ലോര്‍ഡ്‌സില്‍ ഏഴ് വര്‍ഷത്തിന് ശേഷം വിജയക്കൊടി പാറിച്ച് ഇന്ത്യ; 151 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു

രണ്ടാം ഇന്നിങ്‌സിലും 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് സമനില പ്രതീക്ഷകള്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് തട്ടിയകറ്റിയത്

ലോര്‍ഡ്‌സിലെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കോഹ് ലിയും സംഘവും/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
Last Updated :20 January 2024, 8:47 am IST
Edited by :migrator

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 151 റണ്‍സിന്റെ ജയവുമായി ഇന്ത്യ. അഞ്ചാം ദിനം ഇന്ത്യ മുന്‍പില്‍ വെച്ച 272 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 120 റണ്‍സിന് പുറത്തായി. ലോര്‍ഡ്‌സില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റ് ജയം.

രണ്ടാം ഇന്നിങ്‌സിലും 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് സമനില പ്രതീക്ഷകള്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് തട്ടിയകറ്റിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാരെ സംപൂജ്യരാക്കി മടക്കിബൂമ്രയും ഷമിയും കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് അനുകൂലമാക്കി. പിന്നാലെ ഹമീദിനെ ഇശാന്ത് ശര്‍മയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് 44-3ലേക്ക് വീണു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ മടക്കാനായതാണ് കളി ഇന്ത്യയുടെ വരുതിയിലാക്കാന്‍ സഹായിച്ചത്. 

33 റണ്‍സ് എടുത്ത് നില്‍ക്കെ റൂട്ടിനെ ബൂമ്ര മടക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 391 എന്ന സ്‌കോറിലേക്ക് എത്തിച്ചത് റൂട്ടിന്റെ സെഞ്ചുറിയായിരുന്നു. റൂട്ട് മടങ്ങിയതിന് ശേഷം ബട്ട്‌ലറും മൊയിന്‍ അലിയും കൂട്ടുകെട്ട് ഉയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറജിന് മറ്റ് പ്ലാനുകള്‍ ഉണ്ടായിരുന്നു. 

ബട്ട്‌ലര്‍, മൊയിന്‍ അലി, സാം കറാന്‍ എന്നിവരെ ബൂമ്ര മടക്കിയതോടെ ഇന്ത്യ ലോര്‍ഡ്‌സില്‍ ചരിത്ര ജയത്തിലേക്ക് എത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. പൂജാരയും രഹാനെയും മടങ്ങിയതിന് ശേഷം അര്‍ധ ശതകം നേടിയ മുഹമ്മദ് ഷമിയുടേയും 34 റണ്‍സ് നേടിയ ബൂമ്രയുടേയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് 271 എന്ന ലീഡ് കണ്ടെത്താന്‍ സഹായകമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now