'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

ഇറാനെതിരെ പൊട്ടിപ്പിരാകുന്ന ഒരു വിഭാഗം മുസ്ലിംകൾ ഉണ്ട്. വഹാബികൾ അഥവാ സലഫികൾ. മതം ഉന്മാദം പോലെ തലക്ക് പിടിച്ച ഈ മനുഷ്യർക്ക് ഇവരൊഴികെ സകലരും നരകത്തിലാണ്. ഷിയാക്കൾ നരകത്തിലാണ് , പാട്ടു പാടുന്നവർ നരകത്തിലാണ് , ഓണത്തിന് ആയിഷയുടെ പുരയിലേക്ക് അയലത്തെ കല്യാണി ചേച്ചി കൊണ്ടു വന്ന പായസം കഴിച്ച ആയിഷയും നരകത്തിലാണ്

Iran School Attack
Iran School Attackഎക്സ്
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :17 ഏപ്രിൽ 2026, 6:24 pm IST

ഇസ്രയേലും അമേരിക്കയും ഇറാനെ വളഞ്ഞിട്ട് കൂട്ടപ്പൊരിക്കുമ്പോൾ , അതിലെ മതവിധിയെക്കുറിച്ച് വാചാലരായി , ഇറാനെതിരെ പൊട്ടിപ്പിരാകുന്ന ഒരു വിഭാഗം മുസ്ലിംകൾ ഉണ്ട്. വഹാബികൾ അഥവാ സലഫികൾ. മതം ഉന്മാദം പോലെ തലക്ക് പിടിച്ച ഈ മനുഷ്യർക്ക് ഇവരൊഴികെ സകലരും നരകത്തിലാണ്.  ഷിയാക്കൾ നരകത്തിലാണ് , പാട്ടു പാടുന്നവർ നരകത്തിലാണ് , ഓണത്തിന് ആയിഷയുടെ പുരയിലേക്ക് അയലത്തെ കല്യാണി ചേച്ചി കൊണ്ടു വന്ന പായസം കഴിച്ച ആയിഷയും നരകത്തിലാണ്. നരകത്തിൽ മനുഷ്യർ കരിയുന്ന മണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗമാണവർ. 

ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോൾ , എല്ലാ അറബ് രാജ്യങ്ങൾക്കും വേണ്ടി ദുആ ചെയ്ത ഇവർ ഇറാന് വേണ്ടി പ്രാർഥനയോടെ , മനുഷ്യ സഹജമായ സഹാനുഭൂതിയോടെ കൈകൾ ഉയർത്തിയില്ല എന്തു കൊണ്ട് ?

കലർപ്പില്ലാത്ത ഇസ്ലാം ആണ് ഇവരുടെ ഇസ്ലാം . കലർപ്പുകളാണ് ഏതു മതത്തെയും മനോഹരവും അയവുള്ളതും ആർദ്രതയുള്ളതുമാക്കുന്നത്. ഒറ്റരാത്രി കൊണ്ട് ഇറാൻ നാഗരികതയെ നശിപ്പിക്കും എന്ന് ട്രമ്പ് ഭീഷണി മുഴക്കിയ ആ ഭയാനക രാത്രി സംഭവിച്ചിരുന്നെങ്കിൽ , അത് സലഫികളുടെ പ്രാർഥന അള്ളാഹു കേട്ടു എന്ന് അവർ , സലഫികൾ , വാദിക്കുമായിരുന്നു. വഹാബികൾ നിർവ്വചിക്കുന്ന ദൈവ സങ്കൽപ്പമാണ് മുസ്ലിം നാഗരികത എന്ന് വരുമായിരുന്നു. ട്രമ്പിൻ്റെ ദുആ അള്ളാഹു കേട്ടു. ഷിയാക്കൾ ബാക്കിയായി.

നാഗരികത എന്നത് ഏറെ കലർപ്പുകൾ ഉള്ളതാണ്. മതം അതിൻ്റെ ഭരണപരമായ ചാലക ശക്തിയായി മാറുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ താലിബാനിലും യമനിലും കാണുന്നുണ്ട്. വ്യക്തിഗതമായ ആൺ സ്വാതന്ത്ര്യങ്ങളുടെ ശാരീരിക അഭിലാഷങ്ങൾ പൂർത്തിയാക്കാനുള്ള ഉടലുകൾ മാത്രമായി സ്ത്രീ ചുരുങ്ങുന്നു. ചിന്തയുടെ , സർഗാത്മകതയുടെ പ്രകാശനങ്ങൾ ഇല്ലാത്ത സ്ത്രീയിടങ്ങൾ. ഇറാനിലും സ്ത്രീ സ്വാതന്ത്ര്യം എന്നത് മതാത്മകവും ഇടുക്കമുള്ളതുമാണ്. ജീവിക്കാനുള്ള ആഗ്രങ്ങളെ പ്രചോദിപ്പിക്കുന്നതിന് പകരം , രക്തസാക്ഷിത്വം വരിക്കാനും സ്വർഗ്ഗീയ ജീവിതത്തെ മോഹിപ്പിക്കുന്നതുമായ മരണാനന്തരമുള്ള മോഹവലയങ്ങളുടെ ഒരു പരലോകമാണ് ഷിയാക്കളുടെ ആത്മീയ സത്ത. ആധുനിക നാഗരികത ആനന്ദകരമായി ജീവിക്കാനുള്ള കാരണങ്ങൾ തിരയുകയും സഞ്ചാരപ്രിയരുടെ ഭൂഖണ്ഡമായി മാറുകയും ചെയ്യുമ്പോൾ ഇസ്ലാം , ഇസ്ലാം = രക്തസാക്ഷിത്വം എന്ന ഒരു ഭ്രമാത്മകതയാണ് അവരെ നയിക്കുന്നത്. എങ്കിലും , ഇറാൻ , സാമ്രാജ്വത്ത വിരുദ്ധതയെ ഈ ആത്മീയസത്തയുടെ മുനയായി കൂർപ്പിച്ചു തന്നെ  വെച്ചിരിക്കുന്നു. ഇസ്രയേലും അമേരിക്കയും ലോകത്തിനു മേൽ നടത്തുന്ന എണ്ണമറ്റ കെടുതികൾ ലോക രാജ്യങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുമ്പോൾ , ഇറാൻ ഒരു രാജ്യമെന്ന നിലയിൽ അതിനെ വീര്യത്തോടെ പ്രതിരോധിക്കുന്നു. അതാണ് ഈ  യുദ്ധത്തിൻ്റെ ലോകമാനം .

സലഫികൾക്ക് എന്നാൽ അമേരിക്കയേക്കാളും ഇസ്രയേലിനേക്കാളും കടുത്ത ശത്രുത ഇറാനോട് തോന്നാൻ കാരണം , നാലു ഖലീഫമാരിൽ നാലാമനും പ്രവാചക പുത്രി ഫാത്തിമയുടെ ഭർത്താവുമായ അലിയെ ഷിയാക്കൾ കൂടുതലായി മാനിക്കുന്നു എന്നതാണ്. ആദ്യ ഖലീഫയാകേണ്ടതും ഇസ്ലാമിൻ്റെ അധികാരത്തുടർച്ച നബിക്കു ശേഷം അലിയിലേക്കാണ് വന്നു ചേരേണ്ടിയിരുന്നതെന്നും അവർ കരുതുന്നു. മുഹറവും കർബലയും നബിയുടെ പേരക്കിടാവിൻ്റെ രക്‌ത സാക്ഷിത്വവും തീരാ നോവായി അവർ നെഞ്ചത്തടിച്ചു കരഞ്ഞു തീർക്കുന്നു. ഇസ്ലാമിക ചിന്തയുടെ നയ വ്യതിയാനമായിട്ടാണ് സുന്നികളും വഹാബികളും ഇതിനെ കാണുന്നത്. ഷിയാക്കളുടെ മേൽ ഇവർ കാണന്ന കടുത്ത പാപം ഇതാണ്. അതുകൊണ്ട് അവർ മുസ്ലിംകളുമല്ല, സ്വർഗ്ഗീയവകാശികളുമല്ല. അതുകൊണ്ട് ഇറാനികൾക്കു വേണ്ടി മുസ്ലിംകളുടെ ചോര തിളക്കരുത്.

ഇവിടെയാണ് ട്രമ്പ് ഭീഷണയുടെ ഭയാനകമായ ആ ദിവസം , അലി ഗംസാരി എന്ന ഇറാനിയൻ സംഗീതജ്ഞൻ ദമാവന്ത് പവർ സ്‌റ്റേഷന് മുന്നിൽ ഇരുന്നു കൊണ്ടുള്ള ഒറ്റയാൾ സംഗീതയജ്ഞം ലോക മനസ്സാക്ഷിയുടെ മുന്നിൽ പുതിയൊരു രാഗമാല തീർക്കുന്നത് . മതവും പൗരോഹിത്യവും സ്തംഭിച്ചു നിൽക്കുകയും രക്തസാക്ഷിത്വത്തിൻ്റെ വഴിയിലേക്ക് കൂട്ടത്തോടെ മനുഷ്യരെ പറഞ്ഞു വിടാൻ ശ്രമിക്കുകയും  ചെയ്തപ്പോൾ , ആ കലാകാരൻ , ലോകത്തോട് സംഗീതത്തിൻ്റെ ഭാഷയിൽ സംസാരിച്ചു. മതം ഹറാമാക്കിയ , വഹാബികൾ ഹറാമാക്കിയ, സംഗീതം. ഇറാൻ ഭയാനകമായ ആ ദിവസം ലോകത്തെ കേൾപ്പിച്ചത് ഈ സംഗീതമാണ്.

സംശയമില്ല , വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്.

News Now

Summary

israel iran war, iran us conflict, Wahhabism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics