വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം; പാകിസ്ഥാനെ നേരിടാന്‍ ഹര്‍മന്‍പ്രീതും സംഘവും

നവംബറില്‍ ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഹര്‍മന്‍പ്രീതും സംഘവും കുട്ടിക്രിക്കറ്റിലും കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്

team india
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീംFile
Edited by :Bijeesh
Last Updated :14 ജൂൺ 2026, 10:31 am IST

ബര്‍മിങ്ഹാം: വനിത ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. എഡ്ജ്ബാസ്റ്റണില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ തികഞ്ഞ ജയപ്രതീക്ഷയോടെയാണ് ടീം ഇന്ത്യ എത്തുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഹര്‍മന്‍പ്രീതും സംഘവും കുട്ടിക്രിക്കറ്റിലും കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.

ടി20യില്‍ 16 തവണ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ 13ലും ഇന്ത്യയാണ് ജയിച്ചിട്ടുള്ളത്. തോറ്റ മൂന്നില്‍ രണ്ടെണ്ണം ലോകകപ്പിലാണ് എന്നുള്ളതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം അത്ര നിസ്സാരമായി ടീം ഇന്ത്യ കാണുന്നില്ല. സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ഓപ്പണ്‍ ചെയ്യുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പവര്‍പ്ലേയില്‍ തന്നെ കളി കൈപ്പിടിയിലാക്കാന്‍ മികവുള്ള താരങ്ങളാണ് ഇരുവരും. എന്നാല്‍ ഷഫാലിയുടെ ഫോം ആശങ്കയാകുന്നു.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് നേതൃത്വം നല്‍കുന്ന മധ്യനിരയും ശക്തമാണ്. ഹര്‍മന്‍പ്രീതിന്റെ പരിചയസമ്പന്നതക്കൊപ്പം ജമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഭാരതി ഫുല്‍മലി, യസ്തിക ഭാടിയ, ദീപ്തി ശര്‍മ എന്നിവരും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമായി. അതേയമയം പാകിസ്ഥാന്റെ പ്രതീക്ഷയത്രയും ക്യാപ്റ്റന്‍ സന ഫാത്തിമയിലാണ്. ഓള്‍റൗണ്ടറായ സന ഫാത്തിമ, ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോമിലാണ്.

ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനുമുള്ളത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ പോരില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയയാണ് നിലവില്‍ മുന്നിലുള്ളത്.

ടീം ഇന്ത്യ സാധ്യതാ ഇലവന്‍: സ്മൃതി മന്ധാന, ഷെഫാലി വര്‍മ, യസ്തിക ഭാടിയ, ഹര്‍മന്‍പ്രീത് കൗര്‍, ജമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ, ഭാരതി ഫുല്‍മലി, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ്, രേണുക സിങ്.

News Now

Summary

IND vs PAK ICC Women's T20 WC 2026: India begin title quest vs Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates