതി ഇവിടെയും വന്നെത്തിക്കഴിഞ്ഞു.
നമ്മുടെ സിനിമകളുടെ പ്രത്യേകതയെന്താണെന്നാണ് അഭിപ്രായം?
പ്രമേയത്തിന്റെ പ്രത്യേകത തന്നെ. നല്ല കഥകള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. അത് ആവശ്യമാണ്. നിലനില്പിന്റെ പ്രശ്നവുമാണ്. കാരണം, നമുക്ക് കാശേറെ മുടക്കാനില്ല. അന്യഭാഷാ ചിത്രങ്ങളിലെന്നപോലെ വിലപിടിച്ച സെറ്റുകളോ ഗ്ലാമര്‍ രംഗങ്ങളോ അതുകൊണ്ട് സാധിച്ചെന്നും വരില്ല. ലളിതമായി പറഞ്ഞ് ജയിക്കാന്‍ നല്ല കഥ തന്നെ വേണം. അതാണ് നമ്മുടെ ശക്തിയെന്നു തോന്നുന്നു.
നൂറുശതമാനവും പ്രേക്ഷകര്‍ക്കുള്ള ഒരു കലാരൂപമാണ് സിനിമ. അവനവന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതാം. കവിതയെഴുതാം. സ്വന്തമായി വായിച്ചുരസിക്കാം. എന്നാല്‍, സിനിമയുടെ കഥയതല്ല
കലയും കച്ചവടവും ഒന്നിച്ചുകൊണ്ടുപോവാന്‍ പ്രയാസമാണെന്നു തോന്നിയിട്ടുണ്ടോ?
എന്താണ് കച്ചവടം? മാര്‍ക്കറ്റാണ് അതെങ്കില്‍ അതിന് ആളുകളിഷ്ടപ്പെടുക തന്നെ വേണം. അവര്‍ക്കിഷ്ടപ്പെടാത്തത് കലാമൂല്യമുള്ളതാണെന്നു പറയാമോ? അവര്‍ക്ക് മനസ്സിലാക്കാവുന്നതും ആസ്വദിക്കാവുന്നതുമാണെങ്കില് മാര്‍ക്കറ്റില്ലാതെ വരില്ല. നൂറുശതമാനവും പ്രേക്ഷകര്‍ക്കുള്ള ഒരു കലാരൂപമാണ് സിനിമ. അവനവന്റെ സംതൃപ്തിക്കുവേണ്ടി കഥയെഴുതാം. കവിതയെഴുതാം. സ്വന്തമായി വായിച്ചുരസിക്കാം. എന്നാല്‍, സിനിമയുടെ കഥയതല്ല.
ഫെസ്റ്റിവലുകള്‍ക്ക് അയയ്ക്കപ്പെടുന്ന പല ആര്‍ട്ട് ഫിലിമുകള്‍ക്കും പ്രേക്ഷകര്‍ കുറയാറുണ്ടെന്നു വച്ച് അത് നല്ലതല്ലെന്ന് പറയാനാകുമോ? ഫെസ്റ്റിവലിന് തിരഞ്ഞെടുക്കപ്പെട്ടെന്നും വച്ച്, അത് നല്ലതല്ലെന്ന് പറയാനാകുമോ?
ഫെസ്റ്റിവലിന് തിരഞ്ഞെടുക്കപ്പെട്ടെന്നും വച്ച്, അത് ഉത്തമകലാരൂപമാണെന്ന് എനിക്കഭിപ്രായമില്ല. മൈനസ് പാട്ട്, മൈനസ് നൃത്തം, മൈനസ് സ്റ്റണ്ട്, മൈനസ് വികാരങ്ങള്‍ സമം ആര്‍ട്ട് ഫിലിം എന്ന സമവാക്യത്തിനനുസരിച്ചും ചിലര്‍ സിനിമയെടുക്കുന്നുണ്ട്. വെറുതെ ആര്‍ട്ട് ഫിലിമിന്റെ പേരില്‍ തട്ടിക്കൂട്ടിയതെല്ലാം കലാമൂല്യമുള്ളതാണെന്ന് എനിക്ക് സമ്മതിക്കാനാവില്ല.
അവാര്ഡുകളെപ്പറ്റി?
പ്രാപ്തിയും വിവരവും അര്‍ഹതയുമുള്ള ജൂറിമാരടങ്ങുന്ന കമ്മിറ്റിയാണെങ്കില്‍ അവാര്‍ഡുകള്‍ എത്രയും സ്വാഗതം. സന്തോഷം. അതല്ല. അറിവില്ലാത്ത വിധികര്‍ത്താക്കളാണെങ്കില്‍ കിട്ടിയില്ലെങ്കിലും ഖേദമില്ല.
ശ്രീനിവാസനും കിട്ടിയിട്ടുണ്ടല്ലോ അവാര്‍ഡുകള്‍. എന്നെങ്കിലും അതൊരു ഭാരമായി തോന്നിയിട്ടുണ്ടോ? പിന്നീടെടുക്കുന്ന സിനിമകള്‍ നന്നാക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ശാസന പോലെ?
ചെയ്തതിനേക്കാള്‍ നന്നായി, അടുത്തത് ചെയ്യണം എന്നത് അവാര്‍ഡ് കിട്ടിയ കലാകാരനും അതല്ലാത്തയാള്ക്കും എപ്പോഴുമുള്ള ആഗ്രഹമായിരിക്കും. ഞാനും വ്യത്യസ്തനല്ല. എന്റെ യത്നങ്ങളും അതിനാണ്. ഒന്നിലെ കുറവുകള്‍ അടുത്തതില്‍ തീര്‍ക്കുക എന്നാണ് എപ്പോഴും ഉദ്ദേശ്യം. അത് ചിലപ്പോള്‍ ഫലിച്ചില്ലെന്നും വരും. അത് വേറെ കാര്യം. എന്നാല്‍, അവാര്ഡുകള്കൊണ്ടുള്ള പ്രയോജനം, അത് ശ്രദ്ധിക്കപ്പെടാന്‍ സഹായിക്കുന്നു എന്നുള്ളതാണ്. ഓരോ തവണയും അവനവനേയും അവനവന്റെ കഴിവുകളേയും കാഴ്ചക്കാരന്റെ മുന്പില് പ്രദര്‍ശിപ്പിക്കുമ്പോള്‍, ഇത് ഇന്നാളുടേതാണ് കണ്ടേക്കാം എന്ന തിരിച്ചറിവോടെ കൂടുതല്‍ ജനങ്ങള്‍ എത്തിയേക്കാം. അതൊരു സുഖമാണ്.

Sreenivasan - ANI
ശ്രീനിവാസനെന്ന മനുഷ്യനുമായി താദാത്മ്യമുള്ള, സ്വയം പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ?
പൂര്‍ണ്ണമായും ഞാനായ ഒന്നുമില്ല. പക്ഷേ, പലരിലായി എന്റെ സ്വഭാവങ്ങള്‍ കാണാം. സ്വന്തം അനുഭവങ്ങള്‍ അവരുടേതായും.
മിക്ക കഥാപാത്രങ്ങളിലും ഒരപകര്ഷതാബോധത്തിന്റെ നിഴലുണ്ടല്ലോ? ബോധപൂര്‍വ്വമാണോ അതു നിലനിര്‍ത്തുന്നത്?
സ്വയം പരിഹസിച്ചു ചിരിക്കുന്ന സ്വഭാവം എനിക്ക് പണ്ടേയുണ്ട്. അത് ബോധപൂര്‍വ്വം വളര്‍ത്തി സിനിമയിലുപയോഗിക്കുന്നു എന്നുമാത്രം. സ്വന്തം കഴിവുകേടുകളെക്കുറിച്ചുള്ള പരിഹാസവും നിന്ദയും കലര്‍ന്നുള്ള പ്രകടനം മറ്റുള്ളവര്‍ ഏറെ രസിക്കുന്നു. ആസ്വദിക്കുന്നു എന്നുള്ളത് എന്റെ അറിവാണ്, അനുഭവവും.
സ്ഥിരമായ അത്തരം സൃഷ്ടികളെ സ്വയം അവതരിപ്പിക്കുക കൂടിയാവുമ്പോള്‍ സ്ക്രീനില്‍ കഥാപാത്രത്തിനു പകരം ശ്രീനിവാസനാകുന്ന നില വരില്ലേ?
കഴിയുന്നത്ര ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കണം.
ഹാസ്യത്തോട് ഇത്രയം ആഭിമുഖ്യം തോന്നാനെന്തെങ്കിലും കാരണം...?
അതിനോടെന്തിന് എതിര്‍പ്പു തോന്നണം. ആര്‍ക്കാണ് ചിരിക്കാനിഷ്ടമില്ലാത്തത്. എന്നെ സംബന്ധിച്ചിടത്തോളം തീയതി വച്ച്, സമയംവച്ച് ചിരിക്കുന്ന സ്വഭാവമേയില്ല. എന്തും ഒരു കുസൃതിക്കണ്ണോടെ കാണുക. എന്നെത്തന്നെയാവും. ചിരിക്കുക. രസിപ്പിക്കുക അത്രയേ ഉള്ളൂ.
ചിന്തിപ്പിക്കുക എന്നുള്ള വശം, ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നുണ്ടോ?
ചിന്ത ചിരിയിലൂടെ താനേ വന്നുകൊള്ളും. ചിന്തിപ്പിച്ചേ അടങ്ങൂ എന്ന വാശിയൊന്നും എനിക്കില്ല. രണ്ടര മൂന്നു മണിക്കൂറിനുള്ളില്‍ ജിജ്ഞാസയുടെ പല തലങ്ങളിലേയ്ക്കുയര്ത്തി, കൃത്രിമമായ റിയലിസത്തില്‍ അവരെ കുടുക്കി രസിപ്പിക്കുക. അതില്‍ കൂടുതല്‍ ഒരു വശവും എന്റെ പദ്ധതിയിലില്ല.
സന്ദേശത്തിനുള്ള മാധ്യമമായി സിനിമയെ കാണാമോ?
വയ്യ. എനിക്ക് ഏതായാലും വയ്യ. ഞാനൊരു മതപ്രചാരകനോ രാഷ്ട്രീയക്കാരനോ അല്ല. എന്റെ വഴി വേറെ.
'ചിന്താവിഷ്ടയായ ശ്യാമള' പക്ഷേ, ചില സന്ദേശങ്ങള്‍ വെളിവാക്കുന്നുണ്ടല്ലോ?
അത് ബോധപൂര്‍വ്വമല്ല. വിചാരിക്കാതെ വല്ലതും വീണുകിട്ടിയിട്ടുണ്ടെങ്കില്, നന്ന്.

Sreenivasan - സമകാലിക മലയാളം വാരിക
എങ്ങനെയായിരുന്നു ശ്യാമളയെന്ന കഥാപാത്രത്തിന്റെ പിറവി?
'മഴയെത്തും മുന്‍പെ' എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത്. പാലക്കാട്ട് വച്ച്. എങ്ങനെയോ ഞാനറിയാതെ ഒരു കഥാബീജം മനസ്സില്‍ കയറിക്കൂടി. ഒരു സംശയം, വല്ലാത്തൊരു ചിന്ത, അതായിരുന്നു അത്. സാധാരണ, സ്ത്രീകള്‍ ഏതുതരക്കാരായ ഭര്ത്താക്കന്മാരെയാവും ഇഷ്ടപ്പെടുക? ഒരുപക്ഷേ, സല്‍സ്വഭാവിയായ, നൂറുശതമാനം പെര്‍ഫെക്ടായ ഭര്ത്താവിനെയാകുമോ? സമയത്തിനെണീറ്റ് വീട്ടുകാര്യങ്ങള്‍ നോക്കി ആഫീസില്‍ പോയി, മടങ്ങിവന്ന് കുഞ്ഞുങ്ങളുടെ പഠിപ്പന്വേഷിച്ച്, നേരംതെറ്റാതെ ഉണ്ടുറങ്ങി, ഒന്നാം തീയതി മുഴുവന്‍ ശമ്പളവും ഭാര്യയെ ഏല്പിക്കുന്ന ഒരു കുറ്റമറ്റ ഭര്‍ത്താവ്! ഒരുപക്ഷേ, അതവള്ക്കിഷ്ടപ്പെട്ടേയ്ക്കില്ല. എന്റെ ഒരു തോന്നലായിരുന്നു അത്. ശാസിക്കാനും അല്പസ്വല്പം കുറ്റങ്ങള്‍ കണ്ടെത്താനും സാദ്ധ്യതയുള്ള ഒരല്പം കുസൃതിക്കാരനും വാശിക്കാരനും തമാശക്കാരനുമായ ഭര്‍ത്താവ്. അതാവും അവള്‍ക്കു വേണ്ടിവരിക. ഭര്‍ത്താവിനെ നന്നാക്കാന്‍ വന്നെത്തിയ ഒരു ഭാര്യ. അങ്ങനത്തെ ഒരു റോളാവും അവള്‍ക്കിഷ്ടപ്പെടുക. ഈ വക ചിന്തകളുമായി രണ്ടു വര്‍ഷങ്ങളോളം കഴിഞ്ഞു. ചിന്തകള്‍ക്ക് പല രൂപഭേദങ്ങളുമായി. ഒടുവില്‍ ഈ രൂപത്തില്‍ പിറന്നുവീഴുകയും ചെയ്തു.
പക്ഷേ, അത്തരമൊരു ഭാര്യയുടെ കഥയായില്ലല്ലോ അത്?
കഥ ഒരു ഘട്ടം വരെ മാത്രമേ, ഞാന്‍ പിടിച്ചിടത്തു നിന്നുള്ളു. പിന്നീട്, അതെന്നെ, കൊണ്ടുപോവുകയായിരുന്നു. ഇതാണ് ശരി, ഇതിലെ വേണം പോകാനെന്നും പറഞ്ഞ്. പുതിയൊരു റൂട്ടിലൂടെയാണ് യാത്ര എന്നറിയാമായിരുന്നു. എത്തിയതും മറ്റൊരു ദിക്കിലായിരുന്നു. കാണികള്ക്കിഷ്ടപ്പെട്ടു എന്ന അറിവ്, ഏറെ സന്തോഷിപ്പിച്ചു.
നൂറു ശതമാനം അത് റിയലിസ്റ്റിക്കായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?
അതില്ല. നൂറുശതമാനം റിയലിസ്റ്റാക്കായി ഒരു സിനിമയും എടുക്കാനാവില്ല. ജീവിതത്തില്‍ ഏറ്റവും അടുത്ത പതിപ്പ്. അത്രയേ അവയ്ക്കു നിത്യജീവിതത്തില്‍, ദിനകൃത്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന ഒന്നോ രണ്ടോ രസബിന്ദുക്കള് പോരല്ലോ മൂന്നുമണിക്കൂര്‍ രസിപ്പിക്കാന്‍. നേരെമറിച്ച്, സംഭാവ്യമെന്നു തോന്നാവുന്ന അനേകം രസബിന്ദുക്കള് കൃത്രിമമായി സൃഷ്ടിച്ച് അടുക്കോടെ കാണിക്കേണ്ടിയിരിക്കുന്നു. ഏതായാലും അതിത്രയധികം സ്വീകാര്യമായിരിക്കും എന്നു പ്രതീക്ഷിച്ചതല്ല. ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടുമെന്നും.
എന്നും പുതുമകള്‍ തേടിയാണോ യാത്ര?
അതെ. ഒന്നു തീരുന്നതോടെ മറ്റൊരു പുതുമയ്ക്കായുള്ള യാത്ര.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Archive: Good story is an integral part of cinema; without story, film is nothing, says actor and director Sreenivasan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഓര്‍മകള്‍ പൂര്‍ണമായി മറഞ്ഞുപോയ സമയത്തും അമ്മ ഓര്‍ത്തുവച്ച പേരായിരുന്നു മമ്മൂട്ടി: മായ മേനോന്


'നല്ല കഥ മാത്രമല്ല, നല്ല തിരക്കഥയും ഇവിടെ ഉണ്ടാകുന്നില്ല; കോപ്പിയടിക്കാണ് മാര്‍ക്കറ്റ്'
