സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇന്ന് ഇറങ്ങും

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:49 pm IST

News Now

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ത്യ ഇന്ന് ഇറങ്ങും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ബോക്‌സിങ് ഡേ ടെസ്റ്റിന് തുടക്കമാവും. സൗത്ത് ആഫ്രിക്കയില്‍ പരമ്പര നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്കിത്. എന്നാല്‍ സെഞ്ചൂറിയനിലെ സൗത്ത് ആഫ്രിക്കയുടെ കോട്ട തകര്‍ക്കുക ഇന്ത്യക്ക് വെല്ലുവിളിയാണ്.

ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് കളിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ ഇന്ത്യയെ പിടിച്ചുകെട്ടുക എളുപ്പമാവില്ല. ഫാസ്റ്റ് ബൗളര്‍ നോര്‍ജേ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ഡികോക്കും കളിച്ചേക്കില്ല. 

സെഞ്ചൂറിയന്‍ സൗത്ത് ആഫ്രിക്കയുടെ ഉരുക്കുകോട്ട

എന്നാല്‍ സെഞ്ചൂറിയന്‍ തങ്ങളുടെ ഉരുക്കുകോട്ടയാണെന്നതാണ് സൗത്ത് ആഫ്രിക്കയുടെ ആത്മവിശ്വാസം. സെഞ്ചൂറിയനില്‍ 26 ടെസ്റ്റ് കളിച്ചപ്പോള്‍ 21 ടെസ്റ്റിലും സൗത്ത് ആഫ്രിക്ക ജയം പിടിച്ചു. ഇവിടെ മൂന്ന് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ രണ്ട് ടെസ്റ്റിലാണ് തോല്‍വി വഴങ്ങിയത്. 

സെഞ്ചൂറിയനില്‍ കളിച്ച രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ ഗബ്ബയില്‍ 32 വര്‍ഷമായി ഓസ്‌ട്രേലിയ പടുത്തുയര്‍ത്തി നിന്ന കോട്ട തകര്‍ത്തതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. മധ്യനിരയില്‍ രഹാനെയോ ശ്രേയസ് അയ്യരോ എന്ന ചോദ്യമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. രഹാനെ പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍.