ഡല്‍ഹിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനായി അര്‍ധ സെഞ്ച്വറി നേടിയ താരം പുറത്താകാതെ നിന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:00 am IST

News Now

മുംബൈ: ഐപിഎല്ലില്‍ മിന്നും ഫോമിലാണ് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച ബാറ്റിങുമായി കളം നിറയുന്ന ഡികെ പ്രതിസന്ധിയില്‍ മനഃസാന്നിധ്യം കൈവിടാതെ ടീമിനെ ഉജ്ജ്വല വിജയങ്ങളിലേക്ക് നയിച്ച് മികച്ച ഫിനിഷറെന്ന പെരുമയും താരം സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് കാര്‍ത്തികിന്റെ വെടിക്കെട്ടായിരുന്നു. 

ഡല്‍ഹിക്കെതിരെ ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാംഗ്ലൂരിനായി അര്‍ധ സെഞ്ച്വറി നേടിയ താരം പുറത്താകാതെ നിന്നു. 34 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം കാര്‍ത്തിക് 66 റണ്‍സാണ് കണ്ടെത്തിയത്. സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 197 റണ്‍സാണ് താരം ഇതുവരെയായി കണ്ടെത്തിയത്. ഇതില്‍ തന്നെ അഞ്ച് കളികളില്‍ പുറത്താകാതെ നിന്നു.

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്. ഡല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ വിരാട് കോഹ്‌ലിക്കൊപ്പമുള്ള അഭിമുഖത്തിലാണ് കാര്‍ത്തിക് തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. 

'അടുത്ത് ഒരു ലോകകപ്പ് നടക്കാനിരിക്കുന്നു, ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു ടൂര്‍ണമെന്റ് ഇന്ത്യ വിജയിച്ചിട്ട് കാലമേറെയായി. എനിക്ക് ഇന്ത്യയെ ആ കിരീട നേട്ടത്തിനായി സഹായിക്കണം. അതിനു വേണ്ടി ഇയാള്‍ക്കു ചിലതൊക്കെ സാധിക്കുമെന്ന് ആളുകളെക്കൊണ്ടു പറയിക്കണം.' 

'ഫിറ്റായി ഇരിക്കാനുള്ള കഠിനാധ്വാനത്തിലാണു ഞാന്‍. ആ ഒരു ലക്ഷ്യവുമായാണ് എല്ലാ ദിവസവും ഞാന്‍ പരിശീലിക്കുന്നത്. പ്രായം കൂടി വരുമ്പോള്‍ ഫിറ്റായി ഇരിക്കുകയെന്നതു പ്രധാനമാണ്. ഏറ്റവും മികച്ച രീതിയില്‍ തന്നെ കാര്യങ്ങള്‍ ചെയ്യാനാണു ശ്രമം'- കാര്‍ത്തിക്ക് വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ