ഇതിലും നല്ല റണ്ണൗട്ട് അവസരം ഇനി കിട്ടില്ല! ഇഷാൻ കിഷന്റെ 'ആന മണ്ടത്തരം'

ഇഷാൻ കിഷൻ നഷ്ടപ്പെടുത്തിയ റണ്ണൗട്ട് അവസരത്തിന്റെ വിഡിയോ വൈറൽ

Ishan Kishan
Ishan Kishan
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :26 ജൂലൈ 2026, 10:35 am IST

ഹരാരെ: സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ ഇഷാൻ കിഷൻ നഷ്ടപ്പെടുത്തിയ ഒരു റണ്ണൗട്ട് അവസരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. രണ്ടാം പോരിൽ ഇന്ത്യക്ക് 219 റൺസ് സമ്മാനിക്കുന്നതിൽ നിർണായകമായത് ഇഷാന്റെ കിടിലൻ ബാറ്റിങാണ്. എന്നാൽ കീപ്പിങിനിടെയാണ് താരത്തിന്റെ വൻ അബദ്ധം. മത്സരത്തിൽ ന്യൂമാൻ ന്യാൻമുരിയെ പുറത്താക്കാനുള്ള സുവർണാവസരമാണ് താരത്തിന്റെ അശ്രദ്ധയിൽ ഇല്ലാതായത്.

ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് സിംബാബ്‍വെ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. തദിവാൻഷെ മറുമാനിയായിരുന്നു ന്യാൻമുരിയ്ക്കൊപ്പം ക്രീസിൽ. താരം ഒരു ഷോട്ടെടുത്ത് സിം​ഗിൾ ഓടി. രണ്ടാം റണ്ണിനായി ന്യാൻമുരി തിരിഞ്ഞോടിയെങ്കിലും മറുമാനി നോൺ സ്ട്രൈക്കർ എൻഡിൽ നിന്നു തിരിച്ചോടിയില്ല.

അതിനിടെയാണ് ഇഷാൻ കിഷന് പന്ത് കിട്ടുന്നത്. ഈ സമയത്ത് ന്യാൻമുരി ക്രീസിലെത്തിയിരുന്നില്ല. ഇഷാന് പന്ത് കൈയിൽ വച്ച് അനായാസം ബെയ്ൽസോ സ്റ്റംപോ തട്ടമായിരുന്നു. എന്നാൽ പന്ത് കൈയിൽ വച്ച് ഇഷാൻ മറ്റെവിടെയോ നോക്കി അലക്ഷ്യമായി സ്റ്റംപിനു നേർക്ക് എറിയുകയായിരുന്നു. ഈ സമയത്ത് ന്യാൻമുരി ക്രീസിന്റെ സമീപത്തൊന്നും എത്തിയിരുന്നില്ല. ഇഷാൻ എറിഞ്ഞ പന്ത് ബെയ്‍ൽസിലോ സ്റ്റംപിലോ കൊള്ളാതെ പുറത്തു പോയി.

പിന്നാലെയാണ് താരം ന്യാൻമുരി ക്രീസിലെത്തിയില്ലെന്ന കാര്യം ശ്രദ്ധിച്ചത്. അബദ്ധം മനസിലായതോടെ താരം തലയിൽ കൈവച്ച് നിന്നു. അതിനിട ന്യാൻമുരി അനായാസം ക്രീസിലെത്തുകയും ചെയ്തു. സംഭവം ഇന്ത്യയുടെ ഫലത്തിൽ നിർണായകമായില്ലെങ്കിലും ഇതിന്റെ വിഡിയോ അതിവേ​ഗമാണ് വൈറലായത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ 90 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ പരമ്പര ഉറപ്പിച്ചു. പുതിയ ടി20 നായകനായി സ്ഥാനമേറ്റ ശേഷം ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ നേടുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. നേരത്തെ ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ പരമ്പര ഇന്ത്യ സമ്പൂർണമായി പരാജയപ്പെട്ടിരുന്നു.

രണ്ടാം പോരിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന മികച്ച സ്‌കോറുയർത്തി. സിംബാബ്‌വെയുടെ പോരാട്ടം വെറും 17.5 ഓവറിൽ 129 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും ഉറപ്പിച്ചത്. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇഷാൻ കിഷൻ, തിലക് വർമ എന്നിവരുടെ അർധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ മികച്ച ലക്ഷ്യം മുന്നിൽ വച്ചത്. ഓപ്പണർ അഭിഷേക് ശർമ വീണ്ടും പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ കന്നി അന്താരാഷ്ട്ര അർധ സെഞ്ച്വറി നേടിയ വണ്ടർ കിഡ് ഓപ്പണർ വൈഭവ് സൂര്യവംശി 9 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തു പുറത്തായി. അഭിഷേക് 8 റൺസുമായി മടങ്ങി. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യരേയും പിന്നാലെ തിലക് വർമയേയും കൂട്ടുപിടിച്ച് ഇഷാൻ പോരാട്ടം സിംബാബ്വെ ക്യാംപിലേക്ക് നയിക്കുകയായിരുന്നു.

ഇഷാനാണ് ടോപ് സ്‌കോറർ. താരം 44 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 81 റൺസെടുത്തു. തിലക് 29 പന്തിൽ 5 ഫോറും 3 സിക്സും തൂക്കി 60 റൺസുമായി പുറത്താകാതെ നിന്നു.

News Now

Summary

Ishan Kishan comical run-out miss behind the stumps that had social media buzzing long after the final ball

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates