ബെന്‍ ഡുക്കറ്റ് 118 പന്തില്‍ 133*

സെഞ്ച്വറി നേടിയ ബെന്‍ ഡുക്കറ്റ്Source by : പിടിഐ
Last Updated :16 February 2024, 5:42 pm IST

News Now

രാജ്കോട്ട്: മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായിരുന്നു. മൂന്ന് ദിനവും എട്ട് വിക്കറ്റുകളും ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ 238 റണ്‍സ് കൂടി വേണം ഇംഗ്ലണ്ടിനു. നാളെ അതിവേഗം ഇംഗ്ലീഷ് ഇന്നിങ്‌സിനു തിരശ്ശീലയിടുകയായിരിക്കും ഇന്ത്യന്‍ ലക്ഷ്യം.

ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് നേടിയ അതിവേഗ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. താരം 118 പന്തില്‍ 21 ഫോറും രണ്ട് സിക്‌സും സഹിതം 133 റണ്‍സുമായി ഒരറ്റത്ത് ബാറ്റിങ് തുടരുന്നു. 9 റണ്‍സുമായി ജോ റൂട്ടാണ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഡുക്കറ്റിനു കൂട്ട്.

ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തു. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഡുക്കറ്റ് രാജ്‌കോട്ടില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. ആര്‍ അശ്വിനാണ് വിക്കറ്റ്.

37 റണ്‍സുമായി ഒലി പോപ്പിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിനു രണ്ടാമത് നഷ്ടമായത്. ഡുക്കറ്റിനൊപ്പം ടീമിനെ മുന്നോട്ടു നയിക്കുന്നതിനിടെ ഒലി പോപ്പിനെ മുഹമ്മദ് സിറാജാണ് മടക്കിയത്.

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.

രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്സന്‍, ടോം ഹാര്‍ട്ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates