ഡുക്കറ്റിനും റൂട്ടിനും അര്‍ധ സെഞ്ച്വറി, ലിവിങ്‌സ്റ്റന്റെ വെടിക്കെട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 305 റണ്‍സ്

3 വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജ

India vs England, 2nd ODI
ജോ റൂട്ടി വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ ആഹ്ലാദംSource by : എപി
Last Updated :9 February 2025, 5:35 pm IST

കട്ടക്ക്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ 305 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റും ജോ റൂട്ടും അര്‍ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു പുറത്തായി. റൂട്ട് 72 പന്തില്‍ 6 ഫോറുകള്‍ സഹിതം 69 റണ്‍സും കണ്ടെത്തി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (34), ഹാരി ബ്രക്ക് (31) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ലിയാം ലിവിങ്‌സ്റ്റന്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടത്തിയത്. താരം 32 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി. ആദില്‍ റഷീദ് 5 പന്തില്‍ 14 റണ്‍സെടുത്തു. ഇരുവരും റണ്ണൗട്ടായി മടങ്ങി.

ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ മടക്കി സ്പിന്നര്‍മാരാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സെടുത്തു.

അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ അന്താരാഷ്ട്ര ഏകദിന വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വരികയായിരുന്നു. ഫില്‍ സാള്‍ട്ടിനെയാണ് വരുണ്‍ മടക്കിയത്. സാള്‍ട്ട് 26 റണ്‍സെടുത്തു. വരുണിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്താണ് സാള്‍ട്ട് മടങ്ങിയത്.

പിന്നാലെ രവീന്ദ്ര ജഡേജ ഡുക്കറ്റിന്റെ പ്രതിരോധവും പൊളിച്ചു. താരത്തെ ജഡേജ ഹര്‍ദികിന്റെ കൈകകളില്‍ എത്തിച്ചു.

പിന്നീട് ജോ റൂട്ടും ഹാരി ബ്രൂക്കും ചേര്‍ന്നു പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു. അതിനിടെ ഹാരി ബ്രുക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചു. ആറാമനായി എത്തിയ ലിയാം ലിവിങ്സ്റ്റന്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now