ശ്രീജിത്ത് വി നായര്‍ പുതിയ കെസിഎ പ്രസിഡന്റ്; വിനോദ് എസ് കുമാറും ബിനീഷ് കോടിയേരിയും തുടരും

Kerala Cricket Association elects new leadership
ശ്രീജിത്ത് വി. നായര്‍, വിനോദ് എസ്. കുമാര്‍ , ബിനീഷ് കോടിയേരി
Edited by :അമല്‍ ജോയ്
Last Updated :29 ഡിസംബർ 2025, 7:30 pm IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെസിഎ മുന്‍ ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി നായര്‍ ആണ് പുതിയ പ്രസിഡന്റ്. അപെക്‌സ് കൗണ്‍സില്‍ അംഗമായിരുന്ന സതീശന്‍ കെ. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളില്‍ തുടരും. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ ടി അജിത് കുമാര്‍ ആണ് പുതിയ ട്രഷറര്‍. അപെക്‌സ് കൗണ്‍സിലിലേക്കുള്ള ജനറല്‍ ബോഡി പ്രതിനിധിയായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.മുഹമ്മദ് നൗഫല്‍ ചുമതലയേല്‍ക്കും.

കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷത്തെ സമഗ്ര വികസന കര്‍മ്മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിന്റെ കീഴില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുന്ന ഈ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

കായിക മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് സ്‌കീമിന്റെ അടിസ്ഥാനത്തിലും ഭൂനിയമത്തില്‍ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെസിഎ നിര്‍മിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും.എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയര്‍ അമെനിറ്റീസും ഉറപ്പാക്കി ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ സ്‌കീം നിലവില്‍ വരുന്നതോടുകൂടി സര്‍ക്കാരുമായി ചേര്‍ന്ന് കൊച്ചിയില്‍ രാജ്യാന്തര സ്റ്റേഡിയം നിര്‍മിക്കുന്നതിനും തീരുമാനമായി. കൂടാതെ തിരുവനന്തപുരത്തെ സ്പോര്‍ട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയം ദീര്‍ഘകാല പാട്ടത്തിന് എടുക്കുവാനും മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും മറ്റു കായിക ഇനങ്ങള്‍ക്കും വേണ്ടി സജ്ജീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്കാന്‍ സര്‍ക്കാരുമായി തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. വനിതാ ക്രിക്കറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയര്‍ ലീഗ് ഉടന്‍ ആരംഭിക്കും. വനിതാ താരങ്ങള്‍ക്ക് കൃത്യമായ മത്സരവേദികള്‍ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

News Now

Summary

Kerala Cricket Association elects new leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates