'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

തുടര്‍ച്ചയായി ആറു ലോകകപ്പുകളിലും ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി

Cristiano Ronaldo
Cristiano RonaldoAP
Edited by :Jayakumar
Last Updated :24 ജൂൺ 2026, 7:08 am IST

ഹൂസ്റ്റണ്‍: വിമര്‍ശനങ്ങളെ തകര്‍ത്തെറിഞ്ഞ്, റെക്കോര്‍ഡുകള്‍ കൈപ്പിടിയിലാക്കിക്കൊണ്ടുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുതിപ്പില്‍, പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് കെയിലെ നിര്‍ണായക മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ഇരട്ട ഗോളുകളോടെ മുന്നില്‍ നിന്നു നയിച്ച നായകന്‍ റോണോയുടെ ചിറകിലായിരുന്നു പോര്‍ച്ചുഗീസ് ടീമിന്റെ തേരോട്ടം.

നിറം മങ്ങിയെന്നും ഇനിയൊരു തിരിച്ചു വരവില്ലെന്നുമുള്ള വിമര്‍ശനങ്ങളുടെ നടുവിലാണ്, സമ്മര്‍ദ്ദങ്ങളുടെ കൊടുമുടിയിലാണ് റോണാള്‍ഡോ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും, ഇനിയുമേറെ കളിമികവ് തനിക്കുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള ഇരട്ട ഗോളുകള്‍ നേടിയത്. കോംഗോയ്ക്കെതിരേ കണ്ട പോര്‍ച്ചുഗലും റൊണാള്‍ഡോയും ആയിരുന്നില്ല ഉസ്ബെക്കിസ്ഥാനെതിരെ കണ്ടത്. കളിയില്‍ മാത്രമല്ല, മനോഭാവത്തിലും അടിമുടി മാറ്റം പ്രകടമായിരുന്നു.

കളിയുടെ ആറാം മിനിറ്റിലാണ് ലോകം കാത്തിരുന്ന റോണോ ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് ജാവോ കാന്‍സലോ നല്‍കിയ ക്രോസ്സ് തകര്‍പ്പന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ റൊണാള്‍ഡോ വലയിലെത്തിച്ചപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗോളിക്ക് കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ. ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. 2006 മുതല്‍ തുടര്‍ച്ചയായി ആറു ലോകകപ്പുകളിലും ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് റോണോയ്ക്ക് സ്വന്തമായി. മെസിയെപ്പോലും മറികടന്നാണ് റോണോ ചരിത്രം തിരുത്തിയത്.

നാല്‍പത്തൊന്നുകാരനായ താരം 'സിയൂ' ആഘോഷം പുറത്തെടുത്തപ്പോള്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോള്‍ സ്‌കോററാണ് റൊണാള്‍ഡോ. 41 വയസ്സും 138 ദിവസവുമാണ് താരത്തിന്റെ പ്രായം. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ മുന്‍ കാമറൂണ്‍ താരം റോജര്‍ മില്ലയാണ്. 1994 ല്‍ അമേരിക്കയില്‍ വെച്ച് നടന്ന ലോകകപ്പില്‍ റഷ്യക്കെതിരേയാണ് റോജര്‍ മില്ല റെക്കോഡ് ഗോള്‍ നേടിയത്. അന്ന് ഗോള്‍ നേടുമ്പോള്‍ റോജര്‍ മില്ലയുടെ പ്രായം 42 വയസ്സും 39 ദിവസവുമാണ്.

17-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് ന്യൂനോ മെൻഡിസ് ടീമിന്റെ ലീഡുയർത്തി. ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് റോണയിലൂടെ പോർച്ചുഗൽ വീണ്ടും വലകുലുക്കി. പോർച്ചുഗലിന്റെ കിടിലൻ കൗണ്ടർ അറ്റാക്കിനൊടുക്കമാണ് ഗോൾ പിറന്നത്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ ത്രൂപാസ് ഉസ്‌ബെക്ക് പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക്. കാലിലെത്തിയ പന്ത് ക്ലിനിക്കൽ ഫിനിഷിലൂടെ റോണോ വലയിലെത്തിച്ചു. ഈ ​ഗോളോടെ ലോകകപ്പിൽ പോർച്ചുഗലിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും റോണോയ്ക്കായി. ഇതിഹാസതാരം യുസേബിയോയെ ആണ് മറികടന്നത്.

രണ്ടാം പകുതിയുടെ 60-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ നാലാം ഗോൾ പിറന്നത്. ഉസ്‌ബെക്ക് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം പിറന്ന സെൽഫ് ഗോളിലൂടെ പോർച്ചുഗൽ ലീഡുയർത്തി. ഉസ്‌ബെക്കിസ്ഥാൻ താരം നെമാറ്റോവാണ് സെൽഫ് ഗോളടിച്ചത്. പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ 87-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി പോർച്ചുഗൽ വിജയവും ഉസ്‌ബെക്കിസ്ഥാൻ പതനവും പൂർത്തിയാക്കി. വലതു വിങ്ങിൽ നിന്ന് നെൽസൺ സെമെഡോ നൽകിയ മനോഹരമായ ഒരു ക്രോസ് സ്വീകരിച്ച് ലിയാവോ ബോക്സിന്റെ മുകളിൽ നിന്ന് തൊടുത്ത ഷോട്ട് ഉസ്ബെക്ക് വലയുടെ ഇടത് മൂലയിലേക്ക് കയറി‍. ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ റൊണാൾഡോയ്ക്ക് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. ശനിയാഴ്ച കൊളംബിയക്കെതിരെയാണ് പോർച്ചു​ഗലിന്റെ അടുത്ത മത്സരം.

News Now

Summary

Ronaldo scores twice as Portugal beats Uzbekistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates