ഹര്‍മന്‍ 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി. ഹര്‍മനാണ് കളിയിലെ താരം.

Harmanpreet, Shafali and Nandani help India complete emphatic sweep
ഹര്‍മന്‍പ്രീത്
Last Updated :21 October 2026, 8:34 am IST
Author :Sujith

News Now

റായ്പൂര്‍: സിംബാബ്വെയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. റായ്പുരില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ 92 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മുന്‍ നായകന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഉജ്വല പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഹര്‍മന്‍ 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി. ഹര്‍മനാണ് കളിയിലെ താരം. പരമ്പരയിലാകെ 128 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ഷെഫാലി വര്‍മയാണ് പ്ലെയര്‍ ഓഫ് ദ് സീരീസ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന് സ്മൃതി മന്ഥനയ്ക്ക് പകരം അനുഷ്‌ക ശര്‍മയാണ് ഷെഫാലിക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് അഞ്ചോവറില്‍ സ്‌കോര്‍ 50 കടത്തി. മിന്നല്‍ പ്രകടനം പുറത്തെടുത്ത ഷെഫാലി വെറും 37 പന്തില്‍ 69 റണ്‍സെടുത്തു. 5 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. 28 റണ്‍സെടുത്ത അനുഷ്‌കയും 9 റണ്‍സെടുത്ത നിക്കി പ്രസാദും രണ്ടോവറിന്റെ ഇടവേളയില്‍ വീണപ്പോള്‍ ഹര്‍മന്‍പ്രീത് ഷെഫാലിക്കൊപ്പമെത്തി.

ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞശേഷം ഹര്‍മന്‍പ്രീതിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റായ്പുര്‍ കണ്ടത്. പതിനഞ്ചാം ഓവറില്‍ ഷെഫാലി പുറത്തായശേഷവും ഹര്‍മന്‍പ്രീത് ആക്രമണം തുടര്‍ന്നു. സിബന്ദയുടെ ഓവറില് മൂന്ന് ബൗണ്ടറികള്‍ പായിച്ച അവര്‍ കരിയറിലെ 19ാം അര്‍ധ സെഞ്ച്വറി കുറിച്ചു. ഹര്‍മന്റെ മികവില്‍ ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റിന് 216 റണ്‍സ് നേടി.

മറുപടി ബാറ്റിങ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കെലിസ് എന്‍ഡ്‌ലോവുവിനെ നഷ്ടമായി. 20 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റ് വീണതോടെ സന്ദര്‍ശകരുടെ ഇന്നിങ്‌സ് ഏഴുവിക്കറ്റിന് 124 റണ്‍സില്‍ അവസാനിച്ചു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളെടുത്ത നന്ദനി ശര്‍മ ബോളര്‍മാരില്‍ താരമായി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ദീപ്തി ശര്മ, നിക്കി പ്രസാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്നുമല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.

Summary

Harmanpreet, Shafali and Nandani help India complete emphatic sweep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates