4 ഓവർ12 റൺസ് 3 വിക്കറ്റ്! ഗ്രീൻഫീൽഡിൽ വിശ്വരൂപം പൂണ്ട് ഹരികൃഷ്ണൻ

നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ

Harikrishnan
Harikrishnan
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ഓഗസ്റ്റ് 2026, 10:35 am IST

തിരുവനന്തപുരം: കെസിഎല്ലിൽ ആലപ്പി റിപ്പിൾസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് മത്സരത്തിൽ വിക്കറ്റ് വേട്ട നടത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം ഹരികൃഷ്ണന്റെ മിന്നും പ്രകടനം. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 12 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റ മുന്നിൽ ആലപ്പിയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞു.

മത്സരത്തിന്റെ ഗതി പൂർണമായും കാലിക്കറ്റിന് അനുകൂലമാക്കിയത് ഹരികൃഷ്ണന്റെ ആദ്യ ഓവറായിരുന്നു. സ്കോർ 9ൽ നിൽക്കെ

ആലപ്പിയുടെ ബാറ്റിങ് നെടുംതൂണായ ജലജ് സക്സേനയെ അഖിൻ സത്താറിന്റെ കൈകളിലെത്തിച്ചാണ് ഹരി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ക്ലീൻ ബൗൾഡാക്കി പവലിയനിലേക്ക് മടക്കി ഹരി മൈതാനത്ത് വിസ്മയം തീർത്തു. മുൻനിര ബാറ്റർമാരെ തുടക്കത്തിലേ നഷ്ടമായ ആലപ്പി പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ വല്ലാതെ വിയർത്തു.

തുടക്കത്തിലെ വൻ തകർച്ചയിൽ നിന്ന് ആലപ്പിയെ കരകയറ്റാൻ ശ്രമിച്ച അഭിജിത്ത് പ്രവീൺ- സിബിൻ ഗിരീഷ് കൂട്ടുകെട്ടും അധികനേരം ആയുസുണ്ടായില്ല. 14ാം ഓവറിൽ വീണ്ടും പന്തെടുത്ത ഹരികൃഷ്ണൻ ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ സിബിൻ ഗിരീഷിന്റെ വിക്കറ്റ് കൂടി തെറിപ്പിച്ച് ആലപ്പിയെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു.

ഹരികൃഷ്ണന് മികച്ച പിന്തുണയുമായി വിഗ്നേഷ് പുത്തൂരും അഖിൽ സ്കറിയയും പന്തെറിഞ്ഞതോടെ ആലപ്പിയുടെ ബാറ്റിങ് നിരയ്ക്ക് മൈതാനത്ത് പിടിച്ചുനിൽക്കാനായില്ല. ആലപ്പിയുടെ ഇന്നിങ്സ് 19.3 ഓവറിൽ 131 റൺസിൽ അവസാനിച്ചു. നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ സ്വന്തമാക്കിയ ഹരികൃഷ്ണൻ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഇപ്പോൾ മുൻനിരയിലാണ്. മത്സരത്തിൽ കാലിക്കറ്റ് ആറ് വിക്കറ്റിന് ആലപ്പിയെ പരാജയപ്പെടുത്തി.

News Now

Summary

4 overs, 12 runs, 3 wickets: Harikrishnan shines for Calicut Globstars at Greenfield

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates