'ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ'... സമാനതകള്‍ ഇല്ലാത്ത 'നായക' യുഗം!

ക്യാപ്റ്റന്‍ തൊപ്പിയില്‍ ഒട്ടേറെ നേട്ടങ്ങള്‍

Harmanpreet Kaur
Harmanpreet Kaurx
Last Updated :6 October 2026, 1:23 pm IST
Edited by :രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ ഒഴിയുമ്പോള്‍ അനുപമമായ ഒരു ക്യാപ്റ്റന്‍ യുഗത്തിന് കൂടിയാണ് ഇന്ത്യന്‍ ടീമില്‍ വിരാമമാകുന്നത്. നീണ്ട 10 വര്‍ഷമാണ് ഹര്‍മന്‍പ്രീത് ഇന്ത്യന്‍ വനിതാ ടീമിനെ മുന്നില്‍ നിന്നു നയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്റെ പേര് തങ്കലിപികളില്‍ എഴുതിവച്ചാണ് താരത്തിന്റെ പടിയിറക്കം.

മറ്റൊരു ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍മാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങള്‍ തൊപ്പിയില്‍ തുന്നിയിട്ടാണ് ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുന്നത്. ഇന്ത്യന്‍ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന അവിസ്മരണീയ നേട്ടം ഹര്‍മന്‍പ്രീതിന് അവകാശപ്പെട്ടതാണ്. 2025 നവംബറിലാണ് ഇന്ത്യ കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയിട്ടും ഇന്ത്യക്ക് കിട്ടാതിരുന്ന ലോക കിരീടമാണ് ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

ഏഷ്യന്‍ ഗെയിംസില്‍ തുടരെ രണ്ട് എഡിഷനുകളില്‍ ഇന്ത്യ സ്വര്‍ണം നേടിയതും ഹര്‍മന്‍പ്രീതിന്റെ കീഴില്‍ തന്നെ. ഏഷ്യന്‍ ഗെയിംസിനു തൊട്ടുമുന്‍പ് താരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വനിതാ ടീം ഏഷ്യ കപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു. ഹര്‍മന്‍പ്രീതിന്റെ കീഴില്‍ ഇന്ത്യ നേടുന്ന നാലാം ഏഷ്യാ കപ്പ് കിരീടമായിരുന്നു ഇത്.

2012ലെ വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ താത്കാലിക ക്യാപ്റ്റനായി നായക സ്ഥാനത്ത് അരങ്ങേറ്റം. അതും കൂടി കണക്കിലെടുത്താല്‍ 14 വര്‍ഷമായി ടീമിനെ നയിക്കുന്നു എന്നുതന്നെ പറയാം. 2016ല്‍ ടി20 ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗറിന് ഒദ്യോഗികമായി ലഭിച്ചു. 10 വര്‍ഷത്തോളമായി ആ സ്ഥാനത്ത് തുടരുകയാണ്. 2022ല്‍ അവര്‍ ഏകദിനത്തിലും 2023ല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. 2022ല്‍ ഇതിഹാസ താരം മിതാലി രാജ് വിരമിച്ചതോടെയാണ് ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലും അവര്‍ നായക സ്ഥാനത്തേക്ക് വന്നത്.

കപില്‍ ദേവ്, എംഎസ് ധോനി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിലെ ലോകകപ്പ് നേടിയ നായകന്‍മാരുടെ എലീറ്റ് പട്ടികയിലും ഹര്‍മന്‍പ്രീത് തന്റെ പേര് എഴുതി വച്ചു. ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയില്‍ 2018, 2023 ടി20 ലോകകപ്പുകളില്‍ സെമി വരെ എത്തിയ ഇന്ത്യ 2020ല്‍ റണ്ണേഴ്‌സ് അപ്പുമായി.

മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി വ്യക്തമാക്കിയാണ് 37കാരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം നായക സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ഒഴിയുന്നതെന്നും കളിക്കാരിയെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും അവര്‍ കുറിച്ചു.

ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍

* ടി20 ഫോര്‍മാറ്റില്‍ 150 അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീമിനെ നയിക്കുന്ന ലോകത്തിലെ ഏക ക്രിക്കറ്റര്‍ (പുരുഷ, വനിത) എന്ന അനുപമ റെക്കോര്‍ഡ് ഹര്‍മന്‍പ്രീതിന് മാത്രം സ്വന്തം.

* ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍. 77ന് മുകളില്‍ മത്സരങ്ങളിലാണ് വിജയം. ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിങിനെയാണ് ഹര്‍മന്‍പ്രീത് മറികടന്നത്.

* ഏറ്റവും കൂടുതല്‍ ഏഷ്യാ കപ്പ് കിരീടങ്ങള്‍ ഉയര്‍ത്തിയ ക്യാപ്റ്റനും ഹര്‍മന്‍പ്രീത് തന്നെ. നാല് തവണായാണ് ഇന്ത്യന്‍ വനിതാ ടീമിനെ താരം കിരീട നേട്ടത്തിലേക്ക് നയിച്ചത്. 2012, 2016, 2022, 2026.

* ഇന്ത്യയെ കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.

* തുടരെ രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണം സമ്മാനിച്ച ക്യാപ്റ്റന്‍സി മികവ്.

വിജയം, പരാജയം

* 155 ടി20 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. 93 വിജയങ്ങള്‍. 57 മത്സരം തോറ്റു. 5 മത്സരങ്ങളില്‍ ഫലമില്ല. വിജയ ശതമാനം 60.

* ഏകദിനത്തില്‍ 51 മത്സരങ്ങള്‍. വിജയിച്ചത് 30 എണ്ണം. പരാജയപ്പെട്ടത് 19 മത്സരങ്ങള്‍. ടൈ ആയത് ഒരു മത്സരം. ഫലമില്ലാതെ പോയത് ഒരു മത്സരം. വിജയ ശതമാനം 58.82.

* 5 ടെസ്റ്റില്‍ ക്യാപ്റ്റനായി. 4 ടെസ്റ്റിലും ജയം. ഒരു തോല്‍വി. വിജയ ശതമാനം 80.

News Now

Summary

World Cup-winning captain Harmanpreet Kaur has decided to step down from her role as the skipper of the Indian women's cricket team on Tuesday, October 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates