കോണ്‍ഗ്രസ്സേ, ആടുജീവിതമോ അണികളുടേത്?

നേതാക്കളാല്‍ തോല്‍പിക്കപ്പെടുന്ന ജനത / മലയാളികളുടെ നിര്‍വ്വചനം അതാണ്

Premium
thaha madayi on congress
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന വടംവലികളെക്കുറിച്ച് file
Edited by :Shiju
Last Updated :12 മേയ് 2026, 3:45 pm IST

ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടുജീവിതം പ്രസക്തമാകുന്നത്, ദാസ്യം/ വിധേയത്വം / തുടങ്ങിയ മനോഭാവങ്ങള്‍ എത്ര അഗാധമായ വാസ്തവമാണ് എന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുന്നതു കൊണ്ടാണ്. ചുറ്റും തളയ്ക്കപ്പെട്ട മരുഭൂമിയില്‍ ഒറ്റപ്പെട്ട മനുഷ്യനിലൂടെ വ്യക്തിഗതമായ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുകളും റദ്ദാക്കപ്പെട്ട മനുഷ്യരുടെ ധര്‍മ്മസങ്കടങ്ങള്‍ ആണ് ബെന്യാമിന്‍ പ്രതിഫലിപ്പിക്കുന്നത്. കോണ്‍ഗ്രസ് അണികള്‍ ഹൈക്കമാന്‍ഡ് എന്ന അധികാരത്തിനു കീഴെ ആടു ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഇത്രയും ഹതഭാഗ്യരായ അണികള്‍ വേറെ എവിടെയുമില്ല. അത്യാസന്ന നിലയില്‍ റോഡരികില്‍ കിടക്കുന്ന ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിയില്‍ എത്തിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ വന്നവര്‍ തിരിഞ്ഞു പോകുമ്പോള്‍, ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജീവിതം തിരിച്ചു കിട്ടിയ ആളുടെ ബ്ലഡ് ഗ്രൂപ്പ് തിരിച്ചറിയുന്ന പോലെ, കേരളത്തില്‍ അത്യാസന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് കര കയറിയപ്പോള്‍ നേതാക്കളുടെ ഗ്രൂപ്പ് ഏതാണ് എന്ന് പരിശോധിക്കുകയാണ് ഹൈക്കമാന്‍ഡ്. ജനവികാരങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല എന്നതു കൊണ്ടാണ് സിപിഎം നേതൃപരമായി ദിശാബോധം നല്‍കുന്ന എല്‍ഡിഎഫിനെ ജനങ്ങള്‍ തോല്‍പിച്ചു വിട്ടത്. എന്നിട്ടോ? ഹൈക്കമാന്‍ഡ് കേരളത്തിലെ ജനങ്ങള്‍ നിരാകരിച്ച ആ പാത തന്നെ പിന്തുടരുന്നു.

മുസ്ലിം ലീഗ് കോണ്‍ഗ്രസിനോട് ദാസ്യം പേറേണ്ട കാര്യമുണ്ടോ? മതനിരപേക്ഷ ബദല്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ മുസ്ലിം ലീഗ് ആലോചിക്കേണ്ട സമയമായി. തമിഴ്നാട്ടില്‍ ടിവികെ അങ്ങനെയൊരു ബദലാണ് . പ്രാദേശികമായി രൂപപ്പെടുന്ന അത്തരം വന്‍ മുന്നേറ്റങ്ങള്‍ ജനാധിപത്യ ചേരിയെ ശക്തമാക്കും. കോണ്‍ഗ്രസ് മാത്രമല്ല ബദല്‍. അധികാരം തലയ്ക്കുപിടിച്ചവരുടെ കമ്യൂണ്‍ ആണ് കോണ്‍ഗ്രസ്. സിപിഎമ്മിനെ അണികള്‍ തിരുത്തുമ്പോള്‍ ഹൈക്കമാന്‍ഡ് അണികളെ പിരിച്ചു വിടുന്നു.

കടകമ്പോളങ്ങള്‍ അടച്ചില്ലെങ്കിലും, വാഹന ഗതാഗതമുണ്ടെങ്കിലും ഒരു ഹര്‍ത്താല്‍ പ്രതീതിയാണ് കേരളത്തില്‍. നാലഞ്ചു ദിവസം കൊണ്ട് കൊടി വെച്ച കാറില്‍ കയറി രാജാക്കന്മാരെ പോലെ വിലസാം എന്ന് കരുതിയവരെ ഇത്രയും ദിവസം വീട്ടിലിരുത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചു എന്നത് മാത്രമാണ് ഇതിലെ നല്ല കാര്യം. തിളക്കുന്ന വെയിലില്‍ യു എഡി എഫിന് വേണ്ടി വിയര്‍ത്തൊലിച്ചവര്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് .

ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാന്‍. ജനാഭിലാഷ വിധിയെ പ്രതിഫലിപ്പിക്കാത്ത ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ ആ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഭാഗധേയത്തെ എത്രമാത്രം നെഗറ്റീവായി സ്വാധീനിച്ചു എന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. കോണ്‍ഗ്രസിന് അണികളേ ഇല്ലാത്ത ഇടങ്ങളായി ആ സംസ്ഥാനങ്ങള്‍ മാറി.

അണികള്‍ ആട് ജീവിതം നയിക്കുന്നവരല്ല എന്ന തിരിച്ചറിവാണ് പ്രധാനം. അങ്ങനെയൊരു രാഷ്ട്രീയ തിരിച്ചറിവുണ്ടായില്ല എന്നതാണ് സിപിഎമ്മിന് ഏറ്റ കനത്ത ആഘാതം വെളിപ്പെടുത്തുന്നത്. ജനങ്ങളുടെ ഇച്ഛകളുടെ പ്രതിഫലനമായിരിക്കണം നേതാക്കളിലൂടെ പുറത്തു വരേണ്ടത്. നേതാക്കളാല്‍ തോല്‍പിക്കപ്പെടുന്ന ജനത - മലയാളികളുടെ നിര്‍വ്വചനം അതാണ്.

News Now

Summary

Thaha Madayi writes about delay in CM selection and Congress groupism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates