കിവീസിനെ പഞ്ഞിക്കിട്ട് ഇഷാന്‍ കിഷന്‍, 92 പന്തില്‍ 209 റണ്‍സ്; ഇന്ത്യയുടെ ജയം 7 വിക്കറ്റിന്

അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും (32 പന്തില്‍ 76) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പ്പികള്‍

 India vs New Zealand, 2nd T20I
India vs New Zealand, 2nd T20IPTI
Edited by :ആതിര അഗസ്റ്റിന്‍
Last Updated :23 ജനുവരി 2026, 10:57 pm IST

റായ്പുര്‍: രണ്ട് അര്‍ധസെഞ്ചറിയുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും (32 പന്തില്‍ 76) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20നു ലീഡുയര്‍ത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു, രണ്ടാം പന്തില്‍ കിട്ടിയ ലൈഫ് കളഞ്ഞുകുളിച്ചാണ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത്. ഒരു സിക്‌സറിലൂടെ ആറു റണ്‍സ് നേടിയ താരത്തെ മാറ്റ് ഹെന്റിയാണ് രചിന്‍ രവീന്ദ്രയുടെ കൈകളില്‍ എത്തിച്ചത്. തൊട്ടടുത്ത ഓവറില്‍ പവര്‍ഹിറ്റര്‍ അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 1.1 ഓവറില്‍ 2ന് 6 എന്ന നിലയിലായി.

ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. മറുവശത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാഴ്ചകാരനാക്കി ന്യൂസീലന്‍ഡ് ബോളര്‍മാരെ ഇഷാന്‍ കിഷന്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ വെറും 21 പന്തില്‍ താരം അര്‍ധസെഞ്ചറി തികച്ചു. കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച ഇഷാന്‍ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. സൂര്യകുമാര്‍ യാദവിനെ ഒരുവശത്ത് നിര്‍ത്തി ഒറ്റയ്ക്കാണ് കിഷന്‍ ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ - സൂര്യ സഖ്യം വെറും 48 പന്തില്‍ നിന്ന് 122 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഈ കൂട്ടുകെട്ടാണ്. ന്യൂസീലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ അര്‍ധസെഞ്ചറി തികച്ച അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് തൊട്ടടുത്ത മത്സരത്തില്‍ ഇഷാന്‍ തകര്‍ത്തത്. രാജ്യാന്തര ട്വന്റി20യില്‍ രണ്ടര വര്‍ഷത്തിനു ശേഷമാണ് ഇഷാന്‍ അര്‍ധസെഞ്ചറി നേടുന്നത്. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇഷാന്‍ ഇതിനു മുന്‍പ് അര്‍ധസെഞ്ചറി നേടിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ആറുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.

News Now

Summary

India vs New Zealand, 2nd T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates