
ഇന്നലെ ജഡേജ വട്ടം കറക്കി, ഇന്ന് കുല്‍ദീപ്; പരമ്പരയില്‍ ആദ്യമായി 200 കടന്ന് വിന്‍ഡീസ്, 8 വിക്കറ്റുകള്‍ വീണു
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസിന്റെ അതിജീവന ശ്രമം

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അതിജീവന ശ്രമം. മൂന്നാം ദിനമായ ഇന്ന് പര്യടനത്തില്‍ ആദ്യമായി വിന്‍ഡീസ് സ്കോര്‍ 200 കടന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ മുന്നില്‍ വച്ച 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സ് മറികടക്കാനിറങ്ങിയ വിന്‍ഡീസിന് 8 വിക്കറ്റുകള്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയില്‍. ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ അവര്‍ക്ക് ഇനി 301 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് 2 വിക്കറ്റുകള്‍ മാത്രം. 9ാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ബാറ്റിങ് തുടരുന്ന ഖെരി പിയറെ (19), ആന്ഡേഴ്സന് ഫിലിപ് (19) സഖ്യമാണ് ടീമിനെ ഈ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്.
4 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ കരീബിയന്‍ സംഘത്തിനു ഇന്ന് തുടരെ നാല് വിക്കറ്റുകള്‍ കൂടി കൈമോശം വന്നു. ഇന്നലെ ജഡേജയുടെ സ്പിന്‍ അവരെ കറക്കിയെങ്കില്‍ ഇന്ന് കുല്‍ദീപ് യാദവാണ് അവരെ വെട്ടിലാക്കിയത്. രണ്ടാം ദിനം വിന്‍ഡീസിനു നഷ്ടമായ നാലില്‍ 3 വിക്കറ്റുകളും ജഡേജ സ്വന്തമാക്കി. ഇന്നലെ കുല്‍ദീപ് ഒരു വിക്കറ്റെടുത്തിരുന്നു. ഇതോടെ താരത്തിന്റെ ആകെ വിക്കറ്റ് നേട്ടം നാലായി.
ഇന്നലെ ക്രീസില്‍ ഉറച്ചു നിന്നു പൊരുതിയ ഷായ് ഹോപിനെയാണ് സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് 5 റണ്‍സ് കൂടി ചേര്‍ത്ത് 36 റണ്‍സുമായി ഷായ് ഹോപ് മടങ്ങി. കുല്‍ദീപ് യാദവ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ദിനം ഹോപിനൊപ്പം പൊരുതി നിന്ന ടെവിന്‍ ഇംമ്ലാചാണ് പിന്നാലെ മടങ്ങിയത്. താരത്തെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. രണ്ടാം ദിനത്തിലെ സ്വന്തം സ്കോറിലേക്ക് 7 റണ്‍സ് ചേര്‍ത്താണ് ഇംമ്ലാചിന്റെ മടക്കം. ഇംമ്ലാച് 21 റണ്‍സെടുത്തു. മികച്ച രീതിയില്‍ തുടങ്ങിയ ജസ്റ്റിന് ഗ്രീവ്സാണ് മൂന്നാം ദിനം മൂന്നാമത് മടങ്ങിയത്. താരത്തേയും കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ഗ്രീവ്സ് 17 റണ്‍സെടുത്തു. പിന്നാലെ എത്തിയ ജോമല്‍ വാറിക്കനെ 1 റണ്ണില്‍ നില്‍ക്കെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി വിന്‍ഡീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ജോണ്‍ കാംപെല്‍ (10), ടാഗ്നരെയ്ന് ചന്ദര്‍പോള്‍ (34), അലിക്ക് ആതന്‍സ് (41), റോസ്റ്റന്‍ ചെയ്സ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഒന്നാം ടെസ്റ്റിനെ അപേക്ഷിച്ച് വിന്‍ഡീസ് ബാറ്റര്‍മാര്‍ ഇത്തവണ കുറച്ചുകൂടി പിടിച്ചു നില്ക്കാന് ശ്രമിച്ചു എന്നത് മാറ്റി നിര്‍ത്തിയാല്‍ അവരുടെ ബാറ്റിങില്‍ പോസിറ്റീവായി മറ്റൊന്നുമില്ല.
5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്ശന് നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.
ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സിനാണ്. യശസ്വി ജയ്സ്വാള്‍ റണ്ണൗട്ടായി.
2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്ശന് (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.
ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്സിനുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.
പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്സും സഹിതം 43 റണ്‍സുമായി മടങ്ങി.
ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
India vs West Indies: India dominate the morning session on Day 3. Kuldeep Yadav brings about his skills and dents the Windies batting line-up once again.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




