'ഐ ആം ബാക്ക് ! അത് വളരെ കഠിനമായിരുന്നു'; ഹൂസ്റ്റണെ ആവേശത്തിലാഴ്ത്തി 'CR 7'

'ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതുപോലെയാണ് പലര്‍ക്കും തോന്നിയത്. പക്ഷേ, എപ്പോഴത്തെയും പോലെ ഞാന്‍ പിടിച്ചുനിന്നു'

Cristiano Ronaldo
Cristiano RonaldoA P
Edited by :Jayakumar
Last Updated :24 ജൂൺ 2026, 8:58 am IST

ഹൂസറ്റണ്‍: ''റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്, എന്നാല്‍ ദേശീയ ടീമിനെ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് എന്റെ ദൗത്യം. കഴിഞ്ഞുപോയത് പ്രയാസകരമായ ആഴ്ചയായിരുന്നു, ഇരുണ്ട ഒരു ആഴ്ച. ഞാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതുപോലെയാണ് പലര്‍ക്കും തോന്നിയത്. പക്ഷേ, എപ്പോഴത്തെയും പോലെ ഞാന്‍ പിടിച്ചുനിന്നു, കാരണം മറ്റെന്തിനേക്കാളും ഞാന്‍ വിശ്വസിക്കുന്നത് കഠിനാധ്വാനത്തിലാണ്. അത് കഠിനമായിരുന്നു, എനിക്കത് സമ്മതിക്കാതെ വയ്യ, പക്ഷേ നമ്മള്‍ തിരിച്ചെത്തിയിരിക്കുന്നു.'' മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോയുടെ വാക്കുകള്‍ അദ്ദേഹം നേരിട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകളും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളും കഠിനാധ്വാനം കൊണ്ട് മറികടന്ന റോണോ, ലോകഫുട്‌ബോളില്‍ താനിപ്പോഴും മൂല്യമേറിയ താരം തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു. മത്സരത്തില്‍ രണ്ടു ഗോളുകളാണ് 41 കാരനായ രൊണാള്‍ഡോ നേടിയത്. ഇതോടെ ലോകകപ്പിലെ ഗോള്‍നേട്ടം പത്തായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റോണോ കരസ്ഥമാക്കി. പോര്‍ച്ചുഗീസ് ഇതിഹാസ താരം യൂസേബിയോയെയാണ് റോണോ മറികടന്നത്.

2006 മുതല്‍ തുടര്‍ച്ചയായി ആറു ലോകകപ്പുകളിലും ഗോള്‍ നേടുന്ന താരമെന്ന റെക്കോഡഡും റോണോയ്ക്ക് സ്വന്തമായി. മെസിയെപ്പോലും മറികടന്നാണ് റോണോ ചരിത്രം തിരുത്തിയത്. അന്താരാഷ്ട്ര പുരുഷ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (143 ഗോളുകള്‍) എന്ന റെക്കോര്‍ഡുമായാണ് ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിന് റൊണാള്‍ഡോ ഇറങ്ങിയത്. കോംഗോയ്‌ക്കെതിരെ നിറം മങ്ങിയ റൊണാള്‍ഡോയെ പുറത്തിരുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ റോണോയുടെ കാലുകളിലെ പ്രഹരശേഷിയില്‍ വിശ്വാസമര്‍പ്പിച്ച കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിനോടുള്ള കടപ്പാടു കൂടിയായിരുന്നു എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍.

മത്സരത്തിന്റെ ആറാം മിനിറ്റിലാണ് ഹൂസ്റ്റണിലെ 68,000 ലേറെ വരുന്ന കാണികളെ ആവേശത്തേരിലേറ്റി റോണോ ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് ജാവോ കാന്‍സലോ നല്‍കിയ ക്രോസ്സ് തകര്‍പ്പന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാള്‍ഡോ വലയിലെത്തിച്ചപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗോളിക്ക് കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ. ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. 39ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. മധ്യനിരയില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ അളന്നുമുറിച്ച ത്രൂ-ബോള്‍ സ്വീകരിച്ച് ഓഫ്സൈഡ് ട്രാപ്പ് ഭേദിച്ച് ഓടിക്കയറിയ റൊണാള്‍ഡോ ക്ലിനിക്കല്‍ ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ചു.

2022 ലോകകപ്പിൽ ഘാനയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പ്രധാന ടൂർണമെന്റിൽ ഇതിനു മുൻപ് റൊണാൾഡയുടെ ഗോൾനേട്ടം. ഉസ്ബെക്കിസ്ഥാനെതിരായ ഗോൾനേട്ടത്തോടെ ആറു ലോകകപ്പിൽ സ്കോർ ചെയ്യുന്ന ഏക താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. രാജ്യാന്തര മത്സരങ്ങളിൽ നീണ്ട പത്തു മത്സരങ്ങളിലെ ഗോൾവരൾച്ചയ്ക്കു ശേഷമാണ് റൊണാൾഡയോടെ ​ഗംബീര തിരിച്ചുവരവ്. ഇരട്ട ​ഗോളോടെ ടീമിന്റെ വിജയത്തിൽ നിർണായ പങ്കു വഹിക്കാനും റൊണാൾഡോയ്ക്കായി. ശനിയാഴ്ച കൊളംബിയക്കെതിരെയാണ് പോർച്ചു​ഗലിന്റെ അടുത്ത മത്സരം.

News Now

Summary

Ronaldo was seen saying, "I'm back, I'm back"

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates