ഫോര്‍ത്ത് അംപയറെ തെറി വിളിച്ചു; പൊള്ളാര്‍ഡിന് പിഴ ശിക്ഷ

പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനിടെയാണ് പൊള്ളാര്‍ഡിന്റെ മോശം പെരുമാറ്റം

Mumbai Indians batting coach Kieron Pollard during a training session
Kieron Pollardpti
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :15 മേയ് 2026, 1:47 pm IST

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനിടെ അച്ചടക്ക ലംഘനം നടത്തിയതിനു മുംബൈ ഇന്ത്യന്‍ ബാറ്റിങ് കോച്ച് കെയ്‌റോണ്‍ പൊള്ളാര്‍ഡിന് ശിക്ഷ. ഫോര്‍ത്ത് അംപയര്‍ക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിനു പൊള്ളാര്‍ഡിനു പിഴ ശിക്ഷ ചുമത്തി.

മാച്ച് ഫീസിന്റെ 15 ശതമാനം പൊള്ളാര്‍ഡ് പിഴയൊടുക്കണം. ഒരു ഡിമെറിന്റ് പോയിന്റും താരത്തിനു ശിക്ഷയുണ്ട്. ഐപിഎല്‍  കോഡ് ഓഫ് കണ്ടന്റ് ആര്‍ട്ടിക്കിള്‍ 2.3ന്റെ ലംഘനമാണ് കണ്ടെത്തിയത്.

മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ 19ാം ഓവറിലാണ് സംഭവം. കുറ്റം പൊള്ളാര്‍ഡ് സമ്മതിച്ചതോടെയാണ് താരത്തിനു 15 ശതമാനം പിഴ ചുമത്തിയത്.

മത്സരത്തില്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയാണ് മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് അവരെ ആറ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.5 ഓവറില്‍ 205 റണ്‍സ് അടിച്ച് ജയം തൊട്ടു.

മത്സരത്തില്‍ 201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി തിലക് വര്‍മ നിര്‍ണായക ബാറ്റിങുമായി കളം വാണു. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ക്രീസിലെത്തിയവരില്‍ നമാന്‍ ധിര്‍ (9) ഒഴികെയുള്ളവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തതോടെയാണ് മുംബൈ ഒരു പന്ത് ശേഷിക്കെ ജയം സ്വന്തമാക്കിയത്.

തിലക് 33 പന്തില്‍ 6 വീതം സിക്സും ഫോറും സഹിതം 75 റണ്‍സെടുത്തു. രോഹിത് ശര്‍മ (25), റിയാന്‍ റിക്കല്‍ടന്‍ എന്നിവര്‍ ചേര്‍ന്നു മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. റിക്കല്‍ടനായിരുന്നു കത്തിക്കയറിയത്. താരം 4 വീതം സിക്സും ഫോറും സഹിതം 23 പന്തില്‍ 48 റണ്‍സ് വാരി.

News Now

Summary

IPL 2026: MIs batting coach Kieron Pollard penalised by BCCI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates