ഫുട്ബോളിൽ ​ഗ്രീസ് ജർമനിയെ അട്ടിമറിച്ചു, ചരിത്രത്തിൽ ആദ്യം!

ജർമൻ പരിശീലകനായി ചുമതലയേറ്റ യുർ​ഗൻ ക്ലോപിന് രണ്ടാം മത്സരത്തിലും ജയം ഇല്ല

Greece stun Germany
Greece stun Germanyx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :28 സെപ്റ്റംബർ 2026, 8:03 am IST

മ്യൂണിക്ക്: ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു. അതും ജർമൻ മണ്ണിൽ വച്ചു തന്നെ! യുവേഫ നേഷൻസ് ലീ​ഗ് പോരിലാണ് മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് അവർ ചരിത്രത്തിലാദ്യമായി ജർമനിയെ പരാജയപ്പെടുത്തിയത്.

ജർമനിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ യുർ​ഗൻ ക്ലോപിന്റെ രണ്ടാം പോരായിരുന്നു ഇത്. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ 1-1നു സമനിലയിൽ തളച്ചിരുന്നു. രണ്ടാം പോരിൽ ഇപ്പോൾ തോൽവിയും അദ്ദേഹത്തിനു നേരിടേണ്ടി വന്നു.

74ാം മിനിറ്റിൽ ദിമിത്രിയോസ് കുർബെലിസിന്റെ ഷോട്ട് ​ഗതി മാറി ​ഗോളായതാണ് മത്സരത്തിൽ നിർണായകമായത്. ജർമനിയുടെ പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് കുർബെലിസ് തൊടുത്ത ഷോട്ട് ജർമൻ ക്യാപ്റ്റൻ ജോഷ്വ കിമ്മിചിന്റെ ശരീരത്തിൽ തട്ടി ​ഗതിമാറി വലയിൽ കയറുന്നത് ​ഗോൾ കീപ്പർ അലക്സാണ്ടർ നുബെലിന് നോക്കി നിൽക്കാൻ മാത്രമെ സാധിച്ചുള്ളു. ജർമനിയ്ക്ക് അങ്ങേയറ്റം നിരാശ സമ്മാനിക്കുന്ന രാത്രിയാണ് ഓ​ഗ്സ്ബർ​ഗിൽ അരങ്ങേറിയത്.

​ഗ്രീസിന്റെ ഹൾ സിറ്റി ​ഗോൾ കീപ്പർ കോൺസ്റ്റാന്റിനോസ് സോലാക്കിസ് മത്സരത്തിലുടനീളം മികച്ച സേവുകളുമായി ടീമിനെ കാത്തു. കരിം അഡെയേമി, രണ്ടാം പകുതിയിൽ കിമ്മിച് എടുത്ത ഫ്രീകിക്ക്, പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ സെർജ് ​ഗ്നാബ്രി, ബംബാസെ കോണ്ടെ എന്നിവരുടെയെല്ലാം ശ്രമങ്ങൾ സോലാക്കിസ് സമർഥമായി തന്നെ തടഞ്ഞിട്ടു. ജർമനി 14 ഷോട്ടുകൾ തൊടുത്തു. അതിൽ 5 ഓൺ ടാർ​ഗറ്റും വന്നു. എന്നാൽ ഒന്നു പോലും വലയിൽ കയറാൻ സോലാക്കിസ് സമ്മതിച്ചില്ല.

1960 നവംബർ മുതൽ ഇതുവരെ 10 മത്സരങ്ങളാണ് ജർമനിയും ​ഗ്രീസും നേർക്കുനേർ വന്നത്. ഇതിൽ 7 മത്സരങ്ങളിലും ജർമനി വിജയിച്ചു. 3 പോരാട്ടങ്ങൾ സമനിലയിലും അവസാനിച്ചു. ഒടുവിൽ 11ാം മത്സരത്തിൽ ​ഗ്രീസ് ജർമനിയെ വീഴ്ത്തി.

ക്ലോപിനെ സംബന്ധിച്ച് ഈ പോരാട്ടങ്ങൾ പരീക്ഷണങ്ങൾക്കും ഫലങ്ങൾക്കും പ്രാധാന്യമുള്ളതാണ്. ഓ​ഗ്സ്ബർ​ഗിൽ തന്റെ ടീം ഇതിലും മികവോടെ കളിക്കുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ടീമിൽ സ്ഥാനമുറപ്പിക്കാൻ ആ​ഗ്രഹിക്കുന്ന അനുഭവ സമ്പത്ത് ഒട്ടുമില്ലാത്ത ടീമിനെയാണ് ക്ലോപ് കളിക്കാനിറക്കിയത്. വലിയ മത്സരങ്ങളുടെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ പക്ഷേ യുവ ജർമൻ താരങ്ങൾ പരാജയപ്പെട്ടു.

തന്റെ ടീമിനെ മികച്ച രീതിയിൽ സജ്ജമാക്കാനും ആവശ്യമായ മാറ്റങ്ങൽ വരുത്താനും ക്ലോപിന് ഇനിയും സമയമുണ്ട്. നേഷൻസ് ലീ​ഗിൽ ​ഗ്രൂപ്പ് ബിയിൽ ജർമനി മൂന്നാം സ്ഥാനത്താണ്. പുതിയ കളിക്കാരേയും പുതിയ തന്ത്രങ്ങളും കളത്തിൽ അവതരിപ്പിച്ച് സെർബിയക്കെതിരെ വിജയിക്കാനും എവേ പോരിൽ ​ഗ്രീസിനെ വീഴ്ത്താനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലോപും സംഘവും. ​ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ ഹോമിൽ നെതർലൻഡ്സുമായും ജർമനിക്ക് പോരാട്ടമുണ്ട്.

News Now

Summary

Germany lost to Greece for the first time ever in the 1-0 loss in Augsburg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates