
22 പേരുമായി തുടങ്ങി, കളി തീർന്നപ്പോൾ 19 താരങ്ങൾ മാത്രം! 3 റെഡ് കാർഡുകൾ; ലോകകപ്പ് ചരിത്രത്തിൽ ആദ്യം
മെക്സിക്കോ- ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരത്തിൽ 3 താരങ്ങൾക്ക് റെഡ് കാർഡ്

മെക്സിക്കോ സിറ്റി: സംഭവ ബഹുലമായിരുന്നു 23ാം ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരം. വിഖ്യാത താരങ്ങളായ പെലെയും മറഡോണയും ലോകകപ്പുയർത്തിയ മണ്ണായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഉദ്ഘാടന മത്സരത്തിൽ തന്നെ പിറന്നത് 3 റെഡ് കാർഡുകൾ! മെക്സിക്കോ- ദക്ഷിണാഫ്രിക്ക ഉദ്ഘാടന പോരിലാണ് 3 ചുവപ്പ് കാർഡുകൾ വീശിയത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ തന്നെ ഇത്രയും റെഡ് കാർഡുകൾ കാണുന്നത്.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിറ്റോളെയും ടെംബ സാനെയും മെക്‌സിക്കോ താരം സെസാർ മൊണ്ടെസുമാണ് ലോകകപ്പിലെ ആദ്യ പോരിൽ തന്നെ റെഡ് കാർഡ് കണ്ടവർ. മെക്‌സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്‌സിന് പുറത്ത് വീഴ്ത്തിയതിനാണ് 50ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം യായ സിറ്റോളെയ്ക്കു നേരെ റഫറി റെഡ് കാർഡുയർത്തിയത്. മെക്‌സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡ് നൽകുകയായിരുന്നു.
രണ്ടാം പകുതിയിൽ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 84ാം മിനിറ്റിൽ അടുത്ത റെഡും കിട്ടി. അൽവരാഡോയ്‌ക്കെതിരായ ഫൗളിനാണ് ടെംബ സാനെയ്ക്ക് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടി വന്നത്. ഇതോടെ ദക്ഷിണാഫ്രിക്ക ഒൻപത് പേരായി ചുരുങ്ങി. കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരെ പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്‌സിക്കോ താരം സെസാർ മൊണ്ടെസിനു റെഡ് കാർഡ് കിട്ടിയത്.
മത്സരത്തിൽ 2-0ത്തിനു മെക്സിക്കോ വിജയം പിടിച്ചു. ഇതാദ്യമായാണ് അവർ ലോകകപ്പിലെ ഉദ്ഘാടന പോരാട്ടം വിജയിക്കുന്നത്. മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ബഹുമതിയും ആദ്യ മത്സരത്തിലൂടെ എസ്റ്റാഡിയോ അസ്റ്റെക്ക സ്വന്തമാക്കി.
ക്വിനോനെസിന്റെ ഗോൾ
മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ തന്നെ മെക്സിക്കോ ലീഡ് എടുത്തു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ താരം സിറ്റോലെയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത ജൂലിയൻ ക്വിനോനെസ് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. 80,000ത്തിലധികം വരുന്ന കാണികളുടെ സാന്നിധ്യം ആദ്യ നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ കളിക്കാരെ സമ്മർദ്ദത്തിലാക്കി.
ജിമെനെസിന്റെ ഗോൾ
മെക്സിക്കോ 67ാം മിനിറ്റിൽ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. കൗണ്ടർ അറ്റാക്കിനൊടുവിൽ റോബർട്ടോ അൽവാരഡോ നൽകിയ മികച്ച ക്രോസ് വെറ്ററൻ സ്ട്രൈക്കർ റൗൾ ജിമെനെസ് ഹെഡ്ഡറിലൂടെ വലയിലാക്കുകയായിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
For the first time in FIFA World Cup history, 3 red cards were shown in the opening match of a World Cup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



