97 മീറ്റർ 15 സെക്കന്റിൽ, ടോപ് സ്പീഡ് മണിക്കൂറിൽ 32 കിമീ; ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്നത് ഇങ്ങനെ

15ാം മിനിറ്റിൽ ജർമനിയുടെ കോർണറിൽ പോർച്ചു​ഗൽ പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്തായിരുന്നു ജർമൻ ​ഗോൾ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്

ജർമനിക്കെതിരെ ക്രിസ്റ്റ്യാനോയുടെ ​ഗോൾ/ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:45 am IST


ജർമനിക്ക് മുൻപിൽ പോർച്ചു​ഗൽ തോൽവിയിലേക്ക് വീണ്ടെങ്കിലും ഇവിടെ ക്രിസ്റ്റ്യാനോയുടെ ​ഗോൾ വന്ന വഴിയിൽ അത്ഭുതപ്പെട്ട് ഫുട്ബോൾ ലോകം. 15ാം മിനിറ്റിൽ ജർമനിയുടെ കോർണറിൽ പോർച്ചു​ഗൽ പോസ്റ്റിൽ നിന്ന് പന്ത് ക്ലിയർ ചെയ്തായിരുന്നു ജർമൻ ​ഗോൾ മുഖത്തേക്ക് പാഞ്ഞ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 

പോർച്ചു​ഗൽ ​പോസ്റ്റിൽ നിന്ന് ​ഗോൾ വല കുലുക്കാനായി ക്രിസ്റ്റ്യാനോ പാഞ്ഞെത്തിയത് 15 സെക്കന്റിൽ. 97 മീറ്റർ ഓട്ടത്തിൽ 36കാരനായ ക്രിസ്റ്റ്യാനോ ഇവിടെ പാഞ്ഞത് മണിക്കൂറിൽ 32 കിമീ വേ​ഗത്തിൽ. ഇതുകൊണ്ടും തീർന്നില്ല. ജർമൻ താരങ്ങളെ കബളിപ്പിച്ച് നോ ലുക്ക് ബാക്ക് ഹീലും ആരാധകരെ ത്രില്ലടിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ കാലുകളിൽ നിന്ന് വന്നു. 

കളിയിൽ 4-2നാണ് ക്രിസ്റ്റ്യാനോയും കൂട്ടരും തോൽവി വഴങ്ങിയത്. ഇതിൽ രണ്ടെണ്ണം പോർച്ചു​ഗലിന്റെ ഓൺ ​ഗോളുകളായിരുന്നു. റൂബൻ ഡയസ്, റാഫേൽ ​ഗുറെയ്റോ എന്നിവരുടെ സെൽഫ് ​ഗോളുകളാണ് പോർച്ചു​ഗലിന് വലിയ തിരിച്ചടി നൽകിയത്. കളിയുടെ 15ാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ​ഗോൾവല കുലുക്കിയിരുന്നു. ജർമനിയുടെ കോർണറിൽ നിന്നും കൗണ്ടർ അറ്റാക്കിലേക്ക് നീണ്ട പോർച്ചു​ഗൽ മുന്നേറ്റമാണ് ആദ്യ ​ഗോളിന് വഴിവെച്ചത്. ഡിയാ​ഗോ ജോട്ടയുടെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ​ഗോൾ. 

എന്നാൽ ജർമൻ ആക്രമണത്തിന് മുൻപിൽ ആടിയുലഞ്ഞ പോർച്ചു​ഗലിൽ നിന്ന് നാല് മിനിറ്റിന് ഇടയിൽ രണ്ട് സെൽ‌ഫ് ​ഗോളുകൾ എത്തിയതോടെ ക്രിസ്റ്റ്യാനോയും കൂട്ടരും സമ്മർദത്തിലായി. കിമ്മിച്ച് നീട്ടിയ ക്രോസിൽ ക്ലിയറൻസിനായി കാൽവെച്ച റൂബൻ ഡയസിന് പിഴയ്ക്കുകയായിരുന്നു. കിമ്മിച്ചിന്റെ ക്രോസിൽ ​ഗുറെയ്റോ കാൽ വെച്ചതോടെയാണ് രണ്ടാമത്തെ സെൽഫ് ​ഗോൾ വീണത്. 

രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ ജർമനിയുടെ മൂന്നാം ​ഗോൾ എത്തി. മുള്ളറിന്റെ പാസിൽ നിന്ന് ക്രോസ് ഹാവെർട്സ് ആണ് ഇവിടെ ​ഗോൾവല ചലിപ്പിച്ചത്. 60ാം മിനിറ്റിൽ ജോഷ്വാ കിമ്മിച്ചിന്റെ ​ഗോൾ വലയിലെത്തിച്ച് ​ഗോസെൻസ് ജർമനിയുടെ ലീഡ് നാലിലേക്ക് ഉയർത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now