പരിശീലക സ്ഥാനത്തേക്ക് ജയവര്‍ധനയെ സമീപിച്ച് ബിസിസിഐ? താത്പര്യമില്ലെന്ന് അറിയിച്ചതായി സൂചന

രവി ശാസ്ത്രിക്ക് ശേഷം മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്താന്‍ ജയവര്‍ധനെ വിസമ്മതിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

ന്യൂഡല്‍ഹി: കുംബ്ലേയെ സമീപിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് മഹേല ജയവര്‍ധനയെ ബിസിസിഐ പരിഗണിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രവി ശാസ്ത്രിക്ക് ശേഷം മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്താന്‍ ജയവര്‍ധനെ വിസമ്മതിച്ചതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ശ്രീലങ്കന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനാണ് ജയവര്‍ധനയ്ക്ക് താത്പര്യം എന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമാണ് ഇപ്പോള്‍ ജയവര്‍ധനെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയാല്‍ മറ്റൊരു സ്ഥാനം വഹിക്കാന്‍ പാടില്ല. 

ജയവര്‍ധനെ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ബിസിസിഐ അനില്‍ കുംബ്ലേയെ പരിഗണിക്കുന്നത്. അനില്‍ കുംബ്ലേയ്ക്ക് ഒപ്പം വിവിഎസ് ലക്ഷ്മണും ബിസിസിഐയുടെ റഡാറിലുണ്ട്. 

അനില്‍ കുംബ്ലേയോടും വിവിഎസ് ലക്ഷ്മണിനോടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 201617 കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു കുംബ്ലേ. എന്നാല്‍ കോഹ് ലിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കുംബ്ലേ രാജി പ്രഖ്യാപിച്ചു.

എന്നാല്‍ കുംബ്ലേയും വിവിഎസ് ലക്ഷ്മണും പരിശീലക സ്ഥാനത്തേക്ക് എത്താന്‍ താത്പര്യപ്പെടുന്നുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 100ന് മുകളില്‍ ടെസ്റ്റ് കളിച്ചിട്ടുള്ള താരങ്ങളാണ് വിവിഎസ് ലക്ഷ്മണും അനില്‍ കുംബ്ലേയും. പരിശീലക സ്ഥാനത്തും ഇവര്‍ക്ക് അനുഭവസമ്പത്തുണ്ട്.

ഇന്ത്യന്‍ മുന്‍ താരം പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ബിസിസിഐക്ക് താത്പര്യം. ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now