Archives|'അയാള്‍ എന്റെ കൈവിരല്‍ ഏറ്റുവാങ്ങി അയാളുടെ കൈത്തണ്ടയിലെ സൂചിമുനയില്‍ തൊടുവിച്ചു'

സ്പര്‍ശം - പി.എഫ്. മാത്യൂസ് എഴുതിയ അനുഭവം

Premium
PF MATHEWS
പി.എഫ്. മാത്യൂസ് FACEBOOK
Edited by :Shiju
Last Updated :11 ജൂൺ 2026, 12:59 pm IST

1997 നവംബര്‍ 7 ലക്കം മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്

മഞ്ഞനിറം തളം കെട്ടിയ ആശുപത്രിയിലെ കട്ടിലില്‍ അമ്മ കിടക്കുകയാണ്. രക്തം കൊടുത്തതിനുശേഷം ഊരിമാറ്റിയ സൂചി കൈത്തണ്ടയിലെ തിണര്‍പ്പായി മാറിയിരിക്കുന്നു. ഞരമ്പോടിയ മെലിഞ്ഞ കൈയില്‍ തലോടുകയായിരുന്നു ഞാന്‍.

''ഇന്നലെ രാത്രിയും കൈയും കാലുമൊക്കെ മരവിച്ചു പോയി...'' തീരെ അവ്യക്തമായി അമ്മ പറഞ്ഞു.

''എല്ലാം സുഖമാകും... രക്തം ചെന്നു കഴിഞ്ഞല്ലോ... ഇറങ്ങിക്കോ... ഒക്കെ ശര്യാകും...'' പറഞ്ഞുകൊണ്ടിരിക്കെ എന്റെ തൊണ്ടയില്‍ ഒരു മുഴക്കമുണ്ടായി. ഡോക്ടര്‍ ആവശ്യത്തിലേറെ അറിവുകള്‍ പകര്‍ന്നുതന്നുകഴിഞ്ഞു. ''പക്ഷേ, അമ്മയെ തല്‍ക്കാലം ഒന്നും അറിയിക്കണ്ട... അവര്‍ സമാധാനമായിരിക്കട്ടെ'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചികിത്സിച്ച ഡോക്ടറുടെ അശ്രദ്ധയാണ് രോഗം ഇത്രത്തോളം മോശമാക്കിയത്. ഇപ്പോള്‍ അതൊക്കെ അമ്മയ്ക്കറിയാം. മിഷന്‍ ആശുപത്രിയില്‍ മനോഹരമായ മാരുതി കാറില്‍ വന്നിറങ്ങുന്ന ആറടിയോളം ഉയരമുള്ള സുമുഖനായ ആ ഡോക്ടര്‍ ബ്രിട്ടീഷ് ആക്സന്റില്‍ സംസാരിക്കാറുണ്ട്. അതിമനോഹരമായി പുഞ്ചിരിക്കുകയും വയസ്സായവരെ ബഹുമാനപൂര്‍വ്വം ഉപചരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശ്വാസംകിട്ടാത്ത നിലയില്‍ അമ്മ വന്നപ്പോള്‍ അദ്ദേഹം കണ്ടില്ലെന്നു നടിച്ചു. അമ്മയെ അതു വല്ലാതെ വേദനിപ്പിച്ചു.

''കരുണയില്ലാത്ത മനുഷ്യന്‍...'' സഹോദരന്റെ വാക്കുകള്‍ ആശുപത്രിയുടെ മരവിച്ച ഇടനാഴിയില്‍ വികാരഭരിതമായി പ്രതിദ്ധ്വനിച്ചു. പുതിയ രാഷ്ട്രീയം, സാമ്പത്തികക്കരാറുകള്‍, ബഹുരാഷ്ട്രക്കുത്തകകള്‍, ഇവയുടെ ഉപോല്പന്നമായ ഡോക്ടര്‍ പുഞ്ചിരി നിലനിര്‍ത്തിക്കൊണ്ടുതന്നെ അപ്രത്യക്ഷനായി.

മരണത്തെ ബഹിഷ്‌ക്കരിക്കുവാന്‍ അണിഞ്ഞൊരുങ്ങിയ ആശുപത്രിയില്‍ പ്രതീക്ഷ കൈവെടിയാതെ കാത്തിരിക്കുകയാണു ഞാന്‍.

തൊടുന്നതെല്ലാം മരണത്തിലാണ്. എന്തുകൊണ്ടാണെന്ന് എനിക്കു തന്നെ അറിയില്ല. ആദ്യത്തെ പുസ്തകം 'ഞായറാഴ്ച മഴ പെയ്യുകയായിരുന്നു' പുറത്തിറങ്ങിയശേഷം എനിക്കു തന്നെ വീണ്ടുവിചാരമുണ്ടായി. ഇന്ന് ഞാനടക്കമുള്ള മനുഷ്യര്‍ അബദ്ധത്തില്‍പ്പോലും മരണത്തില്‍ തൊടുവാന്‍ ആഗ്രഹിക്കുന്നില്ല. കമ്പോളം മരണത്തിന്റെ സൂചനകളും ചിഹ്നങ്ങള്‍ പോലും തുടച്ചുകളഞ്ഞ് തിളക്കമേറിയ ഒരു നിറം പൂശി വച്ചിരിക്കുകയാണ്. പരസ്യചിത്രങ്ങളുടെ കലാപ്രകടനത്തില്‍ മരണം അപ്രസക്തമാണെന്ന് കുട്ടികള്‍ക്കുപോലുമറിയാം.

ആ യുവാവ് മരിക്കുമെന്നു തോന്നിയ നിമിഷം എനിക്ക് ഉള്‍ക്കിടിലമുണ്ടായി. അസ്വസ്ഥതയോടെ ഞാന്‍ കാത്തിരുന്നു

പക്ഷേ, എന്നെ ജീവിതം തൊടുന്നത് മരണത്തിലൂടെയാണ്. എന്റെ ആദ്യത്തെ ചലച്ചിത്രത്തിന്റെ പണിപ്പുരയില്‍നിന്നു മടങ്ങുമ്പോള്‍ അറിയാതെ എനിക്കൊരു സ്പര്‍ശമുണ്ടായി.

തീവണ്ടി കാട്പാടിയിലെത്തിയപ്പോള്‍ ഞാന്‍ കിടന്നിരുന്ന താഴത്തെ തട്ടില്‍ വിളറി വിളറി മഞ്ഞനിറമായ ഒരു യുവാവു വന്നിരുന്നു. അയാളുടെ പിന്നാലെ വന്ന തടിച്ച മനുഷ്യനും ഒപ്പമിരുന്നു. അതൊരു കടന്നുകയറ്റമായിരുന്നു. യുവാവ് അവിടെയിരുന്ന നിമിഷം മുതല്‍ ഞാന്‍ അസ്വസ്ഥനായി. ആശുപത്രിയില്‍നിന്നു മടക്കിയ മാറാരോഗിയാണയാള്‍. അവരുടെ ആവശ്യമറിഞ്ഞ് ഞാന്‍ എന്റെ തട്ടൊഴിഞ്ഞുകൊടുത്തു. യാത്രക്കാരെല്ലാവരും നന്നേ സഹകരിച്ചു. രാത്രി തീവണ്ടി മുറിയിലെ നീലവെളിച്ചത്തില്‍ മുകളിലെ തട്ടില്‍ കിടന്നുകൊണ്ട് ആ യുവാവിന്റെ മരണപരാക്രമം മുഴുവന്‍ ഞാന്‍ കണ്ടു. വണ്ടി പാലക്കാട്ടെത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ഇരുട്ട് മാഞ്ഞിട്ടില്ല. ഉറക്കം അകലെ. ആ യുവാവ് മരിക്കുമെന്നു തോന്നിയ നിമിഷം എനിക്ക് ഉള്‍ക്കിടിലമുണ്ടായി. അസ്വസ്ഥതയോടെ ഞാന്‍ കാത്തിരുന്നു. പിന്നെ നേരം വെളുക്കുകയും യാത്രക്കാര്‍ ഉണരുകയും ചെയ്തു. തൃശൂരു കടന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് എന്റെ തട്ടില്‍ കിടന്നുകൊണ്ട് ആ മനുഷ്യന്‍ തന്റെ യാത്ര പൂര്‍ത്തിയാക്കിയിരിക്കുന്നു. തലേരാത്രി കരുണയോടെ സംസാരിച്ചിരുന്നവര്‍ ഇപ്പോള്‍ 'അത്', 'സാധനം' എന്നീ വാക്കുകള്‍കൊണ്ടാണ് യുവാവിനെ വിശേഷിപ്പിക്കുന്നത്. ഒരു നിമിഷംകൊണ്ട് ആ യുവാവ് ഞങ്ങളുടെ ലോകത്തുനിന്നു ബഹിഷ്‌കൃതനായി.

അങ്കമാലി സ്റ്റേഷനില്‍ ആ ശരീരം ഇറക്കാന്‍ തീരുമാനിച്ചു. യാത്രക്കാര്‍ സഹായിക്കുകയും ചെയ്തു. ശവം സ്റ്റേഷനില്‍ ഇറക്കിയതും ചൂളം വിളിച്ച് തീവണ്ടി നീങ്ങാന്‍ തുടങ്ങി. എല്ലാവരും പരിഭ്രാന്തരായി. ശവത്തെ ഒരുവിധം ആ നനഞ്ഞ സിമന്റ് ബഞ്ചില്‍ ഇട്ടുവച്ച് എല്ലാവരും ഓടി വണ്ടിയില്‍ കയറി. ഒടുവില്‍ കൈവിരലില്‍ ഒരു സ്പര്‍ശത്തിന്റെ ഓര്‍മ്മ മാത്രം. ശവത്തെ താങ്ങിയ ഒരു മനുഷ്യന്‍ പൈപ്പു തുറന്ന് തന്റെ കരങ്ങളില്‍ പറ്റിയ മരണത്തിന്റെ അവസാനത്തെ അവശിഷ്ടവും കഴുകിക്കളഞ്ഞു.

മരിച്ച മനുഷ്യന്‍ കിടന്നിരുന്ന തട്ട് ശൂന്യമായി. ഇത്തിരി വെള്ളത്തുള്ളികള്‍ വെയിലേറ്റു തിളങ്ങി. മരിച്ചവന്റെ അവസാനത്തെ അവശിഷ്ടം. മെല്ലെ മെല്ലെ അതും മാഞ്ഞ് മാഞ്ഞില്ലെന്നായി. അപ്പോഴാണ് എനിക്കു വേദന തോന്നിയത്.

ഇതിനു മുന്‍പൊരിക്കല്‍ ഇതേ വികാരം ഞാനറിഞ്ഞിട്ടുണ്ട്.

അന്ന് തീവണ്ടിയിലെ മഞ്ഞിച്ച പുലരിയും കടന്ന് ഞാന്‍ നഗരത്തിലെത്തിയത് എനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒരാളെ അവസാനമായൊന്നു കാണുവാനായിരുന്നു. കുറേ നല്ല കഥകളെഴുതി സ്‌നേഹിതനായി മാറിയ വി.പി. ശിവകുമാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എവിടെയോ അദ്ദേഹം കിടക്കുന്നുണ്ട്.

സ്‌നേഹിതനായ മധുപാലിനൊപ്പം വാര്‍ഡുകള്‍ തോറും ഞാന്‍ കയറിയിറങ്ങി. ഒടുവില്‍ മുഖം നിറയെ നീരു കെട്ടി ഛായ തന്നെ മാറിപ്പോയ ഒരു മനുഷ്യന്റെ കിടക്കയ്ക്കരികില്‍ ഞാന്‍ നിന്നു. അത് ഞാന്‍ അന്വേഷിക്കുന്ന ആളല്ലായിരുന്നു. എന്നിട്ടും കാത്തുകാത്തിരുന്നതു പോലെ ആ മനുഷ്യന്‍ എന്നെ സ്വീകരിച്ചു. അയാളുടെ കൈത്തണ്ടയിലെ സൂചിപ്പാടില്‍ തൊട്ടുനോക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ മടിഞ്ഞു. ഈ മനുഷ്യന്‍ എനിക്കു തീര്‍ത്തും അപരിചിതനായ ഒരാളാണ്. പക്ഷേ, അയാള്‍ എന്റെ കൈവിരല്‍ ഏറ്റുവാങ്ങി അയാളുടെ കൈത്തണ്ടയിലെ സൂചിമുനയില്‍ തൊടുവിച്ചു. വൈദ്യുതി ആഘാതമേറ്റതു പോലെ ഞാന്‍ ചിതറുകയാണ്. ശരീരമാസകലം ചിലമ്പിച്ച സ്വരം പായുകയാണ്.

ആ വാര്‍ഡിന്റെ അങ്ങേയറ്റത്ത് അബോധനിദ്രയില്‍ ശിവകുമാര്‍ കിടക്കുന്നുണ്ടായിരുന്നു. മയക്കത്തിനിടയിലെപ്പോഴോ അദ്ദേഹം കണ്ണുതുറന്നു. ചിരിച്ചുവെന്നു തോന്നി

''കിഡ്‌നി കേടാണ്... ഡയാലിസിസു ചെയ്യുന്നതാണിത്...'' അപരിചിതനായ ആ ഏകാകി എന്നോടു പറഞ്ഞു. അതിനപ്പുറം സഹിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ അയാളെ മറികടന്നുകൊണ്ടു നടന്നു. ആ വാര്‍ഡിന്റെ അങ്ങേയറ്റത്ത് അബോധനിദ്രയില്‍ ശിവകുമാര്‍ കിടക്കുന്നുണ്ടായിരുന്നു. മയക്കത്തിനിടയിലെപ്പോഴോ അദ്ദേഹം കണ്ണുതുറന്നു. ചിരിച്ചുവെന്നു തോന്നി.

മടക്കയാത്രയില്‍ എന്റെ ചൂണ്ടാണി വിരലിലൂടെ സൂചിമുനയിലെ വൈദ്യതതരംഗം സഞ്ചരിക്കുകയാണ്.

അപരിചിതനായ രണ്ടു യാത്രക്കാരുടേയും സ്പര്‍ശം എന്റെ വിരലുകളിലുണ്ട്. അതേ വിരലുകള്‍കൊണ്ടാണ് ഞാന്‍ എന്റെ അമ്മയുടെ കൈപ്പടം തലോടുന്നതും ഈ അക്ഷരങ്ങള്‍ കുറിക്കുന്നതും.

News Now

Summary

Archive: PF Mathews writes on experiences of death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates