'അത് സച്ചിന്‍ അല്ല!'; ഏറെ ബുദ്ധിമുട്ടിച്ച ബാറ്ററെക്കുറിച്ച് ഇതിഹാസ പേസര്‍ ആന്‍ഡേഴ്‌സന്‍

ഒരു കാലത്ത് സച്ചിന്‍- ആന്‍ഡേഴ്‌സന്‍ പോരാട്ടമായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ഹൈലൈറ്റ്

 James Anderson and sachin
ജെയിംസ് ആൻഡേഴ്സനും സച്ചിനും (James Anderson)X
Edited by :renjith.k
Last Updated :16 ജൂൺ 2025, 6:44 pm IST

ലണ്ടന്‍: പന്തെറിയുമ്പോള്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബാറ്റര്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അല്ലെന്നു ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ (James Anderson). സച്ചിനേക്കാള്‍ തന്നെ ബുദ്ധിമുട്ടിച്ച ബാറ്റര്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആണെന്നും ആന്‍ഡേഴ്‌സന്‍.

'സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ ബുദ്ധിമുട്ട് തോന്നിയത് കോഹ്‌ലിക്കെതിരെ പന്തെറിയുന്നതാണ്'- ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി. ക്രീസില്‍ കോഹ്‌ലി സ്ഥാപിക്കുന്ന തീവ്രതയും വെല്ലുവിളികളും അടിവരയിട്ടാണ് ആന്‍ഡേഴ്‌സന്റെ വിലയിരുത്തല്‍.

ആധുനിക ടെസ്റ്റ് പോരാട്ടങ്ങളിൽ ഫാബ് ഫോർ എന്നറിയപ്പെട്ട താരങ്ങളാണ് ഇന്ത്യയുടെ വിരാട് കോഹ്‍ലി, ന്യൂസിലൻഡിന്റെ കെയ്ൻ വില്ല്യംസൻ, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇം​ഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവർ. ഈ നാല് പേരെ എടുത്താലും കോഹ‍്ലിക്കെതിരെ പന്തെറിയുകയായിരുന്നു ശ്രമകരമെന്നും ആൻഡേഴ്സൻ.

ഒരു കാലത്ത് സച്ചിന്‍- ആന്‍ഡേഴ്‌സന്‍ പോരാട്ടമായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ഹൈലൈറ്റ്. സമീപ കാലത്ത് കോഹ്‌ലി- ആന്‍ഡേഴ്‌സന്‍ പോരാട്ടങ്ങളാണ് ശ്രദ്ധേയമായത്.

ആന്‍ഡേഴ്‌സനെതിരെ 36 ഇന്നിങ്‌സുകളാണ് കോഹ്‌ലി കളിച്ചത്. 305 റണ്‍സുകളും നേടി. 43.57 ആണ് ആന്‍ഡേഴ്‌സനെതിരെ കോഹ്‌ലിയുടെ ആവറേജ്. കോഹ്‌ലിയെ ഏഴ് തവണയാണ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. ഇരുവരും തമ്മില്‍ കളത്തില്‍ എതിരാളികളായിരുന്നെങ്കിലും പരസ്പരം വളരെ ബഹുമാനിച്ച താരങ്ങളായിരുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിനു തൊട്ടുമുന്‍പാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 122 ടെസ്റ്റുകളില്‍ നിന്നു 9,230 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ടെസ്റ്റില്‍ 10000 റണ്‍സെന്ന മാജിക്കല്‍ നമ്പറിലേക്ക് താരത്തിനു 770 റണ്‍സ് കൂടി മതിയായിരുന്നു. ആ നാഴികക്കല്ല് താണ്ടാനൊന്നും നില്‍ക്കാതെയാണ് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ ലോങ് ഫോര്‍മാറ്റ് മതിയാക്കിയത്.

News Now