'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി, സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്

CJP Protest
ബം​ഗളൂരുവിലെ സിജെപി പ്രതിഷേധം Source by : പിടിഐ
Last Updated :8 October 2026, 3:23 pm IST
Guest Author :Jayakumar

ബംഗളൂരു: എസ്‌ഐആര്‍, വോട്ടര്‍ പട്ടിക ക്രമക്കേടുകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബം​ഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാഠി, സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയവര്‍ ഫ്രീഡം പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഫ്രീഡം പാര്‍ക്കില്‍ തടിച്ചു കൂടിയത്. വോട്ടുകള്‍ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ലെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറും സംഖ്യ മാത്രമായി കാണാനാവില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞു.

എസ്ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഒട്ടും ഉണ്ടായിരുന്നില്ല എന്ന് ധ്രുവ് റാഠി ആരോപിച്ചു. ഭരണകൂടത്തെ മാറ്റാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഐആറിലൂടെ വോട്ടുമോഷണമാണ് നടത്തിയതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി. ​ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ ഞങ്ങൾ തെരുവിലിറങ്ങുകയും, ജനാധിപത്യം വീണ്ടെടുക്കുകയും സമരം തുടരുകയും ചെയ്യുമെന്നും ദീപ്കെ പറഞ്ഞു.

കര്‍ണാടകയിലെ SIR നടപടികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു 'ജനകീയ ട്രൈബ്യൂണല്‍' (people's tribunal) എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'Error 404 - Name Not Found' (പേര് കണ്ടെത്താനായില്ല), 'It's done bro, resign sir , 'Don't erase us, hear su തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. 'ഏകാധിപത്യം അനുവദിക്കില്ല', 'വോട്ട് മോഷണം', 'ഗ്യാനേഷ് കുമാര്‍ കസേര ഒഴിയൂ' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും, 'Grand Theft Democracy' എന്ന മുദ്രാവാക്യമുള്ള പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു. എസ്‌ഐആര്‍ റദ്ദാക്കണമെന്നും, ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജനകീയ വിചാരണ പ്രതിഷേധത്തിന് ശേഷം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ചെരുപ്പ് പ്രതിഷേധം' നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രതിഷേധ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിജെപി ഒക്ടോബര്‍ 10 ന് ഡല്‍ഹി ജന്തര്‍ മന്തറിലും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധത്തില്‍ അണി ചേരുമെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു.

News Now

Summary

Bengaluru CJP protest: Prakash Raj, Dhruv Rathee join Dipke, demand CEC's resignation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates