നാല് വിക്കറ്റ് നേട്ടവുമായി പ്രസിദ്ധ് കൃഷ്ണ; വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ആഹ്‌ളാദ പ്രകടനം, ഫോട്ടോ: ബിസിസിഐ
Last Updated :20 January 2024, 8:57 am IST
Edited by :migrator

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. രണ്ടാം ഏകദിനത്തില്‍ 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 193 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 

46 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിര കൂടാരം കയറി. 238 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസിന് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കിയ താരം വിന്‍ഡീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത് 27 റണ്‍സെടുത്ത ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിന്‍ഡീസ് തീര്‍ത്തും പ്രതിരോധത്തിലായി. 

തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ - സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.

മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഋഷഭ് പന്തും വിരാട് കോലിയും ചേര്‍ന്ന് സ്‌കോര്‍ 39 വരെയെത്തിച്ചു. 12-ാം ഓവറിലെ ആദ്യ പന്തില്‍ ഋഷഭ് പന്തിനെ (18) മടക്കിയ ഒഡീന്‍ സ്മിത്ത് ആറാം പന്തില്‍ കോലിയേയും (18) പുറത്താക്കി. 

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുലും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോര്‍ 134-ല്‍ നില്‍ക്കേ 48 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്ത രാഹുല്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വൈകാതെ 83 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 64 റണ്‍സെടുത്ത സൂര്യകുമാറിനെ 39-ാം ഓവറില്‍ ഫാബിയാന്‍ അലന്‍ മടക്കി.

തുടര്‍ന്ന് 41 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെയും 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ദീപക് ഹൂഡയുടെയും ഇന്നിങ്‌സുകളാണ് ടീമിനെ 200 കടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now