രഞ്ജി ട്രോഫിയിലേക്ക് അവര്‍ മടങ്ങി പോകുന്നതില്‍ ഒരു പ്രശ്‌നവും താന്‍ കാണുന്നില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു

സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

കൊല്‍ക്കത്ത: രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെ, പൂജാര എന്നിവരോട് നിര്‍ദേശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രഞ്ജി ട്രോഫിയിലേക്ക് അവര്‍ മടങ്ങി പോകുന്നതില്‍ ഒരു പ്രശ്‌നവും താന്‍ കാണുന്നില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. 

വളരെ നല്ല കളിക്കാരാണ് അവര്‍. അവര്‍ രഞ്ജി ട്രോഫിയിലേക്ക് മടങ്ങി പോയി കുറേ റണ്‍സ് നേടുമെന്നാണ് ഞാന്‍ കരുതുന്നത്. റണ്‍സ് കണ്ടെത്താന്‍ അവര്‍ക്ക് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയും രാജ്യാന്തര മത്സരങ്ങള്‍ കളിച്ചതിന് ശേഷം അവര്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങി പോകുന്നതില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല, ഗാംഗുലി പറയുന്നു. 

രഞ്ജിയിലേക്ക് മടങ്ങി പോവുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല

രഞ്ജി ട്രോഫി വലിയ ടൂര്‍ണമെന്റ് ആണ്. ഞങ്ങളെല്ലാവരും അത് കളിച്ചിട്ടുണ്ട്. അതിനാല്‍ അവരും മടങ്ങി പോയി നല്ല പ്രകടനം പുറത്തെടുക്കണം. നേരത്തേയും അവര്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്റി20 ടീമിന്റെ ഭാഗമല്ല അവര്‍. അതിനാല്‍ രഞ്ജിയിലേക്ക് മടങ്ങി പോവുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് ഗാംഗുലി പറഞ്ഞു. 

2005ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായതിന് ശേഷം ഗാംഗുലി രഞ്ജി ട്രോഫി കളിച്ചിരുന്നു. ഇവിടെ റണ്‍സ് സ്‌കോര്‍ ചെയ്ത് ഗാംഗുലി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തി. സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെ വിഷമിക്കുകയാണ് രഹാനെയും പൂജാരയും. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും മികവ് കാണിക്കാന്‍ ഇവര്‍ക്ക് കഴിയാതെ വന്നതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.