'പോർച്ചു​ഗൽ... ക്രിസ്റ്റ്യാനോ റൊണാൾഡോ 'ഈ​ഗോ'യിൽ തൂക്കി നിർത്തിയ ദയനീയ സംഘം!'

പോർച്ചു​ഗൽ ടീമിന്റെ തന്ത്രങ്ങളെ കടുത്ത ഭാഷയിൽ പരിഹസിച്ച് സ്വീഡിഷ് ഇതിഹാസ താരം സ്ലാട്ടൻ ഇബ്രാഹിമോച്

Cristiano Ronaldo, Zlatan Ibrahimovic
Cristiano Ronaldo, Zlatan Ibrahimovic ap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 ജൂലൈ 2026, 3:09 pm IST

ആരാധകർ പ്രതീക്ഷയോടെ നോക്കിയ സംഘമാണ് പോർച്ചു​ഗലിന്റേത്. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടവർ. എന്നാൽ ടീം പ്രീ ക്വാർട്ടറിൽ എത്തിയിട്ടും മികച്ചത് എന്നു പറയാൻ സാധിക്കുന്ന ഒരു പ്രകടനം മാത്രമാണ് ടീമെന്ന നിലയിൽ അവർ പുറത്തെടുത്തത്. ഇപ്പോഴിതാ സൂപ്പർ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെയും പോർച്ചു​ഗലിന്റെ കളിയോടുള്ള സമീപനത്തേയും കടുത്ത ഭാഷയിൽ പരിഹസിക്കുകയാണ് സ്വീഡൻ ഇതിഹാസ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്.

റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി പോർച്ചുഗൽ ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് നാടകീയമായി യോഗ്യത നേടിയെങ്കിലും, ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരുന്നു. പിന്നാലെയാണ് ഇബ്രാഹിമോവിച്ച് വെറ്ററൻ ഫോർവേഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. 41കാരനായ റൊണാൾഡോയെ കേന്ദ്രീകരിച്ച് മുന്നേറ്റനിര കെട്ടിപ്പടുക്കുന്ന റോബർട്ടോ മാർട്ടിനെസിന്റെ പോർച്ചുഗൽ ടീമിന് 2026 ഫിഫ ലോകകപ്പിൽ യാഥാർഥ്യബോധത്തോടെ വെല്ലുവിളി ഉയർത്താൻ സാധിക്കുമോ എന്ന് ഇബ്രാഹിമോവിച്ച് ചോദിക്കുന്നു.

'പോർച്ചുഗൽ ആരാധകർക്ക് ഇപ്പോൾ സംഭവിക്കുന്നത് മുൻകൂട്ടി പ്രതീക്ഷിക്കാമായിരുന്നു. 41 വയസുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നേറ്റനിരയെ നയിക്കുമ്പോൾ 2026ൽ നിങ്ങൾക്ക് എന്തെങ്കിലും നേടാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. പ്രത്യേകിച്ച് പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ ​ഗോൺസാലോ റാമോസ് ബെഞ്ചിലിരിക്കുമ്പോൾ.'

റൊണാൾഡോയുടെ നിലവിലെ പ്രകടനത്തേക്കാൾ അദ്ദേഹത്തിന്റെ ഇതിഹാസ പദവിയാണ് ടീമിലെ സ്ഥാനത്തിനു പിന്നിലെന്ന് മുൻ എസി മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം തുറന്നടിച്ചു. ഒരു കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും ഭയമുണർത്തുന്ന സ്ട്രൈക്കറാക്കി മാറ്റിയ ആ ചടുലതയോ ഫിനിഷിങ് മികവോ പോർച്ചു​ഗൽ നായകന് ഇപ്പോൾ ഇല്ലെന്നും ഇബ്രാഹിമോവിച്ച് വിശ്വസിക്കുന്നു.

'ഇതിഹാസതുല്യമായ നേതൃ ​ഗുണമല്ല ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ കാണിക്കുന്നത്. മറിച്ച് അദ്ദേഹത്തിന്റെ ഈ​ഗോ ടീമിനെ ബന്ദിച്ചു നിർത്തിയിരിക്കുകയാണ്. റൊണാൾഡോയ്ക്ക് അദ്ദേഹത്തിന്റെ ടച്ചും ചലന വേഗതയുമൊക്കെ നഷ്ടപ്പെട്ടു. ഇപ്പോൾ അദ്ദേഹം ബോക്സിനുള്ളിൽ മാത്രമായി ഒതുങ്ങുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കാലുകളേക്കാൾ പഴയ പ്രഭാവമാണ് ടീമിലെ സ്ഥാനം താങ്ങി നിർത്തുന്നത്. വെറും ഭൂതകാല കുളിരിലാണ് അദ്ദേഹത്തെ ഇപ്പോൾ ആദ്യ ഇലവനിൽ ഇറക്കുന്നത്.'

പോർച്ചുഗൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയെങ്കിലും, റൊണാൾഡോയുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. തങ്ങളുടെ ഐക്കണിക് ക്യാപ്റ്റനെ മുന്നേറ്റ നിരയുടെ പ്രധാന കേന്ദ്രമായി തുടർന്നും ആശ്രയിച്ചാൽ ലോകകപ്പ് ഉയർത്താനുള്ള പോർച്ചുഗലിന്റെ മോഹങ്ങൾക്ക് അത് തിരിച്ചടിയാകുമെന്ന സ്വീഡിഷ് ഇതിഹാസം ഇബ്രാഹിമോവിച്ചിന്റെ വാക്കുകൾ ഈ ചർച്ചകളെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

പ്രീ ക്വാർട്ടറിൽ കരുത്തരായ സ്പെയിനുമായാണ് പോർച്ചു​ഗൽ പോരാടുന്നത്. ക്രൊയേഷ്യക്കെതിരെ പോർച്ചുഗൽ തിരിച്ചുവരവ് നടത്തിയ മത്സരത്തിന് പിന്നാലെയാണ് ഇബ്രാഹിമോവിചിന്റെ തുറന്നടിച്ചുള്ള വിലയിരുത്തൽ. ക്രൊയേഷ്യക്കെതിരായ പോരാട്ടത്തിൽ ഒരേയൊരു ടച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. അതാകട്ടെ പെനാൽറ്റി കിക്കുമായിരുന്നു.

News Now

Summary

Ibrahimovic questioned whether Roberto Martinez's side could realistically challenge for the 2026 FIFA World Cup while continuing to build their attack around the 41-year-old Cristiano Ronaldo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates