രാഹുലിന്റെ സെഞ്ച്വറി, മായങ്കിന്റെ അര്‍ധ ശതകം, ഫോമിലേക്ക് മടങ്ങിയെത്തി രഹാനെ; ഒന്നാം ദിനത്തില്‍ മികച്ച സ്‌കോറുമായി ഇന്ത്യ

ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:52 am IST

News Now

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മികച്ച സ്‌കോറുമായി ഇന്ത്യ. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍, അര്‍ധ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാള്‍, ഫോമിലേക്ക് മടങ്ങിയെത്തിയ അജിന്‍ക്യ രഹാനെ എന്നിവരുടെ മികച്ച ബാറ്റിങാണ് ആദ്യ ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രാഹുല്‍ 248 പന്തുകള്‍ നേരിട്ട് 122 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. 17 ഫോറുകളും ഒരു സിക്‌സും സഹിതമാണ് രാഹുല്‍ സെഞ്ച്വറി കുറിച്ചത്. ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് സെഞ്ചൂറിയനില്‍ കുറിച്ചത്. 

ഫോം ഇല്ലാതെ ദീര്‍ഘ നാളായി ഉഴറിയ അജിന്‍ക്യ രഹാനെയും മികവിലേക്ക് ഉയരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. രഹാനെയും പുറത്താകാതെ നില്‍ക്കുന്നു. എട്ട് ഫോറുകള്‍ സഹിതം രഹാനെ 81 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 

Story image

ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍- മായങ്ക് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇന്ത്യ ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പൂര്‍ത്തിയാക്കി. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെ 60 റണ്‍സ് എടുത്ത് നിന്ന മായങ്ക് അഗര്‍വാളിനെ എന്‍ഗിഡി വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 117 റണ്‍സ് രാഹുലിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്താണ് മായങ്ക് മടങ്ങിയത്. 

മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. 35 റണ്‍സുമായി കോഹ്‌ലി പവലിയനിലേക്ക് മടങ്ങി. 

എന്‍ഗിഡിയുടെ ഗുഡ് ലെങ്ത് ബോള്‍ മായങ്കിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ ഔട്ട് വിളിക്കാതിരുന്നതോടെ ദക്ഷിണാഫ്രിക്ക റിവ്യു എടുത്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നില്ലെന്ന് വ്യക്തമായി. ബോള്‍ ട്രാക്കിങ്ങില്‍ വിക്കറ്റില്‍ ഹിറ്റ് ചെയ്യുന്നെന്ന് വ്യക്തമായതോടെ മായങ്കിന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. 

പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജാരയും മടങ്ങി. പൂജാരയെ എന്‍ഗിഡി പീറ്റേഴ്സന്റെ കൈകളില്‍ എത്തിച്ചു. ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ഷോര്‍ട്ട് ലെഗ്ഗിലേക്ക് എത്തുകയായിരുന്നു. ആദ്യ സെഷനില്‍ ലൈനും ലെങ്ത്തും കണ്ടെത്താനാവാതെ വിഷമിച്ച എന്‍ഗിഡിയാണ് ഉച്ചഭക്ഷണത്തിന് ശേഷം ശക്തമായി തിരിച്ചെത്തിയത്. കോഹ്‌ലിയേയും എന്‍ഗിഡി തന്നെയാണ് മടക്കിയത്. ക്യാപ്റ്റന്‍ മള്‍ഡര്‍ക്ക് പിടി നല്‍കിയാണ് മടങ്ങിയത്. ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും എന്‍ഗിഡി പോക്കറ്റിലാക്കി.