വ്യാജ കരാർ കാണിച്ച് ലക്ഷങ്ങൾ തട്ടി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെട്ടിൽ; എഫ്ഐആർ

കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്

Transport Contract Fraud Case
rajesh chauhan, Transport Contract Fraud Casex
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 ജൂലൈ 2026, 6:40 pm IST

ലഖ്നൗ: ഉരുക്കു കമ്പനിയിൽ ട്രാൻസ്പോർട്ട് കരാർ വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ​ഗാസിയാബാദിലെ മോഹൻ ന​ഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാദേശിക കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടിയെന്നു പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 316 (2) പ്രകാരം വിശ്വാസ വഞ്ചനയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും പൊലീസ് വ്യക്തമാക്കി.

കരാർ നൽകാമെന്നു പറഞ്ഞ് രാജേഷ് ചൗഹാൻ തന്റെ കൈയിൽ നിന്നു 15 ലക്ഷം രൂപ കൈപ്പറ്റി കബളിപ്പിച്ചെന്നു കാണിച്ച് ദിൻകർ വിശ്വാമിത്ര എന്നയാളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഹർജി പരി​ഗണിച്ച് ജുഡീഷ്യൽ‌ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഐശ്വര്യ ദിവാൻ ആണ് രാജേഷ് ചൗഹാനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

എന്നാൽ വിഷയം ബിസിനസ് തർക്കം മാത്രമാണെന്നാണ് രാജേഷ് ചൗഹാൻ പറയുന്നത്. പരാതിക്കാരന് കുറച്ചു തുക താൻ മടക്കി നൽകിയിട്ടുണ്ടെന്നും ബാക്കി തുക തിരികെ നൽകാൻ സാധിക്കാഞ്ഞത് വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കാരണമാണെന്നും രാജേഷ് ചൗഹാൻ വ്യക്തമാക്കി.

പ്രമുഖ വ്യവസായികളുമായി ബന്ധമുള്ള മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്നാണ് പരാതിക്കാരനായ ​ദിൻകർ വിശ്വാമിത്രയ്ക്കു മുന്നിൽ രാജേഷ് ചൗഹാൻ സ്വയം പരിചയപ്പെടുത്തിയത്. ഒഡിഷയിലെ കേന്ദുഝാർ ജില്ലയിലെ ജിൻഡാൽ സ്റ്റീലിൽ നിന്നു ഇരുമ്പയിരും ഇരുമ്പ് കട്ടകളും കൊണ്ടുപോകുന്നതിനുള്ള കരാർ തന്റെ ഉടമസ്ഥതയിലുള്ള ​ഗോവിന്ദ് ട്രാൻസ്പോർട്ട് കമ്പനിക്ക് ലഭിച്ചതായി രാജേഷ് ചൗഹാൻ ദിൻകറിനോടു വ്യക്തമാക്കി. പിന്നാലെ ട്രാൻസ്പോർട്ട് ബിസിനസിൽ പങ്കാളിയാകാനും നിർബന്ധിച്ചു. ട്രക്കുകൾ ഇത്തരത്തിൽ ഇറക്കിയാൽ വൻ ലാഭം ലഭിക്കുമെന്നു വാ​ഗ്ദാനം ചെയ്താണ് രാജേഷ് ചൗഹാൻ തന്റെ കൈയിൽ നിന്നു 15 ലക്ഷം നിക്ഷേപം കൈപ്പറ്റിയതെന്നു പരാതിയിൽ പറയുന്നു.

​ഗോവിന്ദ് ട്രാൻസ്പോർട്ട് കമ്പനിയുടെ പേരിൽ ജിൻഡാൽ സ്റ്റീൽ നൽകിയതെന്നു അവകാശപ്പെടുന്ന വർക്ക് ഓർഡറുകളും രേഖകളും ചൗഹാൻ, തന്നെ കാണിച്ചു. ഇത് വ്യാജമല്ലെന്നു താൻ വിശ്വസിച്ചെന്നും 2021 ജൂലൈ 30നു ചൗഹാനുമായി താൻ കരാർ ഒപ്പിട്ടെന്നും ചെക്ക് വഴി 2.51 ലക്ഷം രൂപ നൽകിയെന്നും ദിൻകർ പരാതിയിൽ വ്യക്തമാക്കി. പിന്നീട് ബിസിനസ് ആവശ്യങ്ങൾക്കെന്നു പറഞ്ഞതനുസരിച്ച് ​ഗോവിന്ദ് ട്രാൻസ്പോർട്ട് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ​ഗഡുക്കളായി 15.01 ലക്ഷം രൂപ കൈമാറിയെന്നും ഇയാൾ പരാതിയിൽ പറയുന്നു.

അതിനു ശേഷം ചൗഹാനിൽ നിന്നു തൃപ്തികരമായ മറുപടികളൊന്നും ലഭിക്കാതെ വന്നതോടെ ദിനകർ നേരിട്ട് ജിൻഡാൽ സ്റ്റീൽ ലിമിറ്റഡുമായി ബന്ധപ്പെട്ടു. എന്നാൽ ചൗഹാനോ അദ്ദേഹത്തിന്റെ കമ്പനിക്കോ ജിൻഡാൽ സ്റ്റീൽ യാതൊരുവിധ കരാറും നൽകിയിട്ടില്ലെന്നു അവർ കൈമലർത്തി. ഇതോടെയാണ് പണം നഷ്ടമായെന്നു താൻ തിരിച്ചറിഞ്ഞത്. ചൗഹാൻ കാണിച്ച രേഖകൾ വ്യാജമാണെന്നു പരാതിക്കാരൻ ആരോപിക്കുന്നു.

തുടക്കത്തിൽ മോഹൻ ന​ഗർ പൊലീസ് സ്റ്റേഷനിലും പിന്നീട് ദുർ​ഗ് പൊലീസ് സൂപ്രണ്ടിനും രേഖാമൂലം പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും ഇതോടെയാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരൻ ആരോപിച്ചു. ദിൻകറിന്റെ അപേക്ഷയും ​ഹാജരാക്കിയ രേഖകളും പരിശോധിച്ച കോടതി ​ഗൗരവമേറിയ കുറ്റകൃത്യം നടന്നതായി പ്രാഥമിക തെളിവുകൾ വ്യക്തമാക്കുന്നുണ്ടെന്നും പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും നിരീക്ഷിച്ചു. രാജേഷ് ചൗഹാൻ പരാതിക്കാരനെ വഞ്ചിച്ച് പണം തട്ടിയെടുത്തെന്നു സൂചിപ്പിക്കുന്ന പ്രാഥമിക തെളിവുകൾ ഉണ്ടെന്നും ഇത് പൊലീസ് അന്വേഷണം അർഹിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

News Now

Summary

Transport Contract Fraud Case was registered at Mohan Nagar police station on Friday on the directions of a local court under Section 316(2) (criminal breach of trust) BNS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates