ഷമിയെ ചേര്‍ത്തു പിടിച്ചു, ഇന്ത്യന്‍ താരങ്ങളെ ഡ്രസിങ് റൂമിലെത്തി ആശ്വസിപ്പിച്ച് മോദി 

മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം നേടിയാണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ചൂടിയത്. 

മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും എക്‌സില്‍ പങ്കുവെച്ച ചിത്രം
Last Updated :22 January 2024, 7:49 pm IST
Edited by :migrator

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഡ്രസിംഗ് റൂമിലെത്തി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മോദി ആശ്വസിപ്പിക്കുന്ന  ചിത്രങ്ങള്‍  മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും എക്‌സില്‍ പങ്കുവെച്ചു.

മോദി കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഷമി എക്‌സില്‍ പങ്കുവച്ചത്.  ''നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരും.'' ഷമി കുറിച്ചിട്ടു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു. 24 വിക്കറ്റുകളുമായിട്ടാണ് ഷമി ഒന്നാമനായത്. 

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ടിമിന്റെ ഡ്രസ്സിങ് റൂം സന്ദര്‍ശിച്ചതിന്റെ ചിത്രം രവീന്ദ്ര ജഡേജയും പങ്കിട്ടു. ഡ്രസ്സിങ് റൂമിലെത്തിയ മോദിയുടെ ചിത്രം ജഡേജ തന്റെ എക്‌സ് പേജിലാണ് പങ്കുവെച്ചത്. താരങ്ങള്‍ക്ക് പ്രചോദനമായ നിമിഷമെന്നാണ് മോദിയുമായുള്ള കൂടികാഴ്ചയെ കുറിച്ച് ജഡേജ പറഞ്ഞത്. '' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രചോദനം നല്‍കുന്നതാണ്. ഞങ്ങള്‍ക്ക് മഹത്തായ ഒരു ടൂര്‍ണമെന്റുണ്ടായിരുന്നു. എന്നാല്‍ അതവസാനിച്ചു, ഇപ്പോള്‍ ഞങ്ങളുടെ ഹൃദയം നുറുങ്ങുകയാണ്, എന്നാല്‍ ഞങ്ങള്‍ക്കുള്ള ജനങ്ങളുടെ പിന്തുണ തുടരുകയാണ്'' ജഡേജ കുറിച്ചു. 

കലാശപ്പോരില്‍ ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം കാണാന്‍ മോദിയും എത്തിയിരുന്നു. സമ്മാന ദാന ചടങ്ങില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് മോദിയാണ് ലോകകപ്പ് ട്രോഫി സമ്മാനിച്ചത്. ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി റിച്ചാര്‍ഡ് മേര്‍ളിയും ചടങ്ങിനുണ്ടായിരുന്നു. മത്സരത്തിലേക്ക് വന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് അല്‍പമെങ്കിലും ആശ്വസിക്കാനുണ്ടായത്. മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം നേടിയാണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം ചൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now