'ബേബി എബി ഡിവില്ല്യേഴ്‌സ്' ചെന്നൈ സൂപ്പര്‍ കിങ്‌സില്‍!

ഗ്ലെന്‍ ഫിലിപ്‌സിന്റെ പകരക്കാരനെ എത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സും

Chennai Super Kings sign Dewald Brevis
ഡെവാള്‍ഡ് ബ്രെവിസ്എക്‌സ്‌
Edited by :renjith.k
Last Updated :18 ഏപ്രിൽ 2025, 5:26 pm IST

ചെന്നൈ: ബേബി എബി ഡിവില്ല്യേഴ്‌സ് എന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡെവാള്‍ഡ് ബ്രെവിസ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. പരിക്കേറ്റ് പുറത്തായ ഗുര്‍ജപ്‌നീത് സിങിനു പകരക്കാരനായാണ് വമ്പനടിക്കാരനായ യുവ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. 2.2 കോടി രൂപയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്. കൂറ്റനടിക്കാരനായ താരത്തിന്റെ വരവ് ടീമിന്റെ ബാറ്റിങ് ബലം കൂട്ടുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം മിന്നും ഫോമിലാണെന്നത് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം കൂടിയാണ്.

2022ലും 2024ലും മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരമാണ് ബ്രെവിസ്. 81 ടി20 മത്സരങ്ങളില്‍ നിന്നായി 1787 റണ്‍സാണ് സമ്പാദ്യം. 162 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി 2 അന്താരാഷ്ട്ര ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ എസ്എ ടി20 പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സഹോദര ടീമായ എംഐ കേപ് ടൗണിനു പ്രഥമ എസ്എ20 കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് ബേബി എബി ഡിവില്ല്യേഴ്‌സ്. ഫൈനലില്‍ താരം 18 പന്തില്‍ 38 റണ്‍സ് അടിച്ചാണ് ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ചത്.

ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ 75 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഒരു ടീമുകളും താരത്തെ സ്വന്തമാക്കാന്‍ താത്പര്യപ്പെട്ടില്ല.

ദസുന്‍ ഷനക

ദസുന്‍ ഷനക - എക്‌സ്‌

ഗ്ലെന്‍ ഫിലിപ്‌സിന്റെ പകരക്കാരന്‍ ദസുന്‍ ഷനക

മുന്‍ ശ്രീലങ്കന്‍ നായകനും ഓള്‍ റൗണ്ടറുമായ ദസുന്‍ ഷനകയും ഐപിഎല്ലിലേക്ക്. താരത്തെ ഗുജറാത്ത് ടൈറ്റന്‍സാണ് ടീമിലെത്തിച്ചത്. പരിക്കേറ്റ് പുറത്തായ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ പകരക്കാരനായാണ് ഷനക വരുന്നത്. 75 ലക്ഷം രൂപയ്ക്കാണ് താരം ടീമില്‍ ചേര്‍ന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് ഗ്ലെന്‍ ഫിലിപ്‌സിനു പരിക്കേറ്റത്. പരിക്ക് സാരമുള്ളതായതിനാല്‍ താരം ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now