56 പന്തില്‍ 88 റണ്‍സ്... 'മിന്നി', മിന്നു മണി! ഇന്ത്യക്ക് ത്രില്ലര്‍ ജയം സമ്മാനിച്ച് മലയാളി താരം

ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം

Minnu Mani batting
Minnu Manix
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 സെപ്റ്റംബർ 2026, 12:18 pm IST

മൊഹാലി: ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം. മൂന്നാം പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറന്നപ്പോള്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്. ടോപ് സ്‌കോററായി വനയാട്ടുകാരി മാറിയപ്പോള്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പര 2-1ന് ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്തു.

മൂന്നാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 364 റണ്‍സ് അടിച്ചെടുത്താണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്.

ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി മിന്നുവിന് പുറമെ തനിഷ സിങ്, ക്യാപ്റ്റന്‍ അനുഷ്‌ക ശര്‍മ, നികി പ്രസാദ് എന്നിവരും അര്‍ധ സെഞ്ച്വറി നേടി. ഏഴാം സ്ഥാനത്ത് ബാറ്റിങിനെത്തിയ മിന്നു മണിയാണ് കളിയുടെ ഗതി അതിവേഗം തിരിച്ചത്. താരം 56 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 88 റണ്‍സ് വാരി പുറത്താകാതെ നിന്നാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.

തനിഷ സിങ് 60 റണ്‍സും അനുഷ്‌ക 58 റണ്‍സും നികി പ്രസാദ് 76 റണ്‍സ് അടിച്ചു. ദിനേഷ് വൃന്ദ (34), ജിന്‍ഡിമണി കലിത (പുറത്താകാതെ 19) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ചാര്‍ലി നോട്ട് സെഞ്ച്വറി നേടി. താരം 70 പന്തില്‍ 12 ഫോറും 5 സിക്‌സും സഹിതം 109 റണ്‍സെടുത്തു. കോര്‍ട്‌നി വെബ് 95 റണ്‍സ് കണ്ടെത്തി. ഇരുവരുടേയും മികവിലാണ് ഓസീസ് വനിതകള്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചത്.

ഇന്ത്യക്കായി വൈഷ്ണവി ശര്‍മ, നികി പ്രസാദ് എന്നിവര്‍ 4 വീതം വിക്കറ്റുകള്‍ വീഴ്ത്തി. 4 വിക്കറ്റും അര്‍ധ സെഞ്ച്വറിയുമായി നികി ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു.

News Now

Summary

Minnu Mani and Nikki Prasad led a spirited chase as India-A beat Australia-A by four wickets in another high-scoring encounter at the Punjab Cricket Association IS Bindra Stadium in Mohali on Friday. The win helped India seal the one-day series 2-1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates