മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തി; കളിയാക്കിയ ബ്രസീല്‍ ആരാധകനെ അര്‍ജന്റീന ആരാധകര്‍ തല്ലിക്കൊന്നു

ലോകകപ്പില്‍ വിവാദമുയര്‍ന്ന മത്സരങ്ങളിലൊന്നായിരുന്നു അര്‍ജന്റീന-ഈജിപ്ത് പോരാട്ടം

messi
ലയണല്‍ മെസിGetty
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :11 ജൂലൈ 2026, 2:38 pm IST

ധാക്ക: ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ഈജിപ്ത് മത്സരത്തിനിടെ ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒരു ബ്രസീല്‍ ആരാധകന്‍ അടിയേറ്റു മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് ഷരീഫുല്‍ ഇസ്ലാമാണ് അര്‍ജന്റീന ആരാധകരുടെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈജിപ്തിനെതിരെ അര്‍ജന്റീന കളിക്കുമ്പോഴായിരുന്നു സംഭവം. ബ്രസീല്‍ ആരാധകനായ ഷരീഫുല്‍ മത്സരത്തില്‍ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്. കളിയില്‍ ഈജിപ്ത് മുന്നിലെത്തുകയും, പിന്നാലെ അര്‍ജന്റീന നായകന്‍ മെസിക്ക് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോവുകയും ചെയ്തു.

ചായക്കടയിലിരുന്ന് കളി കാണുകയായിരുന്ന ഷരീഫുല്‍, അവിടെയുണ്ടായിരുന്ന അര്‍ജന്റീന ആരാധകരെ പരിഹസിച്ചു. 'നിങ്ങളുടെ പിതാവിന് (മെസിക്ക്) ഒരു ഗോള്‍ പോലും നേടാനായില്ലല്ലോ' എന്ന ഷരീഫുലിന്റെ പരാമര്‍ശം അര്‍ജന്റീന ആരാധകരെ പ്രകോപിപ്പിച്ചു. ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് കൈയാങ്കളിയിലും കലാശിച്ചു. സംഭവസ്ഥലത്തുവെച്ച് അര്‍ജന്റീന ആരാധകരുടെ ക്രൂരമര്‍ദ്ദനമേറ്റ ഷരീഫുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്ന ഷരീഫുലിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ ആഘാതമായെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഒരു ഫുട്‌ബോള്‍ കളിയുടെ പേരില്‍ മനുഷ്യര്‍ക്ക് എങ്ങനെയാണ് മറ്റൊരാളെ കൊല്ലാന്‍ കഴിയുക? എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. അവര്‍ ഇനി ആരെയാണ് അച്ഛാ എന്ന് വിളിക്കുക? എന്റെ കുടുംബം പൂര്‍ണമായും തകര്‍ന്നു' -ഷരീഫുലിന്റെ ഭാര്യ പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ ഷരീഫുലിന്റെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പില്‍ വിവാദമുയര്‍ന്ന മത്സരങ്ങളിലൊന്നായിരുന്നു അര്‍ജന്റീന-ഈജിപ്ത് പോരാട്ടം. 79-ാം മിനിറ്റ് വരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.

News Now

Summary

Man killed in Bangladesh after argument over Lionel Messi's missed penalty at FIFA World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates