ധരംശാലയില്‍ ഗില്ലാട്ടം; ക്യാപ്റ്റന്റെ കരുത്തില്‍ ടീം ഇന്ത്യ, അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് ജയം

shubman gill
അഫ്ഗാനിസ്ഥാനെതിരെ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ്‌BCCI
Edited by :Bijeesh
Last Updated :13 ജൂൺ 2026, 10:27 pm IST

ധരംശാല: നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അപരാചിത അര്‍ധ സെഞ്ച്വറിയുടെ (84*) കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുല്‍ 39ഉം ഇഷാന്‍ കിഷന്‍ 34ഉം റണ്‍സ് നേടി. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ സ്‌കോര്‍ 46ല്‍ നില്‍ക്കേ, രോഹിത് ശര്‍മ റണ്ണൗട്ടായത് ആരാധകര്‍ക്ക് നിരാശയായി. 16 പന്തില്‍ 16 റണ്‍സുമായാണ് രോഹിത് മൈതാനം വിട്ടത്. രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനോടൊപ്പം ഗില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ 37 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഗില്‍, അതിവേഗം 3000 ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. മുന്‍ നായകന്‍ വിരാട് കോലിയെ പിന്നിലാക്കിയാണ് ഗില്ലിന്റെ കുതിപ്പ്.

22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കി. ശ്രേയസ് അയ്യര്‍ (12) പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ കെ എല്‍ രാഹുല്‍ വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്ത് ഇന്ത്യയുടെ ജയത്തിന് വേഗം കൂട്ടി. 19 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെടെ 39 റണ്‍സ് നേടിയ രാഹുല്‍, നായകനൊപ്പം പുറത്താകാതെ നിന്നു. 66 പന്തുകള്‍ നേരിട്ട ഗില്‍, 11 ഫോറും രണ്ട് സിക്‌സുകളും ഉള്‍പ്പെടെയാണ് 84 റണ്‍സ് നേടിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നിന് 26 എന്ന നിലയില്‍ തുടക്കം പാളിയ അഫ്ഗാന്‍ ബാറ്റിങ് നിരയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഫ്ഗാന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ഗുര്‍ബാസ് (51 പന്തില്‍ 102) ക്രീസ് വിട്ടത്. 24.5 ഓവറില്‍ 194 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ടായി. ഇന്ത്യക്കായി അരങ്ങേറ്റക്കാരായ ഗുര്‍നീര്‍ ബ്രാറും ഹര്‍ഷ് ദുബെയും മൂന്നുവീതം വിക്കറ്റുകള്‍ നേടി.

News Now

Summary

IND vs AFG 1st ODI: Shubman Gill Scripts Huge Record As India Ease Past Afghanistan By 7 Wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates