'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'

സ്പെയിൻ ഇന്ന് ലോകകപ്പിലെ ആദ്യ പോരിനിറങ്ങുന്നു, എതിരാളികൾ കാബോ വെർദെ, മത്സരം ഇന്ത്യൻ സമയം രാത്രി 9.30 മുതൽ

Lamine Yamal
Nico Williams , Lamine Yamalx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 ജൂൺ 2026, 1:38 pm IST

അറ്റ്ലാന്റ: രണ്ടാം ലോക കിരീടം തേടി സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു. കാബോ വെർദെ (കേപ് വെർ​ദെ) ആണ് എതിരാളികൾ. ​ഗ്രൂപ്പ് എച്ചിലെ ഈ പോരാട്ടം ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ്. മത്സരത്തിനിറങ്ങുന്ന സ്പെയിനിന്റെ ആദ്യ ഇലവനിൽ യുവ വിസ്മയവും ബാഴ്സലോണ താരവുമായ ലമീൻ യമാൽ കളിക്കില്ലെന്നു കോച്ച് ലൂയീസ് ഡെലഫ്യുണ്ടെ വ്യക്തമാക്കി. താരം പകരക്കാരന്റെ റോളിലായിരിക്കും. പരിക്കിൽ നിന്നു പൂർണമായി താരം മുക്തനായിട്ടില്ലെന്നാണ് പരിശീലകൻ പറയുന്നത്. യമാലിനൊപ്പം നിക്കോ വില്ല്യംസ്, വിക്ടർ മുനിയോസ് എന്നിവരും ആദ്യ ഇലവനിലുണ്ടാകില്ലെന്നു പരിശീലകൻ പറഞ്ഞു.

യൂറോ 2024 കിരീടനേട്ടത്തിന്റെ കരുത്തിൽ മികച്ച ആക്രമണ നിരയുടെ പിൻബലത്തിലാണ് ടൂർണമെന്റിലെ കിരീട സാധ്യതയുള്ള മുൻനിര ടീമുകളിലൊന്നായി സ്പെയിൻ എത്തുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ലാമീൻ യമാൽ, നിക്കോ വില്യംസ്, വിക്ടർ മുനിയോസ് എന്നിവർ കളിക്കാൻ തയാറാണെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് പരിശീലകൻ വ്യക്തമാക്കിയത്.

'യമാൽ മികച്ച രീതിയിൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് പോസിറ്റീവാണ്. അദ്ദേഹം കൃത്യമായ റിക്കവറി പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്ന മറ്റ് താരങ്ങളെപ്പോലെ തന്നെ യമാലും മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. അവരെല്ലാവരും ടീമിനൊപ്പമുണ്ടാകുമെങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ കളിക്കാൻ അവർക്ക് കഴിയില്ല. മത്സരം എങ്ങനെ പുരോഗമിക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ യമാൽ അടക്കമുള്ളവരെ ഇറക്കണമോ എന്നു ഞങ്ങൾ തീരുമാനിക്കു'- കോച്ച് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഗ്രോയിൻ, ഹാംസ്ട്രിങ് പരിക്കുകൾ അലട്ടിയതിനാൽ യമാൽ ഒരു ഔദ്യോഗിക മത്സരം പോലും കളിച്ചിട്ടില്ല. ബാഴ്സലോണ താരമായ യമാലിന് സ്പെയിനിന്റെ സമീപകാല വാം അപ്പ് മത്സരങ്ങളും നഷ്ടമായിരുന്നു. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിന്നു.

ആശങ്കക്കിടയിലും കൗമാര താരത്തിന്റെ റിക്കവറി കൃത്യമായ പാതയിലാണെന്നും സ്പെയിൻ മറ്റൊരു ലോകകപ്പ് കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണെന്നും ഡെല ഫ്യുണ്ടെ വ്യക്തമാക്കി. പരിക്കിന്റെ ആശങ്കകളോടെയാണ് യമാൽ ലോകകപ്പിനെത്തിയത്. ആഴ്ചകളോളം താരത്തെ പുറത്തിരുത്തിയ ഹാംസ്ട്രിങ്, ഗ്രോയിൻ പരിക്കുകൾ കാരണം ലോകകപ്പിന് മുന്നോടിയായുള്ള സ്പെയിന്റെ സൗഹൃദ മത്സരങ്ങളും നഷ്ടമായി.

ആദ്യ മത്സരത്തിൽ ബാഴ്സലോണ വിങ്ങറായ യമാലിന് പൂർണ വിശ്രമം അനുവദിക്കേണ്ടി വരുമെന്നും. സൗദി അറേബ്യക്കെതിരെയുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ മാത്രമായിരിക്കും താരം തിരിച്ചെത്തുക എന്നുമാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ സ്പെയിനിന്റെ മെഡിക്കൽ സംഘം താരത്തിന്റെ പരിശീലന സമയം ഘട്ടംഘട്ടമായി വർധിപ്പിക്കുകയും നിലവിൽ സ്ക്വാഡിനൊപ്പം പൂർണ പരിശീലനത്തിലേക്ക് താരം മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. 90 മിനിറ്റ് മുഴുവൻ കളിക്കാൻ യമാൽ സജ്ജനായിട്ടില്ലെങ്കിലും താരം പൂർണ ഫിറ്റ്നസ് ഉടൻ തന്നെ വീണ്ടെടുക്കുമെന്നു പരിശീലകൻ പ്രത്യാശിക്കുന്നു.

News Now

Summary

Spain have received a fitness boost ahead of their World Cup opener, but fans may have to wait a little longer to see Lamine Yamal from the start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates