പരമ്പര തോൽവികൾ, പരിക്ക്; ഇന്ത്യൻ ടീമിൽ അഴിച്ചുപണി; പ്രിൻസ് യാദവ് ഏകദിന ടീമിൽ, വരുണിന് പകരം ബിഷ്ണോയി

വരുൺ ചക്രവർത്തിക്കും ഹർഷിത് റാണയ്ക്കും പരിക്ക്

Prince Yadav and Ravi Bishnoi replace injured Harshit Rana and Varun Chakaravarthy
Prince Yadav, Ravi Bishnoi bcci
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 ജൂലൈ 2026, 4:51 pm IST

മുംബൈ: അയർലൻഡ്, ഇം​ഗ്ലണ്ട് ടീമുകൾക്കെതിരായ ടി20 പരമ്പര തോൽവികൾക്കു പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. പരിക്കേറ്റ ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പകരം പ്രിൻസ് യാദവും രവി ബിഷ്‌ണോയിയും ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകൾക്കുള്ള ടീമിൽ ഉൾപ്പെട്ടു. ഹർഷിതിനും വരുണിനും പരിക്കേറ്റതിനെ തുടർന്നാണ് നിർണായക മാറ്റം. വരാനിരിക്കുന്ന ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയതായി ബിസിസിഐ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഹർഷിത് റാണയ്ക്ക് പകരം ഫാസ്റ്റ് ബൗളർ പ്രിൻസ് യാദവിനെ ഉൾപ്പെടുത്തി. ഹാംസ്ട്രിങ്ങിനേറ്റ പരിക്കിനെ തുടർന്നാണ് ഹർഷിതിനെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത്.

ഈ മാസം അവസാനം നടക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെ തിരഞ്ഞെടുത്തു. വരുൺ ചക്രവർത്തിക്ക് പകരക്കാരനായാണ് ബിഷ്‌ണോയി എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ നിന്നു വരുൺ പുറത്തായിരുന്നു. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനാകാൻ വരുണിനു കൂടുതൽ സമയം ആവശ്യമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആദ്യം പ്രഖ്യാപിച്ച ടീമിൽ ഇല്ലാതിരുന്ന ബിഷ്‌ണോയിയെ ഉൾപ്പെടുത്തിയത്.

ഇംഗ്ലണ്ടിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബിഷ്‌ണോയി കളിച്ചിരുന്നു. മഴ മൂലം ആദ്യ മത്സരം ഉപേക്ഷിച്ചതിനാൽ ഇന്ത്യക്ക് പന്തെറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓൾഡ് ട്രഫോർഡിൽ നടന്ന രണ്ടാം ടി20യിൽ നാല് ഓവറിൽ 60 റൺസാണ് ബിഷ്‌ണോയി വിട്ടുകൊടുത്തത്. മത്സരത്തിൽ മൂന്ന് ബാക്ക് ഫൂട്ട് നോ ബോളുകൾ എറിഞ്ഞ താരം, അതിലൂടെ ലഭിച്ച ഫ്രീ ഹിറ്റുകളിൽ രണ്ട് സിക്സറുകളും ഒരു ഫോറും വഴങ്ങുകയും ചെയ്തു.

തുടർ പരിശോധനകൾക്കും വിശ്രമത്തിനുമായി വരുൺ ചക്രവർത്തി ഇനി ബംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലായിരിക്കും. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമായ ഹർഷിത് റാണയും പരിക്കിൽ നിന്ന് മോചിതനാകാൻ വരുണിനൊപ്പമുണ്ടാകും.

അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് വരുൺ അടുത്തിടെ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം കളിച്ചത്. ഐപിഎൽ 2026ന്റെ അവസാന ഘട്ടത്തിൽ ഇടതുകാൽ വിരലിന് ഒടിവുണ്ടായതിന് പിന്നാലെ വരുണിന് ഏൽക്കുന്ന മറ്റൊരു തിരിച്ചടിയാണ് ഈ പുതിയ പരിക്ക്. പരിക്ക് വകവെക്കാതെയാണ് അദ്ദേഹം അന്ന് കളിച്ചത്. പിന്നീട് സെന്റർ ഓഫ് എക്സലൻസിൽ വിശ്രമത്തിലായിരുന്നതിനാൽ അഫ്ഗാനിസ്ഥാൻ, അയർലൻഡ് ടീമുകൾക്കെതിരായ ടി20 പരമ്പരകൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങളിലും വരുൺ ഫോം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയി. 10.28 എന്ന ഉയർന്ന ഇക്കോണമി റേറ്റിൽ റൺസ് വഴങ്ങിയ അദ്ദേഹം ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

ഇന്ത്യൻ ടീമുകൾ

ഇംഗ്ലണ്ട് ഏകദിന പരമ്പര

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.

സിംബാബ്‌വെ ടി20 പരമ്പര

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിങ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയി.

News Now

Summary

Prince Yadav and Ravi Bishnoi replace injured Harshit Rana and Varun Chakaravarthy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates