ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയ്ക്ക് 164 റണ്‍സ് വിജയലക്ഷ്യം.

Image Credit: T20 World Cup
Last Updated :20 January 2024, 8:50 am IST

News Now

ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയ്ക്ക് 164 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. തകര്‍ത്തടിച്ച ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് നെടുംതൂണായത്. നായകന്‍ ഒയിന്‍ മോര്‍ഗനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

മൂന്നിന് 35 എന്ന സ്‌കോറില്‍ നിന്ന ഇംഗ്ലണ്ടിനെ ബട്‌ലര്‍ രക്ഷിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ 12 റണ്‍സടിച്ച് ഇരുവരും നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ ജേസണ്‍ റോയിയെ ക്ലീന്‍ ബൗള്‍ഡാക്കി വാനിന്‍ഡു ഹസരംഗ ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി. ആറുപന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

റോയ്ക്ക് പകരം ക്രീസിലെത്തിയെ ഡേവിഡ് മലാനയെ ശ്രീലങ്കന്‍ നായകന്‍ ദുഷ്മന്ത ചമീര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ജോണി ബെയര്‍സ്‌റ്റോ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹസരംഗയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതോടെ ഇംഗ്ലണ്ട് 35 ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ബെയര്‍സ്‌റ്റോയ്ക്ക് പകരം നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തി. 

റണ്‍സ് കണ്ടെത്താന്‍ മോര്‍ഗനും ബട്‌ലറും കഷ്ടപ്പെട്ടതോടെ ആദ്യ പത്തോവറില്‍ ഇംഗ്ലണ്ടിന് വെറും 47 റണ്‍സ് മാത്രമാണ് നേടാനായത്. 10.1 ഓവറിലാണ് ടീം സ്‌കോര്‍ 50 കടന്നത്. സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞതോടെ ബട്‌ലര്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. കരുണരത്‌നെയെറിഞ്ഞ 13ാം ഓവറില്‍ തുടര്‍ച്ചയായി ഫോറും സിക്‌സും നേടിക്കൊണ്ട് ബട്‌ലര്‍ ഫോമിലേക്കുയര്‍ന്നു. വൈകാതെ താരം അര്‍ധസെഞ്ചുറിയും നേടി. 45 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. 

15 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. അതിനുശേഷം ബട്‌ലര്‍ അപകടകാരിയായി മാറി. തുടര്‍ച്ചയായി സിക്‌സും ഫോറും പായിച്ച് ബട്‌ലര്‍ അപകടം വിതച്ചു. മോര്‍ഗന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഇംഗ്ലണ്ട് തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയര്‍ന്നു. ശ്രീലങ്കന്‍ നായകന്‍ ശനക എറിഞ്ഞ 18ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച് ബട്‌ലര്‍ ആഞ്ഞടിച്ചു. മോര്‍ഗനും ബട്‌ലറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 

19ാം ഓവറില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച മോര്‍ഗനെ ഹസരംഗ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ബട്‌ലര്‍ ടീം സ്‌കോര്‍ 150 കടത്തി. ഓവറിലെ അവസാന പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ബട്‌ലര്‍ സെഞ്ചുറി നേടി. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. 67 പന്തുകളില്‍ നിന്ന് ആറുവീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ പുറത്താവാതെ 101 റണ്‍സെടുത്ത് ബട്‌ലര്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്‍ഡു ഹസരംഗ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ചമീര ഒരു വിക്കറ്റ് സ്വന്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates