രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിനെതിരെ മിന്നും ജയവുമായി ഓസ്ട്രേലിയൻ വനിതകൾ, പരമ്പര ഉറപ്പിച്ചു

AUS Women wins by 122 runs
ഇന്ത്യൻ വനിതാ ടീംSource by : എക്സ്
Last Updated :8 December 2024, 1:32 pm IST

News Now

ബ്രിസ്‌ബെയ്ന്‍: അഡ്‌ലെയ്ഡില്‍ പുരുഷ ടീം രണ്ടാം ടെസ്റ്റില്‍ ഓസീസിന് മുന്നില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വനിതാ ടീമിനും നിരാശ. രണ്ടാം ഏകദിനത്തില്‍ 122 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിനു മുന്നില്‍.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 8 വിക്കറ്റിനു 371 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറും ഈ പ്രകടനം തന്നെ. ജയം തേടിയിറങ്ങിയ ഇന്ത്യ 44.5 ഓവറില്‍ 249 റണ്‍സിനു എല്ലാവരും പുറത്തായി.

ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ റിച്ച ഘോഷ് അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 46 റണ്‍സുമായി മലയാളി താരം മിന്നു മണി പുറത്താകാതെ നിന്നു പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല.

ജെമി റോഡ്രിഗസ് (43), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (38) എന്നിവരും പൊരുതി. മറ്റാരും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. മെഗാന്‍ ഷുറ്റ്, കിം ഗാര്‍ത്, അഷ്‌ലി ഗാര്‍ഡ്‌നര്‍, സോഫി മൊളിനെക്‌സ്, അലന കിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ നാല് മുന്‍നിര ബാറ്റര്‍മാരുടെ മികച്ച ബാറ്റിങാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും ഇന്ത്യയുടെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിച്ചു.

എല്ലിസ് പെറി (105), ജോര്‍ജിയ വോള്‍ (101) എന്നിവരാണ് സെഞ്ച്വറി നേടിയത്. ഫോബ് ലിച്ഫീല്‍ഡ് (60), ബെത് മൂണി (56) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്. ഒസ്‌ട്രേലിയയുടെ ഒന്നാം വിക്കറ്റ് 130 റണ്‍സിലും രണ്ടാം വിക്കറ്റ് 222 റണ്‍സിലും മൂന്നാം വിക്കറ്റ് 320 റണ്‍സിലുമാണ് വീണത്.

ഇന്ത്യക്കായി സൈമ ഠാക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. മിന്നു മണി രണ്ട് വിക്കറ്റെടുത്തു. രേണുക സിങ്, ദീപ്തി ശര്‍മ, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates