
'ലേഖയെ മനസ്സിലാക്കിയവര് ഒരിക്കലും ഇത്തരം മെസേജുകള് ഇടില്ല'

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ചലച്ചിത്ര പ്രവര്ത്തക ലേഖ അംബുജാക്ഷന്റെ മരണാനന്തര ചടങ്ങുകളുടേയും മറ്റും ചിത്രങ്ങളും റീലുകളും സോഷ്യല് മീഡിയയില് പങ്കുവെക്കുന്നതിന് നേരിട്ട വിമര്ശനങ്ങള്ക്ക് മറുപടിയുമായി ഭര്ത്താവ് അംബുജാക്ഷന്. ലേഖയുടെ ഓര്മകള്ക്ക് വേണ്ടിയാണ് ഈ വിഡിയോകളിടുന്നതെന്നും ഇഷ്ടമില്ലാത്തവര്ക്ക് തന്നെ അണ്ഫ്രണ്ട് ചെയ്ത് പോകാമെന്നും അംബുജാക്ഷന് പറയുന്നു. കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''നൂറുകണക്കിന് സുഹൃത്തുക്കള് വിളിക്കുന്നുണ്ട്.. അതുകൊണ്ടാണ് എന്റെ മുത്തിന്റെ സ്നേഹിതര്ക്കുവേണ്ടി ഞാന് ഈ വീഡിയോ ഇടുന്നത്. ആര്ക്കെങ്കിലും ഇഷ്ടമില്ലെങ്കില് മാറിനില്ക്കാം... ഞാന് മാപ്പ് പറയുന്നു. ക്യാന്സറിന്റെ വേദനയില് കഴിയുമ്പോള് പോലും ലേഖയെ തെറിപറഞ്ഞ ഒരുപാട് പേരുണ്ട്. അവരോടൊന്നും എനിക്ക് ഒന്നും പറയാനില്ല... കാരണം, അവര്ക്കുള്ള മറുപടി എന്റെ മുത്ത് തന്നെ കൊടുത്തതാണ്. ഇന്ന് അവള് ഇവിടെ ഇല്ല. പക്ഷേ അവളുടെ വാക്കുകളും, അവളുടെ സ്നേഹവും, അവളുടെ ധൈര്യവും എന്റെ കൂടെയുണ്ട്.
എന്റെ മുത്തിനെ സ്നേഹിച്ചവര്ക്കും, അവള്ക്കുവേണ്ടി പ്രാര്ത്ഥിച്ചവര്ക്കും, ഇന്നും അവളുടെ ഓര്മ്മകളെ നെഞ്ചിലേറ്റി നടക്കുന്ന ഓരോരുത്തര്ക്കും നന്ദി. ഇത് എന്റെ ഭാര്യയുടെ ഭാഷയാണ്.. അവളുടെ ഓര്മ്മകള്ക്കുവേണ്ടിയാണ് ഞാന് ഇത് പങ്കുവയ്ക്കുന്നത്. ഇഷ്ടമില്ലാത്തവര് ദയവായി എന്നെ അണ്ഫ്രണ്ട് ചെയ്ത് പോയിക്കോളൂ. എനിക്ക് ആരോടും വിരോധമില്ല... എന്റെ മുത്തിന്റെ ഓര്മ്മകളെ സംരക്ഷിക്കുക മാത്രമാണ് ഇനി എന്റെ ജീവിതം. സോറി. ഇത് എന്റെ ലേഖയുടെ ഭാഷയാണ്. എന്റെ മുത്തിന്റെ ഭാഷ'' എന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ മറ്റൊരു കുറിപ്പും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
''ലേഖയെ മനസ്സിലാക്കിയവര് ഒരിക്കലും ഇത്തരം മെസേജുകള് ഇടില്ല. അവള് വേദനയില് പുളഞ്ഞുനില്ക്കുമ്പോള്, ഞാന് പോലും അറിയാതെ ഒരിക്കല് ഒരു വീഡിയോ ഇട്ടിരുന്നു. അതിനകത്ത് എന്റെ മുത്തിനെ തകര്ത്ത ഒരുപാട് പേരുണ്ടായിരുന്നു. അതിനൊന്നും ഞാന് മറുപടി പറഞ്ഞതല്ല... അവള് തന്നെയാണ് മറുപടി കൊടുത്തിരുന്നത്. ഒരു കാര്യം നിങ്ങള് ഓര്ക്കണം. തന്റെ ശത്രുക്കള്ക്കുപോലും ക്യാന്സര് വരരുതേ എന്നായിരുന്നു ഞാനും മോളും പ്രാര്ത്ഥിച്ചിരുന്നത്. അതായിരുന്നു എന്റെ ലേഖ.
ഇന്ന് അവള് ബാക്കിവെച്ച ആഗ്രഹങ്ങള് ഓരോന്നായി പൂര്ത്തിയാക്കാന് ഞാന് ഏതറ്റം വരെയും പോകും. കാരണം, അവളുടെ ആഗ്രഹങ്ങള് പൂര്ത്തിയാക്കാതെ ഞാന് പിന്മാറിയാല്, എന്റെ മുത്ത് എന്റെ ഹൃദയത്തില് നിന്ന് എന്നോട് പിണങ്ങും. അത് എന്താണെന്ന് അംബുവിനെയും ലേഖയെയും അറിയുന്നവര്ക്ക് അറിയാം. അവര്ക്ക് ലേഖയെ മനസ്സിലാക്കാന് മറ്റാരുടെയും വാക്കുകള് ആവശ്യമില്ല. ഇന്ന് ഞാന് ചിതാഭസ്മം വാരിക്കൊണ്ട് വന്നതാണ്.. ഞാനും എന്റെ മക്കളും. കൈകളില് എന്റെ മുത്തിന്റെ ചിതാഭസ്മവും, നെഞ്ചില് അവളുടെ ഓര്മ്മകളും, മനസ്സില് അവള് ബാക്കിവെച്ച ആഗ്രഹങ്ങളുമായി. ഓര്ക്കുക... മനുഷ്യജന്മം അങ്ങിനെയാണ്.
ഇന്ന് നമ്മള് ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. നാളെ നമ്മളും ഈ ലോകത്തോട് വിടപറയേണ്ടി വരും. അതിനാല് ആരെയും വിധിക്കരുത്. ആരെയും തകര്ക്കരുത്. കാരണം ഓരോ മനുഷ്യന്റെയും ഉള്ളില് നമ്മള് കാണാത്ത ഒരു വേദനയുണ്ടാകും. എന്റെ ലേഖ... നീ പോയിട്ടില്ല. എന്റെ ഹൃദയത്തില് നീയുണ്ട്. നിന്റെ ആഗ്രഹങ്ങള് പൂര്ത്തിയാകുന്നതുവരെ ഞാന് നിര്ത്തില്ല'' എന്നുമാണ് അദ്ദേഹം പറയുന്നത്.
Summary
Husband of Lekha Ambujakshan replies to criticism for posting her funeral video.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






