'സ്വീപ്പർ കീപ്പർ ഇതിഹാസം' മാനുവൽ നൂയർ വിരമിച്ചു; സമ്മോഹന കരിയർ, രണ്ടാം പടിയിറക്കവും നിരാശയോടെ

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച ​ഗോൾ കീപ്പർ

Germany goalkeeper Manuel Neuer (1) tosses the ball during the World Cup round of 32 soccer match between Germany and Paraguay
Manuel Neuerap
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :30 ജൂൺ 2026, 2:39 pm IST

ബോസ്റ്റൺ: ആധുനിക ഫുട്ബോളിൽ ​ഗോൾ കീപ്പിങിനു പുതിയ ഭാഷ്യം ചമച്ച ഇതിഹാസ ജർമൻ ​ഗോൾ കീപ്പർ മാനുവൽ നൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചു. ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32ൽ പരാ​ഗ്വെക്കെതിരായ ചരിത്ര തോൽവിയുടെ നിരാശയും പേറിയാണ് താരത്തിന്റെ ദേശീയ ടീമിൽ നിന്നുള്ള രണ്ടാം പടിയിറക്കം. ചരിത്രത്തിലാദ്യമായി ലോകകപ്പ് പോരാട്ടത്തിൽ നിന്നു പെനാൽറ്റി ഷൂട്ടൗട്ട് തോൽവി ഏറ്റുവാങ്ങി ജർമനി പുറത്താകുന്നതിനും സാക്ഷ്യം വഹിച്ചാണ് ഐതിഹാസിക കരിയറിനു തിരശ്ശീല വീണത്.

2014ൽ ലോകകപ്പ് നേടിയ ടീമിൽ അം​ഗമായിരുന്ന നൂയർ നേരത്തെ വിരമിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് പോരാട്ടത്തിനായി 40കാരനെ തിരികെ ടീമിലേക്ക് വിളിക്കുകയായിരുന്നു.

ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ അങ്ങേയറ്റം നിരാശനാണ് ഞാൻ. ഞങ്ങളെല്ലാവരും കടുത്ത വിഷമത്തിലാണ്. പരാ​ഗ്വെയ്ക്കെതിരെ വിജയിക്കാൻ ആവശ്യമായ ആത്മവിശ്വാസമോ ഭാഗ്യമോ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഞങ്ങൾ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് സൃഷ്ടിച്ചത്. മത്സരം ജയിക്കാനുള്ള കൃത്യമായ തന്ത്രങ്ങളോ മൂർച്ചയോ ഞങ്ങളുടെ മുന്നേറ്റങ്ങൾക്ക് ഇല്ലായിരുന്നു- മാനുവൽ നൂയർ വ്യക്തമാക്കി.

റെക്കോർഡുകൾ

പരാ​ഗ്വെയ്ക്കെതിരെ തന്റെ 23ാം ലോകകപ്പ് മത്സരമാണ് നൂയർ കളിച്ചത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ജർമൻ താരം എന്ന നേട്ടം താരം സ്വന്തമാക്കി. ഇതിഹാസങ്ങളായ ലോതർ മത്തേയൂസ്, മിറോസ്ലാവ് ക്ലോസെ എന്നിവരെ മറികടന്നാണ് നൂയർ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പറെന്ന റെക്കോർഡും നൂയർക്ക് തന്നെ.

ഇതിനൊപ്പം ഒരു മോശം റെക്കോർഡും നൂയർക്ക് ഇത്തവണയുണ്ട്. കളിച്ച നാല് മത്സരങ്ങളിലും ഒരു ക്ലീൻ ഷീറ്റ് പോലും നേടാൻ നൂയർക്ക് ഇത്തവണ സാധിച്ചില്ല. ഇതോടെ ലോകകപ്പിൽ തുടർച്ചയായി 10 മത്സരങ്ങളിൽ ഗോളുകൾ വഴങ്ങേണ്ടി വന്ന മെക്സിക്കോയുടെ അന്തോണിയോ കർബഹാലിന്റെ മോശം റെക്കോർഡിനൊപ്പം നൂയറുമെത്തി.

മികവിന്റെ ഔന്നത്യത്തിൽ നിന്ന നൂയർ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്. അവിസ്മരണീയമായ ഒരു അന്താരാഷ്ട്ര കരിയറിനാണ് താരം വിരാമം കുറിച്ചത്. ഒരു ഗോൾ കീപ്പർ എന്ന നിലയിൽ കരിയറുകളിലൊന്നാണ് നൂയറുടേത്.

News Now

Summary

Germany legend Manuel Neuer has confirmed his retirement from international football after the four-time champions suffered a heartbreaking penalty shootout defeat to Paraguay at the FIFA World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates