
Archives|ഒരു പേരുപോലുമില്ലാതെ ആ പൂച്ചക്കുഞ്ഞ് അപ്രത്യക്ഷമായി, ഹൃദയത്തില്‍ തൊടും ഈ കുറിപ്പ്
ടിഎന്‍ ഗോപകുമാര്‍ എഴുതിയ കുറിപ്പ്

1997 ഒക്ടോബര്‍ 10 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
ഗായത്രിയുടെ പൂച്ചകളും ഒരു കുഞ്ഞാമയും
പെറ്റ് ഷോപ്പുടമ റെജിയെ ഞാന്‍ യാദൃച്ഛികമായി പരിചയപ്പെട്ടതാണ്. ഏറെ സുഹൃത്തുക്കള്‍ക്കിടയില്‍ എന്റെ ഏക മിത്രമായ രാഘവന്റെ 'നര്‍മ്മദ' കോംപ്ലക്സിലാണ് റെജിയുടെ പെറ്റ് ഷോപ്പ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തുഷ്ടനായി. റെജി പറഞ്ഞു: പക്ഷി മൃഗാദികളെ കൂട്ടിലിട്ടും കെട്ടിയിട്ടും ടാങ്കിലിട്ടും വളര്‍ത്തുന്ന മനുഷ്യസ്വഭാവങ്ങളെക്കുറിച്ച് 'ഏഷ്യാനെറ്റി'ല്‍ നടന്ന ഒരു ചര്‍ച്ചയില്‍ തന്റെ പെറ്റുകളോടൊപ്പം താന്‍ നിലപാട് തെളിയിച്ചുവെന്ന്. 'ആ കാസറ്റ് കിട്ടാന്‍ വഴിയുണ്ടോ? അമേരിക്കയിലുള്ള സഹോദരന് അവധിക്ക് നാട്ടില്‍ വന്നതാണ്, ഒന്ന് കാണിച്ചാല്‍ കൊള്ളാമായിരുന്നു.' 'ഏഷ്യാനെറ്റി'ലെ ലൈബ്രേറിയന്‍ രാജലക്ഷ്മിയോട് തിരക്കുകള്‍ക്കിടയില്‍ ഞാനൊരു അഭ്യര്‍ത്ഥന നടത്തി. അതു നടന്നു. നാലു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു സാഹചര്യത്തില്‍ ഞാന്‍ എന്റെ രണ്ടാമത്തെ മകള്‍ കാവേരിയുമായി റെജിയെ വീണ്ടും കണ്ടുമുട്ടി. ചേച്ചി ഗായത്രിയെപ്പോലെ അധികം സംസാരിക്കാത്തവളാണ് കാവേരി. റെജിയും ഞാനും പക്ഷി മൃഗങ്ങളുടെ സ്വാഭാവങ്ങളില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ച അവള് നിശ്ശബ്ദയായി കേട്ടിരുന്നു. 'I will give you a turtle.' റെജി കാവേരിയോട് പറഞ്ഞു. അവള് മറുപടി പറയാതെ എന്നെ നോക്കി. ഉടനെ തന്നെ പക്ഷിമൃഗാദികളെ വീട്ടില്‍ വളര്‍ത്തുന്നതിനെ സംബന്ധിച്ച എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കി.
ശുചീന്ദ്രത്ത് ഞാന്‍ വളര്‍ന്ന വീട്ടില്‍ ഒട്ടേറെ പശുക്കളുണ്ടായിരുന്നു. പ്രസവിച്ചു നില്ക്കുന്ന പശുക്കള്‍ മൂന്നെണ്ണമെങ്കിലും എപ്പോഴും അവിടെയുണ്ടായിരുന്നു. ആ കിടാങ്ങളായിരുന്നു എന്റെ ബാല്യത്തിന്റെ വലിയ വൈകാരികതകള്‍ ഏറ്റുവാങ്ങിയത്. ഒരു പകര്‍ച്ചവ്യാധിയില്‍ എല്ലാ കന്നുകളും മണിക്കൂറുകളിടവിട്ട് മരിച്ചു. ഓരോ മരണത്തിനും ഞാന്‍ സാക്ഷിയായിരുന്നു. നിശ്ശബ്ദനായി കിടക്കയില്‍ മുഖം പൊത്തിക്കരഞ്ഞ എന്നെ സമാധാനിപ്പിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. ആ അനുഭവത്തിന് ശേഷം മൃഗസ്നേഹം ഞാന്‍ വേണ്ടെന്നുവച്ചതാണ്.
ഒരു പട്ടിക്കുട്ടിയെ വളര്‍ത്താന്‍ നിരന്തരം ഭാര്യ ഹെദര്‍ നിര്‍ബന്ധിക്കുകയും എപ്പോഴും ഞാന്‍ നിരസിക്കുകയും ചെയ്തു. ഞാന്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ഒ.വി. വിജയന്റെ പ്രശസ്തമായ പൂച്ചയുടെ ഒരു കുഞ്ഞിനെ നേരിട്ടെത്തി അദ്ദേഹം എന്റെ വീട്ടില്‍ കുടിപാര്‍പ്പിച്ചു. ഒരു ബലഹീനനിമിഷത്തില്‍ ഈ പൂച്ചക്കുഞ്ഞിനെ തണുപ്പില്‍ പുറത്തുവിടേണ്ടെന്ന് ഞാനും തീരുമാനിച്ചു. അതിനെ പുതപ്പിച്ചു കിടത്തി. ഹെദര്‍ പേരും നല്കി. 'പാര്‍ച്ചിസ്', പുള്ളികളുള്ളവന് പുള്ളിപ്പേര്. അമ്മയുടെ അഴകില്ലെങ്കിലും നല്ലവനായിരുന്നു കുഞ്ഞ്.
സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ബി.ടു/70 എന്ന നമ്പര്‍ വഹിച്ച എന്റെ വാടക വീട്ടിന്റെ പിന്നാമ്പുറത്ത് ഈ പൂച്ച വളര്‍ന്നു. ഗായത്രിയെന്ന കുട്ടിയുടെ ആദ്യാക്ഷരങ്ങളോടൊപ്പം വിജയന്റെ മട്ടില്‍ ജീവിത അര്‍ത്ഥങ്ങള്‍ തേടി അവന് വിലസി. മറ്റു പൂച്ചകളുടെ സ്വഭാവങ്ങള്‍ മാറ്റി ഒരംഗമായി അച്ചടക്കത്തോടെ അവന് മൂന്നു കൊല്ലം ജീവിച്ചു. ഒരു ദിവസം തിലക് മാര്‍ഗിലെ ചന്ദ്രന് ചേട്ടന്റെ വീട്ടില്‍നിന്നും ഞങ്ങള്‍ മടങ്ങിവന്നപ്പോള്‍ ദുഃഖിതനായ അയല്ക്കാരന് ഗായത്രിയോടു പറഞ്ഞു. 'പൂച്ച കാറുകയറി ചത്തു.' ഗായത്രി അകത്തുകയറി നിലവിളിച്ചു കരഞ്ഞു. ഞാന്‍ എന്റെ പഴയ കന്നുകളെയോര്ത്തു. ഭാര്യ ഹെദര്‍ വിങ്ങിയിരുന്നു. ഞാന്‍ വിജയനെ വിവരമറിയിച്ചു. അദ്ദേഹം ഒ.കെ. എന്നു പറഞ്ഞു ഫോണ്വച്ച് എന്റെ കുറ്റബോധം വര്‍ദ്ധിപ്പിച്ചു.
മേലാല്‍ ഈ പരിപാടി പറ്റില്ല. ഒരു പക്ഷിയും മൃഗവും വീട്ടില്‍ കയറില്ല- ഞാന്‍ പ്രഖ്യാപിച്ചു. ഒട്ടേറെ പ്രേരണകളുണ്ടായിട്ടും ഡല്‍ഹിയില്‍ എന്റെ നിലപാടില്‍ ഇളക്കമുണ്ടായില്ല.
അതിനുശേഷം പിറന്ന കാവേരിയുമായി നാട്ടിലെത്തിയപ്പോള്‍ എന്റെ ദുര്‍വാശി മാറ്റാന്‍ പല പ്രേരണകളുമുണ്ടായി.
വന്ന പൂച്ചക്കുഞ്ഞ് പ്രായമോര്‍ക്കാതെ ബ്ലാങ്കറ്റിനെ ആക്രമിച്ചു. ബ്ലാങ്കറ്റ് രണ്ടു ദിവസം ഒഴിഞ്ഞുമാറി. മൂന്നാം ദിവസം വീടുപേക്ഷിച്ചു കാണാതായി
നായയ്ക്ക് കൂടുതല്‍ സ്നേഹവും ലാളനയും വേണം. പൂച്ചയ്ക്ക് ജീവിക്കാനറിയാം. ഒരു ഘട്ടത്തില്‍ എന്നെ കൈപിടിച്ചു വഴികാട്ടിയ പ്രൊഫസര്‍, വി.കെ. മൂസ്സതിന്റെ കുടുംബത്തിലെ പൂച്ചക്കുഞ്ഞ് തന്നെ ആ ആശയത്തില്‍ ഞങ്ങളുടെ തിരുവനന്തപുരം താമസത്തിന്റെ ഭാഗമായി. ആഭിജാത്യം കാഴ്ചയിലും സ്വഭാവത്തിലും അതു കാട്ടിയിരുന്നു. പേരിടാന്‍ വൈകാത്ത എന്റെ ഭാര്യ കല്പിച്ചു. ബ്ലാങ്കറ്റ്.
ബ്ലാങ്കറ്റ് സസുഖം ഒന്‍പതുമാസം ജീവിച്ചു. എനിക്കും ഹെദറിനും ഗായത്രിക്കും കാവേരിക്കും തുല്യയായി പാഞ്ഞു. ഒരു ദിവസം സ്കൂളില്‍നിന്നും മടങ്ങുമ്പോള്‍ ഗായത്രിക്കും അമ്മയ്ക്കും വഴിയില്‍ കണ്ട മറ്റൊരു പൂച്ചക്കുഞ്ഞിനെ ഇഷ്ടമായി. അവനെ കൊണ്ടുവന്നു. ഈ പ്രവേശനത്തിന്റെ കാരണങ്ങളറിയാതെ 'ബ്ലാങ്കറ്റ്' മാറിനടന്നു. വന്ന പൂച്ചക്കുഞ്ഞ് പ്രായമോര്‍ക്കാതെ ബ്ലാങ്കറ്റിനെ ആക്രമിച്ചു. ബ്ലാങ്കറ്റ് രണ്ടു ദിവസം ഒഴിഞ്ഞുമാറി. മൂന്നാം ദിവസം വീടുപേക്ഷിച്ചു കാണാതായി.
ഗായത്രി പിന്നെയും കരഞ്ഞു. മറ്റൊരു പൂച്ചക്കുഞ്ഞിന് ബ്ലാങ്കറ്റിന്റെ താവളം നല്കി ലാളിച്ച തെറ്റിന് നീ ഇതര്‍ഹിക്കുന്നുവെന്ന് ഞാന്‍ ക്രൂരമായി വിധിച്ചു. താമസിയാതെ ഒരു പേരുപോലുമില്ലാതെ ആ പൂച്ചക്കുഞ്ഞും അപ്രത്യക്ഷമായി. 'ഇനി ഈ പരിപാടി പറ്റില്ല' ഞാന്‍ വീണ്ടും പറഞ്ഞു. എതിര്‍ക്കാന്‍ ആര്‍ക്കും ശക്തിയില്ലായിരുന്നു. മാത്രമല്ല, കാവേരി എന്റെ ഭാഗത്തുമായിരുന്നു.
ഒരു വൈകുന്നേരം ഞാന്‍ വീട്ടില്‍ കടന്നപ്പോള്‍ ഹെദറും ഗായത്രിയും കാവേരിയും നിശ്ശബ്ദരായിരിക്കുകയാണ്. പരസ്പരം നോക്കുന്നു, പേടിയോടെ; എന്തോ അപകടം സംഭവിച്ചുവെന്നമട്ടില്. 'എന്തുപറ്റി' ഞാന്‍ ചോദിക്കുമ്പോള്‍ കാവേരി ഒരു കോണിലേക്കു നോക്കി. ഒരു പൂച്ചകുഞ്ഞ്. കറുത്ത പൊട്ടുകള്‍ വെള്ള കുപ്പായത്തിന് വൈവിധ്യം നല്കി.
'പ്ലീസ് അച്ഛാ' ഗായത്രി കേണു. അമ്മയും അനുജത്തിയും അവളെ പിന്താങ്ങുന്ന നോട്ടങ്ങള്‍ എനിക്കു നല്കി. 'യെസ് അച്ഛാ' കാവേരിയും പറഞ്ഞു.
ഞാന്‍ കൊച്ചു പൂച്ചയെ ഒന്നു നോക്കി. അതും എന്തോ അഭ്യര്‍ത്ഥിക്കുന്ന മുഖഭാവത്തോടെ എന്റെ കണ്ണുകളെ പിടിച്ചുനിര്‍ത്തി. 'ശരി' അകത്തുകയറി വേഷം മാറുമ്പോള്‍ ഞാനാഗ്രഹിച്ചു, 'ഇനിയും വേദനയുണ്ടാക്കരുത്.'
എന്റെ ഈ നീണ്ട കഥ റെജി കേട്ടിരുന്നു. പെറ്റ് ഷോപ്പുടമയുടെ പ്രൊഫഷണല്‍ സ്വഭാവത്തിലേറെ മൃഗസ്നേഹമാണ് റെജിയില്‍ ദര്‍ശിച്ചത്. ''ഈ പശ്ചാത്തലത്തില്‍ ഒരു ആമക്കുഞ്ഞിനെ കൂടി വീട്ടില്‍ കേറ്റണോ?'' ഞാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. റെജിക്ക് 'മൃഗീയമായ' ന്യായീകരണങ്ങളായിരുന്നു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാവേരിയും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഗായത്രിയും ഞാനും ഭാര്യയും ആമക്കുഞ്ഞിനെ വീട്ടില്‍ വരുത്തുന്നതിന്റെ ഭവിഷ്യത്തുകള്‍ മൂന്നു ദിവസം ചര്‍ച്ച ചെയ്തു.
കാണാതാകുന്ന പൂച്ചകളുടെ കാര്യത്തില്‍ അനുഭവജ്ഞയായ ഗായത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ രാത്രി അവളുറങ്ങാതെ കിടന്നു
'പുസ്സു' കടിക്കുമോ? ആമക്കുഞ്ഞിനെ കടിക്കാന്‍ പറ്റില്ല. അതാണ് ആമ വര്‍ഗ്ഗത്തിന്റെ വിജയം. എന്നാലും സൂക്ഷിക്കണം, കുഞ്ഞാമയല്ലെ? ഒരു ഫിഷ്ടാങ്കില്‍ ആമക്കുഞ്ഞുമായി ഞങ്ങള്‍ വീട്ടിലെ ജനസംഖ്യ വര്‍ദ്ധിപ്പിച്ചു. ആമയ്ക്ക് കൂട്ടായി ഒരു ഒച്ചും ടാങ്കില്‍ കിടന്നു.
ഒന്‍പതു മാസങ്ങളില്‍ ഞങ്ങളുടെ നിരവധി ഭ്രാന്തുകള്‍ കണ്ടു പഴകിയ 'പുസ്സു' ആമക്കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിത്യവൃത്തി തുടര്‍ന്നു. പഴയ രീതിയില്‍ അവളുടെ ഗായത്രി കല്പിക്കുന്ന മട്ടില്‍ മൂന്നടി ചാടി അവളുടെ കൈകളില്‍ വലംവച്ച് തൂങ്ങിക്കിടന്നു കളിച്ചു. ആമക്കുഞ്ഞും പൂച്ചയെ പേടിക്കാതെ രണ്ടു സെന്റിമീറ്റര്‍ ജലപ്പരപ്പിന് പുറത്ത് ഫിഷ്ടാങ്കില്‍ തലയുയര്‍ത്തി പ്രകൃതിയെ വാഴ്ത്തി.
ഒരു മാസം കഴിഞ്ഞു. ഒരു ദിവസം പുസ്സിയെ കാണുന്നില്ല. കാണാതാകുന്ന പൂച്ചകളുടെ കാര്യത്തില്‍ അനുഭവജ്ഞയായ ഗായത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. ആ രാത്രി അവളുറങ്ങാതെ കിടന്നു. അടുത്ത ദിവസം രാവിലെ 'പുസ്സു'വിനെ കാണാതെ തന്നെ സ്കൂളില്‍ പോയി. പക്ഷേ, അന്നു വൈകുന്നേരം 'പുസ്സു' മടങ്ങി. മടങ്ങിയ പുസ്സു ഓടിക്കയറി കളിച്ചില്ല. വീട്ടിന്റെ പരിസരങ്ങളില്‍ മടിച്ചുനിന്നു. ഇനിയവന് എങ്ങും പോവില്ല എന്ന സന്തോഷത്തോടെ ഗായത്രി ഉറങ്ങി.
രാവിലെ എഴുന്നേറ്റപ്പോള്‍ ഗായത്രിക്കു പുസ്സുവിനെ കാണാനായി. എവിടെയോ പോയി എന്തോ കുഴപ്പമുണ്ടായിട്ടുണ്ട്. ചില്ലറ പരുക്കുകളുണ്ട്. പോട്ടെ. ഇവിടെയുണ്ടല്ലോ. ഗായത്രി വീണ്ടും സ്കൂളില്‍ പോയി.
കുറേക്കഴിഞ്ഞപ്പോള്‍ 'പുസ്സു' അവശനായി. 'ആശുപത്രിയില്‍ കൊണ്ടുപോകണം' -ഞങ്ങള്‍ തീരുമാനിച്ചു.
WHAT TO READ NEXT

Archives|മനുഷ്യര്‍ വിഡ്ഢികളല്ല, കോണ്ഗ്രസ്സുകാര് പോലും
കുട്ടികളെ കൂട്ടിവരുന്ന വാന്‍ കാത്ത് ഹെദര്‍ നടന്നപ്പോള്‍ പൂച്ചയെ തേടി ഞാന്‍ പുറം വാതില്‍ തുറന്നു. വായില്‍നിന്നും പച്ചദ്രാവകമൊഴുക്കി 'പുസ്സു' വിറങ്ങലിച്ചു കിടക്കുന്നു. ഗായത്രി വിളിക്കുന്ന മട്ടില്‍ ഞാന്‍ വിളിച്ചു. 'പുസ്സു, പുസ്സു' എന്റെ ശബ്ദത്തിലെ ദയനീയതയറിയുന്നമട്ടില് ഒരു കണ്ണിലെ ഇമ അനങ്ങി. ഞാന്‍ കിതപ്പോടെ അകത്തു ചാടി വേഗത്തില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു.
ഹെദറും ഗായത്രിയും കാവേരിയുമെത്തിയപ്പോള് ഞാന്‍ പത്രപ്രവര്‍ത്തകന്റെ ശബ്ദത്തില്‍ പറഞ്ഞു: ''പുസ്സു ചത്തു.'' അവരോടി. ഒരു തുള്ളി ജീവന് ബാക്കിയുണ്ടെന്ന മോഹത്തില്‍ വെള്ളം തളിച്ചു. കാവേരി നിശ്ശബ്ദയായി എന്നെ തന്നെ നോക്കിനിന്നു. ഗായത്രി നിലവിളിച്ചു, ഓടി, കിടന്നു. എഴുന്നേറ്റു വിതുമ്പി. എല്ലാം വീണ്ടും ആവര്‍ത്തിച്ചു. ഹെദര്‍ ഒന്നു പിടിച്ചിരുന്നു. പിന്നെ കിടക്കയില്‍ ചെന്നിരുന്നു കരഞ്ഞു. കാവേരിയെ നോക്കി ചിരിച്ചുവെന്നു വരുത്തി. ഗായത്രിയുടെ തലയൊന്നൊഴിഞ്ഞ് ഞാന്‍ ബാത്റൂമില്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ കാവേരി എന്നെ തന്നെ നോക്കി നില്ക്കുന്നു. ഞാനവളെ പൊക്കിയെടുത്തപ്പോള്‍ അവളും വിതുമ്പി.
ഡ്രൈവര്‍ മോഹനും കോളനിയിലെ അനിലും 'പുസ്സു'വിനെ ഒരു തുണിയില്‍ പൊതിഞ്ഞ് കാര്‍ഡ്ബോര്‍ഡ് ബോക്സിലാക്കി. അയല്‍ വീട്ടില്‍നിന്നും കടംവാങ്ങിയ ഒരു മണ്‍വെട്ടിയുമായി തെക്കുഭാഗത്തെ ഒരു പറമ്പിലേക്ക് അവര്‍ നടന്നപ്പോള്‍ ഞാന്‍ ഗായത്രിയെ പിടിച്ചടുപ്പിച്ച് ഉള്ളിലേക്ക് മാറി.
അന്ന് വൈകുന്നേരം ഞങ്ങള്‍ അനിയന് ഉദയന്റെ വീട്ടില്‍ ചെന്നു. കുട്ടികള്‍ കുറെനേരം കളിച്ചു. മടങ്ങിവന്നപ്പോള്‍ ആമക്കുഞ്ഞ് തലയുയര്‍ത്തി നില്ക്കുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Archive: TN Gopakumar writes touching pet momories
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





