2025 ജൂണിലാണ് മുന്‍ താരം കൂടിയായ ഗട്ടുസോ പരിശീലകനായി ഡഗൗട്ടിലെത്തിയത്

Gennaro Gattuso exit
Gennaro GattusoSource by : x
Last Updated :3 April 2026, 11:11 pm IST

News Now

മിലാന്‍: തുടരെ മൂന്നാം തവണയും ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത നേടാന്‍ സാധിക്കാതെ നാണംകെട്ട മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റാലിയന്‍ ടീമില്‍ നിന്നു പരിശീലകന്‍ ഗന്നാരോ ഗട്ടുസോയും പടിയിറങ്ങി. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ ഗബ്രിയേല്‍ ഗ്രാവിന രാജി വച്ചിരുന്നു. പിന്നാലെയാണ് പരിശീലകന്റേയും പടിയിറക്കം. ഫെഡറേഷനുമായുള്ള പരസ്പര ധാരണയുടെ പുറത്താണ് പരിശീലക സ്ഥാനമൊഴിഞ്ഞത് എന്നാണ് വിവരം.

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ പ്ലേ ഓഫ് ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബോസ്നിയ ഹെര്‍സഗോവിനയോടു അട്ടിമറി തോല്‍വി വഴങ്ങി ഇറ്റലി തുടരെ മൂന്നാം വട്ടവും ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ അപ്രതീക്ഷിത പുറത്താകല്‍.

2025 ജൂണില്‍ ലൂസിയാനോ സ്പലെറ്റിയെ പുറത്താക്കിയതിനു പിന്നാലെയാണ് ഗട്ടുസോയെ ഇറ്റലി പരിശീലകനായി നിയമിച്ചത്. 2026ലെ ഫിഫ ലോകകപ്പ് യോഗ്യത നേടുക സ്വന്തമാക്കുകയായിരുന്നു വെല്ലുവിളി. 2024ലെ യൂറോ കപ്പില്‍ ഇറ്റലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സ്പല്ലെറ്റിയുടെ പണി പോയത്. പിന്നാലെയാണ് ഗട്ടുസോ വന്നത്. എന്നാല്‍ അദ്ദേഹത്തിനും ഇറ്റലിക്ക് ലോകകപ്പ് യോഗ്യതാ ടിക്കറ്റ് ഉറപ്പിച്ചു കൊടുക്കാന്‍ സാധിച്ചില്ല.

മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലി തുടരെ യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായതിനു പിന്നാലെ ഇറ്റാലിയന്‍ കായിക മന്ത്രി ആന്ദ്രെ അബോഡി ഫുട്ബോള്‍ ഫെഡറേഷനില്‍ സമൂല മാറ്റം വേണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് അധ്യക്ഷന്റെ രാജി. പുതിയൊരു ഭരണ സംവിധാനം ഇറ്റാലിയന്‍ ഫുട്ബോളില്‍ വേണമെന്നും ഫെഡറേഷന്‍ ഉടച്ചു വാര്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഗട്ടുസോയുടെ പുറത്താകലും.

ഒരു കാലത്ത് ലോകകപ്പ് ഫോട്ബോളില്‍ കരുത്തരായി നിന്ന ഇറ്റലി പ്രതിഭകള്‍ ഒട്ടേറെയുള്ള ടീമാണ്. പക്ഷേ 2018, 2022, പിന്നാലെ 2026ലെ ലോകകപ്പും അവര്‍ കാഴ്ചക്കാരായി നില്‍ക്കേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തിയത് അവിശ്വസനീയമായാണ് ഫുട്ബോള്‍ ലോകം കണ്ടത്.

2018ലാണ് ഗ്രാവിന ചുതലയേല്‍ക്കുന്നത്. പിന്നാലെ 2020ല്‍ ടീം യുറോ കപ്പ് കിരീടം നേടിയത് തിരിച്ചുവരവിന്റെ സൂചനയായാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ 2022ല്‍ അവര്‍ക്ക് ലോകകപ്പ് യോഗ്യത നേടാനായില്ല. പിന്നാലെയാണ് പുതിയ ഷോക്ക്. 2018 യോഗ്യതാ പോരില്‍ സ്വീഡനോടും 2022ല്‍ വടക്കന്‍ മാസിഡോണിയയോടും ഇത്തവണ ബോസ്നിയക്ക് മുന്നിലുമാണ് അവരുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞത്.

Summary

Italy's World Cup woes deepened as Gennaro Gattuso stepped down after their playoff defeat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates