ല​ങ്കയെ രക്ഷിച്ച് രജപക്സെ; കിരീടം നേടാൻ പാകിസ്ഥാന് വേണ്ടത് 171 റൺസ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 8.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 58 എന്ന തകരുകയായിരുന്നു

ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 9:06 am IST
Edited by :migrator

ദുബായ്: കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ തോളിലേറ്റി ഭനുക രജപക്സെ. ഏഷ്യാ കപ്പ് ഫൈനൽ പോരാട്ടത്തിൽ രജപക്സെയുടെ കരുത്തിൽ പാകിസ്ഥാന് മുന്നിൽ ശ്രീലങ്ക 171 റൺസ് വിജയ ലക്ഷ്യം വച്ചു. സൂപ്പർ ഫോർ പോരിൽ ശ്രീലങ്കയ്ക്കു കിട്ടിയ ടോസ് ഭാഗ്യം ഇത്തവണ പാകിസ്ഥാനായിരുന്നു. പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 8.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 58 എന്ന തകരുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഭാനുക രാജപക്‌സെയുടെ ( പുറത്താകാതെ 45 പന്തിൽ 71) ഇന്നിങ്സാണ് ലങ്കയ്ക്ക് കരുത്തായത്. ആറാം വിക്കറ്റിൽ ഭാനുകയും വാനിന്ദു ഹസരംഗയും (21 പന്തിൽ 36) ചേർന്നു 58 റൺസ് കൂട്ടിച്ചേർത്തതാണ് ശ്രീലങ്കയ്ക്ക് രക്ഷയായത്. 

ഇന്നിങ്സിന്റെ മൂന്നാം പന്തിൽ തന്നെ ലങ്കയ്ക്ക് ആദ്യ പ്രഹരമേറ്റു. ഓപ്പണർ കുശാൽ മെൻഡിസ് ഗോൾ‍ഡൻ ഡക്കായി പുറത്ത്. നസീം ഷായാണ് മെൻഡിസിന്റെ കുറ്റിത്തെറിപ്പിച്ചത്. നാലാം ഓവറിൽ മറ്റൊരു ഓപ്പണർ പതും നിസംഗയെ (11 പന്തിൽ 8) ഹാരിസ് റൗഫും പുറത്താക്കി. പിന്നീടെത്തിയ ധനഞ്ജയ ഡി സിൽവ (21 പന്തിൽ 28), ധനുഷ്‌ക ഗുണതിലക (4 പന്തിൽ 1), ക്യാപ്റ്റൻ ദസുൻ ഷനക (3 പന്തിൽ 2) എന്നിവരും അധികം വൈകാതെ മടങ്ങി.

ഇതിനു ശേഷമാണ് രാജപക്‌സെയും ഹസരംഗയും ഒത്തു ചേർന്നത്. 15 ഓവറിൽ റൗഫ് തന്നെയാണ് ഹസരംഗയുടെയും വിക്കറ്റ് വീഴ്ത്തിയത്. ലങ്കൻ നിരയിൽ ചമിക കരുണരത്‌നെയും (14 പന്തിൽ 14*) പുറത്താകാതെ നിന്നു. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നസീം ഷാ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now