ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറി; തകര്‍ത്തടിച്ച് സഞ്ജു, ഹെറ്റ്‌മെയര്‍; മുംബൈയ്ക്ക് മുന്നില്‍ 194 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍

സ്‌കോര്‍ 200 കടത്താന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ പത്ത് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നിലംപൊത്തിയത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:59 am IST

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 194 റണ്‍സ് വിജയ ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് കണ്ടെത്തിയത്. 

സ്‌കോര്‍ 200 കടത്താന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ പത്ത് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നിലംപൊത്തിയത്. 

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. 68 പന്തുകള്‍ നേരിട്ട് 11 ഫോറുകളും അഞ്ച് സിക്‌സും സഹിതം 100 റണ്‍സാണ് ബട്‌ലര്‍ കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബട്‌ലറിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഐപിഎല്ലില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയുമാണിത്. 

രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. അധികം വൈകാതെ ദേവ്ദത്ത് പടിക്കലും മടങ്ങി. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണും നാലാം വിക്കറ്റില്‍ ബട്‌ലര്‍ക്ക് കൂട്ടായി എത്തിയ ഹെറ്റ്‌മെയറും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുതിച്ചു. 

ബട്‌ലര്‍- സഞ്ജു സഖ്യം 82 റണ്‍സും ബട്‌ലര്‍- ഹെറ്റ്‌മെയര്‍ സഖ്യം 53 റണ്‍സും ബോര്‍ഡില്‍ ചേര്‍ത്തു. സഞ്ജു 21 പന്തുകള്‍ നേരിട്ട് ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 30 റണ്‍സ് കണ്ടെത്തി. ഹെറ്റ്‌മെയര്‍ 14 പന്തില്‍ മൂന്ന് വിതം സിക്‌സും ഫോറും സഹിതം 35 റണ്‍സ് വാരി. 

മുംബൈ ഇന്ത്യന്‍സിനായി ജസ്പ്രിത് ബുമ്‌റ, ടൈമല്‍ മില്‍സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ തിളങ്ങിയ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് തിളങ്ങാന്‍ സാധിക്കാതെ പോയി. ഒരോവര്‍ മാത്രം എറിഞ്ഞ ബേസില്‍ 26 റണ്‍സ് വഴങ്ങി.

ഈ വാർത്ത വായിക്കാം

News Now